കളിയെഴുത്തിലെ സൗമ്യസാന്നിധ്യം

സ്പോര്‍ട്സ് ജേണലിസത്തിലെ ശുദ്ധവാദ (Puritanism) ത്തിന്റെ വക്താവായിരുന്നു മാധവന്. അമിതോക്തിയും അത്യുക്തിയുമില്ലാത്ത കളിയെഴുത്തിന്റെ വക്താവ്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ മാത്രം പ്രചാരകന്. താരങ്ങള്‍ക്കും സംഘാടകര്‍ക്കും വന്വിജയങ്ങള്ക്കുമപ്പുറം കളിയെ മാത്രം സ്നേഹിച്ചയാള്‍.
1952-ല്‍ ഡല്‍ഹിയിലെത്തിയ എം. മാധവന് ഡല്‍ഹി പത്രലോകത്തെ സൗമ്യസാന്നിധ്യമായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 1988 ഒളിമ്പിക്സ് ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ആദ്യലക്കം മുതല്‍ വര്‍ഷങ്ങളോളം അദ്ദേഹം മുടങ്ങാതെ എഴുതി. ദിനപത്രത്തിലെ സ്പോര്‍ട്സ് സ്പെഷ്യല്‍ പേജിലും പ്രതിവാരപംക്തി കൈകാര്യം ചെയ്തു.
നിശിത വിമര്‍ശനമല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു കളിയെ സമഗ്രതയില്‍ കാണാനും വിലയിരുത്താനും അദ്ദേഹത്തിന് മികവുണ്ടായിരുന്നു. കളിയുടെ ആവേശത്തേക്കാള്‍ വസ്തുതകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടിങ്ങ്. ഹോക്കിയായിരുന്നു അദ്ദേഹത്തിനു പ്രിയപ്പെട്ട കളി. യാദൃച്ഛികമെങ്കിലും ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന്റെ ജന്മദിനത്തിലായി അദ്ദേഹത്തിന്റെ മരണം. എന്നെങ്കിലും നാമിനി ഒരു ഒളിമ്പിക് മെഡല്‍ നേടുമോ എന്നു വ്യാകുലപ്പെട്ടിരുന്ന അദ്ദേഹത്തിന് ശ്രീജേഷുള്പ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ നേടുന്നതു കാണാനും ഭാഗ്യമുണ്ടായി.
ഇന്ത്യയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങ് 1980-കളില്‍ മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. എല്ലാ പ്രമുഖ പത്രങ്ങളുടെയും സ്പോര്‍ട്സ് റിപ്പോര്ട്ടര്മാരില് മലയാളികള്‍ ഉണ്ടായിരുന്നു. പ്രശസ്തമായ എല്ലാ ടൂര്‍ണമെന്റുകളിലും പ്രസ് ഗ്യാലറിയില്‍ അവര്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ ഏറ്റവും പ്രമുഖരായ രണ്ടു പേര് ടൈംസ് ഓഫ് ഇന്ത്യയുടെ കെ. ഭാസ്കരനും ഹിന്ദുസ്ഥാന്‍ ടൈംസിലെ എം. മാധവനുമായിരുന്നു. ഭാസ്കരന് നേരത്തെ വിടപറഞ്ഞു. മാധവനും പിന്‍വാങ്ങുന്നതോടെ ഒരു യുഗത്തിന്റെ അന്ത്യമാവുകയാണ്. തലയെടുപ്പുള്ള, ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മലയാളി സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാരുടെ നിരയില്‍ ഇവരുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത വലുതായിരിക്കും.
Content Highlights: Famous senior sports journalist M Madhavan passed away
Content Highlights: