ബയേണിന്റെ സ്വന്തം മുള്ളര്‍ അഥവാ ജര്‍മന്‍ ഇതിഹാസത്തിന്റെ 15 വര്‍ഷക്കാലങ്ങള്‍

''ഗെര്‍ഡ് മുളളര്‍ ഇല്ലായിരുന്നെങ്കില്‍ ബയേണ്‍ മ്യൂണിക്ക് എന്ന ഫുട്‌ബോള്‍ ക്ലബ്ബ് ഇന്ന് നമ്മള്‍ കാണുന്നതുപോലെ ഉണ്ടാകുമായിരുന്നില്ല.''
ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളറുടെ മരണ വാര്‍ത്തയ്ക്കു പിന്നാലെ ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹൈനര്‍ പറഞ്ഞ വാക്കുകളാണിത്.
ജര്‍മന്‍ ഫുട്‌ബോളിലും രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണിനും ഗെര്‍ഡ് മുള്ളര്‍ എന്ന ഇതിഹാസം എന്തായിരുന്നുവെന്ന് അടിവരയിടുന്നതാണ് ഈ വാക്കുകള്‍.
15 വര്‍ഷക്കാലം ബയേണിനായി ബൂട്ടുകെട്ടിയ മുള്ളര്‍ വിവിധ ടൂര്‍ണമെന്റുകളില്‍ നിന്നായി 594 മത്സരങ്ങളില്‍ നിന്ന് 547 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ മുള്ളര്‍ പശ്ചിമ ജര്‍മനിക്കായി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
1970 മുള്ളറെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. ആ വര്‍ഷം നടന്ന ലോകകപ്പില്‍ 10 ഗോളുകളുമായി തിളങ്ങിയ മുള്ളര്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയാണ് മടങ്ങിയത്. അതേ വര്‍ഷം തന്നെ ബാലണ്‍ദ്യോറും ആ ഇതിഹാസത്തെ നേടിയെത്തി.
രണ്ടു വര്‍ഷത്തിനു ശേഷം പശ്ചിമ ജര്‍മനിയെ യൂറോ കപ്പ് വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. ഫൈനലില്‍ സോവിയറ്റ് യൂണിയനെതിരേ ഇരട്ട ഗോളുകള്‍ നേടിയ മുള്ളറുടെ മികവില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ടീമിന്റെ ജയം.
1974 ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ പശ്ചിമ ജര്‍മനിയുടെ വിജയഗോള്‍ നേടിയതും മുള്ളറായിരുന്നു.
ബയേണ്‍ ജേഴ്‌സിയില്‍ കളിച്ച 15 വര്‍ഷത്തിനിടെ ഏഴു തവണ ബുണ്ടസ് ലിഗ ടോപ് സ്‌കോറര്‍ പട്ടം മുള്ളര്‍ക്കായിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടം നീണ്ട 40 വര്‍ഷമാണ് അദ്ദേഹം സ്വന്തം പേരില്‍ കൊണ്ടുനടന്നത്. 1972-ല്‍ ക്ലബ്ബിനും രാജ്യത്തിനുമായി വെറും 60 മത്സരങ്ങളില്‍ നിന്നായി 85 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഒടുവില്‍ 2012-ല്‍ ലയണല്‍ മെസ്സിയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം മറികടന്നത്.
1971-72 സീസണില്‍ ബയേണിനായി 40 ഗോളുകള്‍ നേടിയ മുള്ളറുടെ റെക്കോഡ് 49 വര്‍ഷക്കാലമാണ് ഇളക്കം തട്ടാതെ നിന്നത്. ഒടുവില്‍ ഇക്കഴിഞ്ഞ മെയില്‍ ബയേണിന്റെ തന്നെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഈ റെക്കോഡ് മറികടന്നത്.
ജര്‍മന്‍ ക്ലബ്ബിനൊപ്പം നാല് ബുണ്ടസ് ലിഗ കിരീടങ്ങള്‍, ഡി.എഫ്.ബി കപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പ്, ഒരു ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേട്ടങ്ങളിലും മുള്ളര്‍ പങ്കാളിയായിട്ടുണ്ട്.
ബയേണിനായി 427 ബുണ്ടസ് ലിഗ മത്സരങ്ങളില്‍ നിന്നായി മുള്ളര്‍ നേടിയ 365 ഗോളുകളെന്ന റെക്കോഡ് ഇന്നും യാതൊരു കോട്ടവും തട്ടാതെ അവിടെ തന്നെയുണ്ട്.
അതുപോലെ തന്നെ 1969-70 സീസണില്‍ മുള്ളര്‍ തുടര്‍ച്ചയായ 16 മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ആ റെക്കോഡും ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല.
ജര്‍മനിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന മുള്ളറുടെ നേട്ടം 2014-ലാണ് മിറോസ്ലാവ് ക്ലോസെ മറികടക്കുന്നത്. മുള്ളര്‍ 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ ജര്‍മനിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ക്ലോസെയ്ക്ക് ഈ നേട്ടം മറികടക്കാന്‍ 132 മത്സരങ്ങള്‍ വേണ്ടിവന്നു.
1945 നവംബറില്‍ ബവേറിയയിലെ നോര്‍ഡിന്‍ജെനില്‍ ജനിച്ച മുള്ളര്‍ക്ക് 12-ാം വയസുവരെ ഫുട്‌ബോളിനോട് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടിലെ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഭാഗമായതോടെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ച തുടങ്ങുന്നത്.
1964 ജൂലായിലാണ് മുള്ളര്‍ക്കായി ബയേണ്‍ തങ്ങളുടെ വാതില്‍ തുറക്കുന്നത്. രണ്ടാം ഡിവിഷനില്‍ ആദ്യ സീസണില്‍ തന്നെ 39 ഗോളുകളുമായി മുള്ളര്‍ വരവറിയിച്ചതോടെ ബയേണിന് ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ടോപ് ഡിവിഷനില്‍ കളിച്ച ആദ്യ സീസണില്‍ 33 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടി. പിന്നീടുള്ള 14 സീസണുകളില്‍ ഏഴിലും ബുണ്ടസ് ലിഗയിലെ ഗോള്‍ഡന്‍ ബൂട്ട് മുള്ളറുടെ ഷെല്‍ഫില്‍ ഭദ്രമായിരുന്നു.
Content Highlights: Gerd Muller Bayern Munich s greatest striker
Content Highlights: