ടണ്‍ബ്രിഡ്ജ്‌വെല്‍സിലെ കപിലില്‍ നിന്ന് വാങ്കെഡെയിലെ മാക്‌സ്‌വെല്ലിലേക്ക്...

ക്രിക്കറ്റ് മൈതാനങ്ങള്‍ വിസ്മയ കാഴ്ചകള്‍ സമ്മാനിക്കുന്നതില്‍ ഇക്കാലമത്രയും തെല്ലും പുറകിലായിരുന്നില്ല. കുട്ടിക്രിക്കറ്റിന്റെ ഇന്നത്തെക്കാലത്ത് ബാറ്റര്‍മാരുടെ പകര്‍ന്നാട്ടങ്ങളാണ് പലപ്പോഴും മൈതാനങ്ങളില്‍ ഇത്തരം കാഴ്ചകളൊരുക്കാറ്. ചൊവ്വാഴ്ച മുംബൈയിലെ വാങ്കെഡെ സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയ പതിനായിരക്കണക്കിന് വരുന്ന കാണികള്‍ സാക്ഷികളായത് അവിശ്വസനീയമായ കാഴ്ചകള്‍ക്കായിരുന്നു. അവിടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ ഒരു ക്രിക്കറ്റര്‍ എന്നതിലുപരി ഒരു പോരാളിയുടെ പടച്ചട്ട എടുത്തണിയുകയായിരുന്നു. അഫ്ഗാനിസ്താനെതിരേ പരാജയത്തിന്റെ തൊട്ടരികില്‍ നിന്ന് ഓസീസ് വിജയം പിടിച്ചുവാങ്ങുമ്പോള്‍ യുദ്ധംജയിച്ച പോരാളിയെ പോലെ അയാള്‍ ക്രീസിലുണ്ടായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഇബ്രാഹിം സദ്രാന്റെ സെഞ്ചുറി മികവില്‍ 291 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ അത് ഓസീസിന് അപ്രാപ്യമായ സ്‌കോറായിരിക്കുമെന്ന് ആരും തന്നെ കരുതിയില്ല. പക്ഷേ ഓസീസ് ബാറ്റെടുത്ത് ഇറങ്ങിയപ്പോള്‍ കളിമാറി. ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവവര്‍ ഒന്നിനു പിറകെ ഒന്നായി മടങ്ങിയപ്പോള്‍ സ്‌കോര്‍ 18.3 ഓവറില്‍ ഏഴിന് 91 റണ്‍സ്. ഓസീസ് പരാജയവും അഫ്ഗാന്‍ സെമി പ്രതീക്ഷയും ഉറപ്പിച്ച നിമിഷം. എന്നാല്‍ അവിടെനിന്നും ഒരു ഉയിര്‍പ്പായിരുന്നു. തോല്‍ക്കാന്‍ മനസില്ലാത്തവന്റെ കൈകളും ആ കൈയിലെ കൂക്കാബുറ ബാറ്റും ഒത്തൊരുമിച്ച് പോരാട്ടം തുടങ്ങി. മറുവശത്ത് ക്യാപ്റ്റന്‍ കമ്മിന്‍സിന് ഒരു പ്രതിരോധഭടന്റെ ജോലിയായിരുന്നു. സിക്‌സറുകളും ഫോറുകളും യഥേഷ്ടം മാക്‌സ്‌വെല്ലിന്റെ ബാറ്റില്‍ നിന്നും ഒഴുകിത്തുടങ്ങി.
