ബംഗാളിന്റെ താരനിരയെ മാത്രമല്ല, കേരളത്തിനെതിരെ ആർത്തുവിളിച്ചിരുന്നവരേയും നിശബ്ദരാക്കി ഗണേശന്റെ ആ ഗോൾ

ഗണേശന്‍ | Photo: Special Arrangement
ഗണേശന്‍ | Photo: Special Arrangement

ബംഗാളിന്റെ കിടിലൻ താരനിരയെ മാത്രമല്ല, ഗാലറിയിലിരുന്ന് കേരളത്തിന്റെ ചോരക്ക് വേണ്ടി ആർത്തുവിളിച്ചുകൊണ്ടിരുന്ന പതിനായിരങ്ങളെയും നിശ്ശബ്ദരാക്കിക്കളഞ്ഞു ആ ഗോൾ. മധ്യരേഖയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ തോബിയാസ് നൽകിയ കണിശമാർന്ന ത്രൂപാസ് ഓടുന്ന ഓട്ടത്തിൽ ഗണേശന് ക്രോസ്സ് ചെയ്തത് ഷറഫലിയാണ്. ഒന്ന് കറങ്ങിത്തിരിഞ്ഞ ശേഷം ഗണേശൻ തൊടുത്ത തീപ്പൊരി ഷോട്ടിന് മുന്നിൽ ഇന്ത്യൻ ഗോളി ഭാസ്‌കർ ഗാംഗുലി തീർത്തും നിഷ്പ്രഭൻ. മുഴുനീള ഡൈവിന് ശ്രമിച്ച ഗാംഗുലിയുടെ വിരലുകളെ തോൽപ്പിച്ച് പന്ത് വലയിലേക്ക് (1-0). ടൂർണ്ണമെന്റിൽ ഗണേശന്റെ മൂന്നാം ഗോൾ.

മോഹൻ ബഗാൻ ഗ്രൗണ്ടിലെ ഗ്യാലറികളിൽ പടർന്ന കാതടപ്പിക്കുന്ന നിശ്ശബ്ദത ഇന്നുമുണ്ട് ഗണേശന്റെ ഓർമയിൽ. അടിമുടി ഇന്റർനാഷണൽ താരങ്ങൾ അണിനിരന്ന ആതിഥേയ ടീമിനെതിരെ സന്തോഷ് ട്രോഫി (1987) സെമിഫൈനലിൽ കേരളത്തിന്റെ യുവനിരയ്ക്ക് തരിമ്പും സാധ്യത കല്പിച്ചിരുന്നില്ലല്ലോ ആരും. കിഷാനു ഡേയും ബികാഷ് പാഞ്ചിയും സുബ്രതോ ഭട്ടാചാര്യയും ശിശിർ ഘോഷും സുദീപ് ചാറ്റർജിയും പ്രശാന്തോ ബാനർജിയും മനാസ് മനോരഞ്ജൻ ഭട്ടാചാര്യമാരും അണിനിരന്ന ആ ഘടാഘടിയൻ ബംഗാൾ ടീം, അവസാന നിമിഷം സ്വന്തം നാട്ടുകാരനായ റഫറി അവിഹിതമായി സമ്മാനിച്ച ഗോളിൽ കടിച്ചുതൂങ്ങി ആയുസ്സ് നീട്ടിയെടുത്തതും ഒടുവിൽ ഷൂട്ടൗട്ടിൽ കേരളത്തെ മറികടന്ന് ഫൈനലിൽ നുഴഞ്ഞു കയറിയതും ഇന്ന് ചരിത്രം.

'തോറ്റെങ്കിലും കളി കഴിഞ്ഞു ഞങ്ങൾ പുറത്തുപോകുമ്പോൾ കാണികളിൽ ഒരു വിഭാഗം എണീറ്റുനിന്ന് കയ്യടിച്ചത് ഓർമ്മയുണ്ട്. പശ്ചാത്താപ ധ്വനിയുള്ള കയ്യടി. മത്സരത്തിലുടനീളം ഗാലറിയിൽ നിന്ന് ഞങ്ങളെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞുവന്ന കല്ലുകളും കളിമൺകപ്പുകളും സമ്മാനിച്ച വേദന മറക്കാൻ സമയമായിരുന്നില്ലല്ലോ.' -ഗണേശൻ.

അതിനും ഒരു വർഷം മുൻപാണ് ഫുട്‌ബോൾ ജീവിതത്തിലെ വിലമതിക്കാനാവാത്ത മറ്റൊരനുഭവം. കോലാപ്പൂരിൽ നടന്ന അഖിലേന്ത്യാ ഇന്റർ ട്രാൻസ്പോർട്ട് ടൂർണമെന്റിൽ ഒൻപത് ഗോളോടെ കേരളത്തെ കിരീടത്തിലേക്ക് നയിച്ച യുവപ്രതിഭയെ സമാപനവേദിയിലേക്ക് വിളിച്ചുവരുത്തി അന്നത്തെ മുഖ്യാതിഥി. പിന്നെ തനിക്ക് ലഭിച്ച പുഷ്പമാല്യം ഊരിയെടുത്ത് പയ്യന്റെ കഴുത്തിലണിയിച്ച് പറഞ്ഞു: 'ഗംഭീരം. താമസിയാതെ ഇന്ത്യക്ക് കളിക്കും നീ.' എന്ത് പറയണമെന്നറിയാതെ നിശ്ശബ്ദനായി കൈകൂപ്പി നിന്നു ഗണേശൻ.

