ഇതൊരു ഇറ്റാലിയൻ അത്ഭുതം; തടാകക്കരയിൽ നിന്ന് ചാമ്പ്യൻസ് ലീഗിലേയ്ക്ക് കോമോ

Photo: Getty Images
Photo: Getty Images

റ്റലിയിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നാണ് കോമോ. ലൊംബാർഡി മേഖലയിൽ, ആൽപ്‌സ് പർവതനിരകളാൽ ചുറ്റപ്പെട്ട ശാന്തമായ കോമോ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം. വർഷംതോറും നിരവധി സഞ്ചാരികൾ എത്തുന്ന ഇടം. കോമോയിലെ തടാകം കാണുക എന്നത് തന്നെ സുന്ദരമായ ഒരു അനുഭവമാണ്. വടക്കൻ ഇറ്റലിയുടെ മനോഹരമായ ഈ ലാൻഡ്സ്‌കേപ്പിന് ഫുട്‌ബോൾ എന്നും ഒരു പാർശ്വവത്കൃത വിനോദമായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. കഴിഞ്ഞ കുറച്ചുകാലങ്ങളായി ലോക ഫുട്‌ബോളിന്റെ കണ്ണുകൾ മുഴുവൻ ഈ നഗരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 2019-ൽ സാമ്പത്തികമായി തകർന്ന് ഇറ്റാലിയൻ ഫുട്‌ബോളിന്റെ നാലാം ഡിവിഷനിൽ (സീരി ഡി) ഒതുങ്ങിപ്പോവുകയും കഴിഞ്ഞ 13 വർഷത്തിനിടെ മൂന്ന് തവണ പാപ്പരായി ജപ്തിയുടെയും അടച്ചുപൂട്ടലിന്റെയും വക്കിലെത്തുകയും ചെയ്ത ഒരു ക്ലബ്ബ്, ഇന്ന് യൂറോപ്യൻ ഫുട്‌ബോളിലെ തന്നെ ഏറ്റവും ആകർഷകമായ വിജയഗാഥകളിലൊന്ന് രചിക്കുകയാണ്. 'കോമോ 1907' എന്ന ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബ് തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ്.

കോമോ ക്ലബ്ബിന്റെ പിറവിയെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. 1906-ൽ കോമോ തടാകത്തിന്റെ തീരത്ത് എത്തിയ നാട്ടിലെ ലാറിയോ റോവിങ് ക്ലബ്ബിലെ അംഗങ്ങളും അന്ന് നഗരത്തിലെത്തിയ ബഫല്ലോ ബിൽ സർക്കസ് സംഘത്തിലെ അംഗങ്ങളും തമ്മിൽ ഒരു ഫുട്ബോൾ മത്സരം നടന്നു. മത്സരം നിയന്ത്രിച്ചത് ബഫല്ലോ ബിൽ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ സൈനികനും വേട്ടക്കാരനുമായിരുന്ന വില്യം ഫ്രെഡറിക് കോഡിയായിരുന്നു എന്നാണ് ക്ലബ്ബിന്റെ ചരിത്ര രേഖ. ആ മത്സരം ഉണ്ടാക്കിയ ആവേശത്തിൽ നിന്നാണ് 1907 മേയിൽ കോമോ ഫുട്‌ബോൾ ക്ലബ്ബ് രൂപംകൊള്ളുന്നത്.

Photo: Getty Images

1931-ൽ സീരി സി കിരീടം നേടിയതാണ് കോമോയുടെ കായിക ചരിത്രത്തിലെ ആദ്യത്തെ തിളക്കമുള്ള അധ്യായം. 1949-ൽ ചരിത്രത്തിലാദ്യമായി ഇറ്റാലിയൻ ഫുട്‌ബോളിന്റെ ഫസ്റ്റ് ഡിവിഷനായ സീരി എ-യിലേക്ക് സ്ഥാനക്കയറ്റം നേടിയ അവർ, ആദ്യ സീസണിൽ തന്നെ ആറാം സ്ഥാനം നേടി ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ, പിന്നീട് അവരെ കാത്തിരുന്ന പതിറ്റാണ്ടുകൾ തിരിച്ചടികളുടേതായിരുന്നു. പലപ്പോഴും മികച്ച കളിക്കാരെ വളർത്തിയെടുക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നു. എന്നാൽ വമ്പൻ ക്ലബ്ബുകൾ അവർക്കായി വിരിക്കുന്ന വല ഭേദിക്കാൻ തക്ക സാമ്പത്തികശേഷി കോമോയ്ക്കുണ്ടായിരുന്നില്ല.