ഒരുവേള ആ ഇന്നിങ്‌സ് ഇന്ത്യന്‍ കാണികളെ 40 വര്‍ഷം മുമ്പത്തെ ഒരു ലോകകപ്പ് ഇന്നിങ്‌സിലേക്ക് കൊണ്ടുപോയി. 1983 ജൂണ്‍ 18-ന് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ സാക്ഷാല്‍ കപില്‍ദേവിന്റെ എക്കാലത്തെയും മികച്ച ബാറ്റിങ് വിരുന്നുകളിലൊന്നിലേക്ക്. ഇന്ന് ഓസീസിനെക്കാളും മോശം അവസ്ഥയിലായിരുന്നു അന്ന് ഇന്ത്യ. ഇതിഹാസ താരം ഗാവസ്‌ക്കര്‍ അടക്കം പലരും ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന ചോദ്യത്തിന് ഇന്നും നല്‍കുന്ന ഉത്തരം കപിലിന്റെ ആ ഇന്നിങ്‌സായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിര അക്ഷരാര്‍ഥത്തില്‍ ചീട്ടുകൊട്ടാരമായ അവസരത്തില്‍ കപില്‍ ദേവ് എന്ന ഇതിഹാസ നായകന്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ കാഴ്ചവെച്ച ആ അദ്ഭുത ബാറ്റിങ് വിരുന്ന്. ഇന്ന് വാങ്കെഡെയില്‍ മാക്‌സിയുടെ ഇരട്ട സെഞ്ചുറി ഇന്നിങ്‌സിനെ താരതമ്യം ചെയ്യാന്‍ മറ്റേത് ഇന്നിങ്‌സാണുള്ളത്.
നേടിയ റണ്‍സിനെക്കാളും ഷോട്ടുകളെക്കാളും ഈ രണ്ട് ഇന്നിങ്‌സുകളെയും വ്യത്യസ്തമാക്കുന്നത് അത് പിറന്ന സാഹചര്യമാണ്. ടീം തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സുകളായിരുന്നു അവ. ഇതില്‍ കപിലിന്റേത് ഒന്നാം ഇന്നിങ്‌സിലായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. 1983 ലോകകപ്പില്‍ ഗ്രൂപ്പില്‍ വെസ്റ്റിന്‍ഡീസിനെയും സിംബാബ്വെയേയും തകര്‍ത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് പിന്നീട് ഓസ്ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോടും നേരിട്ട തോല്‍വികള്‍ തിരിച്ചടിയായിരിക്കുന്ന സമയം. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഇന്ത്യയുടെ നോക്കൗണ്ട് സാധ്യതകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. അതിനാല്‍ തന്നെ ടൂര്‍ണമെന്റിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ജയിക്കണമെന്നുറച്ചു തന്നെയാണ് ഇന്ത്യ സിംബാബ്വെക്കെതിരേ കളത്തിലിറങ്ങിയത്. സിംബാബ്വെയ്ക്കും മത്സരം നിര്‍ണായകമായിരുന്നു.
ടോസ് നേടിയപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ കപിലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഗാവസ്‌ക്കറും കൃഷ്ണമാചാരി ശ്രീകാന്തും ക്രീസിലേക്ക്. ഇതിനിടെ ചൂടുവെള്ളത്തില്‍ ഒരു കുളി പാസാക്കാന്‍ കപില്‍ കുളിമുറിയില്‍ കയറിയിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ആരും തന്നെ അപകടകരമായ സാഹചര്യമൊന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ പീറ്റര്‍ റോസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗാവസ്‌ക്കര്‍ പുറത്ത്. പിന്നാലെ സംപൂജ്യനായി ശ്രീകാന്തും ഡ്രസ്സിങ് റൂമിലേക്ക്. 20 പന്തുകള്‍ പ്രതിരോധിച്ച് മൊഹീന്ദര്‍ അമര്‍നാഥും (5) 10 പന്തുകളുടെ മാത്രം ആയുസുണ്ടായിരുന്ന സന്ദീപ് പാട്ടീലും (1) മടങ്ങിയതോടെ, ആസ്വദിച്ച് കുളിച്ചിരുന്ന കപില്‍ അതവസാനിപ്പിച്ച് ക്രീസിലേക്ക്. ഇന്ത്യ അപ്പോള്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെന്ന നിലയില്‍. എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 28 പന്തുകള്‍ നീണ്ട ഇന്നിങ്സ് അവസാനിപ്പിച്ച് യശ്പാല്‍ ശര്‍മയും (9) മടങ്ങി. പകുതിപ്പേര്‍ ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് വെറും 17 റണ്‍സ് മാത്രം.