പൂമാല ചാർത്തിയ അതിഥിയുടെ പേര് സാഹു മേവാലാൽ. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ ഒരാൾ. 'മേവാലാൽ സാറിന്റെ പ്രവചനം സത്യമാകുമെന്ന് അന്നൊന്നും പ്രതീക്ഷയില്ല. ഇന്ത്യൻ ജേഴ്സിയൊക്കെ ഒരു വിദൂരസ്വപ്നമാണല്ലോ നമുക്ക്. എങ്ങനെയെങ്കിലും സന്തോഷ് ട്രോഫി ടീമിൽ കടന്നുപറ്റുകയായിരുന്നു അപ്പോഴത്തെ ലക്ഷ്യം.' - ഗണേശൻ. എന്നാൽ വിധി അധികം വൈകാതെ മേവാദായുടെ പ്രവചനം സത്യമാക്കി. അബുദാബി ഏഷ്യ കപ്പിനും ഖത്തർ, ബഹ്റൈൻ പര്യടനങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ഗണേശൻ.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഗണേശനെ കണ്ടപ്പോൾ ഒരുപാട് ഓർമകൾ ഡ്രിബിൾ ചെയ്ത് കയറിവന്നു മനസ്സിൽ. മുപ്പതു വർഷത്തെ കളിയെഴുത്തു ജീവിതത്തിൽ നിന്ന് ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്ന ചിത്രങ്ങളിൽ ഇടതു വിംഗിലൂടെ കുതിച്ചുപായുന്ന ടൈറ്റാനിയത്തിന്റെ ഈ പവർ ഡൈനാമോയുമുണ്ട്. കേരളം സൃഷ്ടിച്ച എക്കാലത്തേയും മികച്ച ലെഫ്റ്റ് എക്‌സ്ട്രീം ഫോർവേഡുകളിൽ ഒരാൾ. മന്ത്രമുഖരിതമായ തിരുവനന്തപുരത്തെ കോട്ടയ്ക്കകം അഗ്രഹാരത്തെരുവിൽ നിന്ന് ഗോളടിമന്ത്രവുമായി കളിക്കമ്പക്കാരുടെ ഹൃദയങ്ങളിൽ കുതിച്ചുകയറിവന്ന താരം.

കൊൽക്കത്ത നാഷണൽസിന് പിന്നാലെ കൊല്ലത്തും ഗുവാഹതിയിലും കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചു ഗണേശൻ. രണ്ടു തവണയും ഷൂട്ടൗട്ടിൽ കിരീടം കേരളത്തെ ഒഴിഞ്ഞുപോകുന്നത് കാണാനായിരുന്നു വിധി. ഗുവാഹതിയിൽ ബംഗാളിനെതിരായ ഫൈനലാണ് ഏറ്റവും വേദനാജനകം. ഗണേശന്റെ തകർപ്പൻ സമനിലഗോളിലൂടെ മത്സരം ടൈബ്രേക്കറിലെത്തിച്ച കേരളത്തെ ഭാഗ്യം അവിടെ തുണച്ചില്ല.

കൗമാരകാലത്ത് തിരുവനന്തപുരം ജില്ലാ എ ഡിവിഷൻ ലീഗിൽ പട്ടം റോവേഴ്‌സ് ക്ലബ്ബിന് വേണ്ടി കളിച്ചു തുടങ്ങിയതാണ് ഗണേശൻ. 1977ലെ ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആദ്യമായി സംസ്ഥാനത്തിന് കളിച്ചു. ജൂനിയർ ടീമിലും കേരള യൂണിവേഴ്സിറ്റി ടീമിലും അംഗത്വം നേടിയ ശേഷം 1980 മുതൽ ട്രാൻസ്‌പോർട്ടിന്റെ അണിയിൽ. ഒൻപത് വർഷം അവർക്ക് വേണ്ടി കളിക്കുന്നതിനിടെ തുടർച്ചയായി മൂന്നു തവണ ട്രാൻസ്പോർട്ട് ടീം സംസ്ഥാന ഇന്റർ ക്ലബ് ചാമ്പ്യന്മാരായത് ഗണേശന്റെ നേതൃത്വത്തിലാണ്. 989 ലായിരുന്നു ടൈറ്റാനിയത്തിലേക്കുള്ള കുടിയേറ്റം. ഏഴു വർഷം അവർക്ക് വേണ്ടി ബൂട്ടണിഞ്ഞു. നിരവധി സംസ്ഥാന, അഖിലേന്ത്യാ കിരീട വിജയങ്ങളിൽ പങ്കാളിയായി. അസിസ്റ്റന്റ് മാനേജരായി ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ചത് ആറു വർഷം മുൻപ്. ഭാര്യ കല. മകൾ ശിവപ്രിയ.

യാത്ര പറഞ്ഞു നടന്നുനീങ്ങുന്ന ഗണേശനെ നോക്കിനിൽക്കെ ഓർമയിൽ തെളിഞ്ഞത് കേരള ഫുട്‌ബോളിന്റെ ത്രസിപ്പിക്കുന്ന ഭൂതകാലം. കളിയും കളിക്കമ്പവും ടെലിവിഷൻ സ്‌ക്രീനിന്റെ ചതുരക്കാഴ്ചയിലേക്ക് ഒതുങ്ങിയിരുന്നില്ലല്ലോ അന്ന്.

Content Highlights: Recounting the legendary 1987 Santosh Trophy performance against Bengal., Insight into Ganesan's transition from local leagues to the Indian national team., Memorable moments with football icon Sahu Mewalal., Career highlights with Kerala Transport and Titanium football clubs.