1980-കളായിരുന്നു ക്ലബ്ബിന്റെ ആദ്യ സുവർണകാലം. സ്റ്റെഫാനോ ബോർഗോനോവോയുടെയും സ്വീഡിഷ് വിംഗർ ഡാൻ കോർണിലിയസണിന്റെയും മുന്നേറ്റനിരയുടെ മികവിൽ 1984 മുതൽ അഞ്ച് വർഷം സീരി എയിൽ ഉറച്ചുനിൽക്കാൻ കോമോയ്ക്കായി. 1986-ൽ ലീഗിൽ ഒമ്പതാം സ്ഥാനത്തെത്തുകയും കോപ്പ ഇറ്റാലിയ സെമിഫൈനലിസ്റ്റുകളാവുക വരെ ചെയ്തു, ഈ കുഞ്ഞൻ ക്ലബ്ബ്. എന്നാൽ 1987-ൽ പ്രധാന പ്രതിരോധതാരം പാസ്‌ക്വാലെ ബ്രൂണോയെ യുവന്റസ് റാഞ്ചിയതോടെ ടീമിന്റെ പ്രതിരോധത്തിന്റെ കരുത്ത് ചോർന്നു. 1989-ൽ ടീം റെലഗേറ്റ് ചെയ്യപ്പെട്ടു.

പിന്നീട് 2002-ൽ സീരി എയിലേക്ക് തിരിച്ചെത്താൻ അവർക്കായെങ്കിലും ക്ലബ്ബിനെ സംബന്ധിച്ച് ഒട്ടും തന്നെ സമാധാനപരമായ ഒരു സീസണായിരുന്നില്ല അത്. കാണികളുടെ അക്രമങ്ങളും സ്റ്റേഡിയം വിലക്കുകളും തുടർച്ചയായ തരംതാഴ്ത്തലുകളും ക്ലബ്ബിനെ വേട്ടയാടി. ഒടുവിൽ 2004 ഡിസംബറിൽ ക്ലബ്ബ് ഔദ്യോഗികമായി സാമ്പത്തിക തകർച്ചയിലാവുകയും ലിക്വിഡേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ക്ലബ്ബിന്റെ പ്രധാന ആസ്തികൾ മുൻ ചെയർമാൻ എൻ​റിക്കോ പ്രെസിയോസി തന്റെ പുതിയ സംരംഭമായ ജനോവയിലേക്ക് മാറ്റിയതായിരുന്നു ഈ സാമ്പത്തിക പതനത്തിലേക്ക് നയിച്ചത്.

Photo: Getty Images

2005-ൽ സീരി ഡിയിൽ നിന്ന് കാൽസിയോ കോമോ എന്ന പുതിയ പേരിൽ ക്ലബ്ബ് പുനർജനിച്ചെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ ഒഴിയാതെ തുടർന്നു. 2016-17-ൽ വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധി നേരിട്ട ക്ലബ്ബ്, ഒടുവിൽ 'കോമോ 1907' എന്ന പേരിൽ 2017-18 സീസണിൽ വീണ്ടും സീരി ഡി-യിൽ ചേർന്നു. 13 വർഷത്തിനിടെ മൂന്ന് തവണയാണ് ക്ലബ്ബ് തകർച്ചയുടെ വക്കിലെത്തിയത്.