എല്ലാം അവസാനിച്ചുവെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഒന്നടങ്കം ഉറപ്പിച്ചിരുന്നു. ഏഴാമനായി റോജര്‍ ബിന്നി ക്രീസിലേക്ക്. കളിക്കാന്‍ ഇനിയും ധാരാളം പന്തുകളുണ്ട്, ധൃതി വേണ്ടെന്ന ഉപദേശം മാത്രമാണ് ബിന്നിക്ക് കപില്‍ നല്‍കിയത്. മോശം പന്തുകള്‍ മാത്രം കളിച്ച് റിസ്‌ക്കുകള്‍ ഒഴിവാക്കി ആ കൂട്ടുകെട്ട് പതിയെ മുന്നേറി. എന്നാല്‍ സ്‌കോര്‍ 77-ല്‍ എത്തിയപ്പോള്‍ ബിന്നിയെ ട്രൈകോസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 48 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത ബിന്നിയുടെ ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കപിലാകട്ടെ അതുവരെ ഒറ്റ ബൗണ്ടറി പോലും നേടിയില്ല. ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രവി ശാസ്ത്രി കൂടി മടങ്ങിയതോടെ ഇന്ത്യ ഏഴിന് 78 എന്ന പരിതാപ സ്ഥിതിയിലായി.
പിന്നീടാണ് ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ മഹത്തായ ഒരു ഇന്നിങ്‌സിന് അവിടെ തിരശ്ശീല ഉയരുന്നത്. മദന്‍ ലാലിനെ കൂട്ടുപിടിച്ച് സ്‌കോര്‍ 140 വരെയെത്തിച്ചു കപില്‍. തുടര്‍ന്നെത്തിയ സയ്യിദ് കിര്‍മാനി ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് ബാറ്റ് വീശി. 25 ഓവറുകള്‍ക്ക് ശേഷമാണ് കപിലിന്റെ വ്യക്തിഗത സ്‌കോര്‍ 50 കടക്കുന്നത്. അവിടെ നിന്നും അങ്ങോട്ട് 'ഹരിയാണ ഹരിക്കെയ്ന്‍' എന്ന് വിളിപ്പേരുവീണ കപിലിന്റെ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങി. അതുവരെ സിംബാബ്വെ ബൗളര്‍മാരെ ബഹുമാനത്തോടെ നേരിട്ട കപിലിന്റെ ബാറ്റില്‍ നിന്ന് പന്തുകള്‍ ടണ്‍ബ്രിഡ്ജ് വെല്‍സിലെ എല്ലാ ദിക്കുകളിലേക്കും പറന്നു. കാണികള്‍ കപിലിന്റെ ബാറ്റില്‍ നിന്ന് വരുന്ന പന്തുകള്‍ ദേഹത്ത് തട്ടാതിരിക്കാനുള്ള പ്രതിരോധമെല്ലാം സ്വീകരിച്ചു. ചില പന്തുകള്‍ പവലിയന്റെ ഗ്ലാസുകളും തകര്‍ത്തു. ഇതെല്ലാം കണ്ട് ക്യാപ്റ്റന് ഉറച്ച പിന്തുണയുമായി ക്ഷമയുടെ ആള്‍രൂപമായി കിര്‍മാനി ക്രീസിലുണ്ടായിരുന്നു.
ഒരു ക്യാപ്റ്റന്റെ ഇന്നിങ്‌സ് എന്താണെന്ന് കപില്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 138 പന്തില്‍ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപില്‍ 266 റണ്‍സെന്ന മാന്യമായ സ്‌കോറിലെത്തിച്ചു. ബാക്കി എല്ലാവരും കൂടി 162 പന്തുകളില്‍ നിന്ന് നേടിയത് 91 റണ്‍സ് മാത്രമാണ് എന്ന കണക്കില്‍ തന്നെയുണ്ട് ആ ഇന്നിങ്‌സിന്റെ വില. ഒമ്പതാം വിക്കറ്റില്‍ 126 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടില്‍ 75 ശതമാനത്തിലേറെ പന്തുകള്‍ നേരിട്ടത് കപിലായിരുന്നു.
ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറായി ചരിത്രത്തില്‍ ഇടംപിടിക്കുമായിരുന്ന ഇന്നിങ്‌സാണ് കപില്‍ദേവിന്റെ 175 റണ്‍സ് എന്ന ലോകറെക്കോഡ് പ്രകടനത്തോടെ അന്ന് വിജയമായി പരിണമിച്ചത്. ആറാംവിക്കറ്റില്‍ റോജര്‍ ബിന്നിയുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കപില്‍ എട്ടാം വിക്കറ്റില്‍ മദന്‍ലാലിനൊപ്പം 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഒമ്പതാം വിക്കറ്റില്‍ സയ്യിദ് കിര്‍മാനിയോടൊപ്പം 126 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സിംബാബ്വെയ്ക്ക് കഴിഞ്ഞതുമില്ല. ഒമ്പതാം വിക്കറ്റില്‍ കപിലും കിര്‍മാനിയും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡ് 27 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. സ്‌കോര്‍ 172-ല്‍ എത്തിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും കപില്‍ സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ടര്‍ണറുടെ 171 റണ്‍സ് എന്ന റെക്കോഡാണ് കപില്‍ അന്ന് തിരുത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് ധാരാളമായിരുന്നു. സിംബാബ്വെയെ അവര്‍ 235 റണ്‍സിന് എറിഞ്ഞിട്ടു. 31 റണ്‍സ് ജയത്തോടെ ടീം പ്രതീക്ഷ നിലനിര്‍ത്തി.
40 വര്‍ഷങ്ങള്‍ക്കിപ്പുറം കപിലായി മാക്‌സ്‌വെല്‍ പരകായപ്രവേശം ചെയ്തപ്പോള്‍ അതില്‍ പൊലിഞ്ഞത് അഫ്ഗാനിസ്താന്‍ എന്ന പോരാളികളടങ്ങിയ ടീമിന്റെ വിജയപ്രതീക്ഷകളായിരുന്നു. 128 പന്തില്‍ നിന്ന് 10 സിക്‌സറുകളുടെയും 21 ഫോറുകളുടെയും അകമ്പടിയോടെ 201 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്‌സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയായിരുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഓപ്പണറല്ലാത്ത ഏകതാരവും മാക്‌സ്‌വെല്‍ തന്നെ. അതും സെഞ്ചുറി പിന്നിട്ട ശേഷം വലച്ച കടുത്ത പേശീവലിവിനെ അതിജീവിച്ചായിരുന്നു ഈ ഇന്നിങ്‌സ് എന്നത് എടുത്തുപറയേണ്ടതാണ്. ടീം ആകെ നേടിയ റണ്‍സിന്റെ 70 ശതമാനത്തോളം ഒരാള്‍ നേടുക. രണ്ട് തവണ മാക്‌സ്‌വെല്‍ നല്‍കിയ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ അഫ്ഗാന്‍ ഫീല്‍ഡര്‍മാരുടെ പിഴവ് അവര്‍ക്ക് തന്നെ ഒടുവില്‍ വിനയായി. അന്ന് കപിലിന്റെ ഇന്നിങ്‌സ് ടീമിനെ സെമിയിലെത്തിച്ചു. ഇവിടെ മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സും ടീമിനെ എത്തിച്ചിരിക്കുന്നത് സെമിയിലേക്ക്. ഇംഗ്ലീഷ് മണ്ണില്‍ ചരിത്രം കുറിച്ച് മടങ്ങിയ കപിലിന്റെ ചെകുത്താന്‍മാരെ പോലെ ഇന്ത്യന്‍ മണ്ണില്‍ നിന്നും ഈ മൈറ്റി ഓസീസ് കീരീടവുമായി മടങ്ങുമോ?
Content Highlights: Glenn Maxwell and kapil dev the Man Who Stood infront