2019-ലാണ് കോമോയുടെ വിധി മാറ്റിയെഴുതിയ ആ നിർണായക നിമിഷം സംഭവിക്കുന്നത്. 2019 ഏപ്രിൽ നാലിന് ലണ്ടൻ ആസ്ഥാനമായ സെന്റ് എന്റർട്ടെയ്ൻമെന്റ് ലിമിറ്റഡ് കോമോയെ ഏറ്റെടുത്തു. ഇൻഡൊനീഷ്യയിലെ വൻകിട വ്യവസായികളായ ഹർത്തോനോ കുടുംബത്തിന്റെ 'ജാരം ഗ്രൂപ്പു'മായി ബന്ധപ്പെട്ട സ്ഥാപനമാണ് സെന്റ്. വ്യവസായികളായ റോബർട്ട് ബുഡി ഹർത്തോനോയും മൈക്കൽ ബാംബാങ് ഹർത്തോനോയുമായിരുന്നു ഈ ഏറ്റെടുക്കലിനു പിന്നിലെ സാമ്പത്തിക ശക്തിയായി പ്രവർത്തിച്ചത്. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് 45 ബില്യൺ ഡോളറിലധികം സമ്പത്തുള്ള ഇവർ യൂറോപ്യൻ ഫുട്‌ബോളിലെ തന്നെ ഏറ്റവും ധനികരായ ഉടമസ്ഥരിൽ ഉൾപ്പെടുന്നവരാണ്. തുടക്കത്തിൽ ഇൻഡൊനീഷ്യൻ കളിക്കാരെ ഇറ്റാലിയൻ ലോവർ ലീഗുകളിൽ കളിപ്പിച്ച് ഒരു ടെലിവിഷൻ പരമ്പര ചിത്രീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും സംഭവിച്ചത് മറ്റ് ചിലതായിരുന്നു.

Photo: Getty Images

പുതിയ ഉടമസ്ഥരുടെ വരവ് വെറും മികച്ച കളിക്കാരെ വാങ്ങുന്നതിലൊതുങ്ങിയില്ല. ക്ലബ്ബിന്റെ ഭരണസംവിധാനം, അക്കാദമി, പരിശീലന സൗകര്യങ്ങൾ, സ്റ്റേഡിയം, മാർക്കറ്റിങ്, ടൂറിസം എന്നിവയെല്ലാം ഒറ്റ പദ്ധതിയുടെ ഭാഗമാക്കി. ഡെനിസ് വൈസ് സ്‌പോർട്ടിങ് ഡയറക്ടറായി ചുമതലയേൽക്കുകയും ബുദ്ധിപരമായ റിക്രൂട്ട്മെന്റിലൂടെയും പരിശീലന കേന്ദ്രങ്ങളുടെ നവീകരണത്തിലൂടെയും ക്ലബ്ബിനെ അടിസ്ഥാനതലത്തിൽ നിന്ന് കെട്ടിപ്പടുക്കുകയും ചെയ്തു. 2022-ൽ ഇതിഹാസ താരം തിയറി ഓൻ​റി ക്ലബ്ബിന്റെ ഓഹരി ഉടമയായി മാറിയതോടെ കോമോയുടെ ബ്രാൻഡ് മൂല്യവും ഉയർന്നു.

2022-ൽ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസ് രണ്ട് വർഷത്തെ കരാറിലും ക്ലബ്ബ് ഓഹരി പങ്കാളിത്തത്തിലും ഒപ്പുവെച്ച് കോമോയിലേക്ക് എത്തിയത് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു. ആഴ്സണൽ, ബാഴ്സലോണ, ചെൽസി തുടങ്ങിയ വമ്പൻ ക്ലബ്ബുകളിൽ കളിച്ച് ലോകകപ്പും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും നേടിക്കഴിഞ്ഞ ഫാബ്രിഗാസ് സീരി ബിയിലെ ഒരു ക്ലബ്ബിലേക്ക് എത്തിയത് പണത്തിനപ്പുറം ക്ലബ്ബിന്റെ ദീർഘവീക്ഷണത്തിൽ വിശ്വസിച്ചായിരുന്നു.

ഫാബ്രിഗാസ് Photo: Getty Images

ആഴ്സണലിൽ ആഴ്‌സൻ വെങ്ങറിൽ നിന്ന് പൊസിഷണൽ പ്ലേയും, ബാഴ്സലോണയിൽ പെപ് ഗ്വാർഡിയോളയിൽ നിന്ന് പൊസഷൻ ഫുട്‌ബോളും പ്രസ്സിംഗും, ചെൽസിയിൽ മൗറീന്യോ, കോണ്ടെ എന്നിവരിൽ നിന്ന് ഫുട്‌ബോളിലെ പ്രാക്ടിക്കൽ സമീപനവും ഉൾക്കൊണ്ട് ഫാബ്രിഗാസ് താൻ പഠിച്ച കാര്യങ്ങളെല്ലാം കോമോയിൽ പരീക്ഷിക്കാൻ തുടങ്ങി. 2022-23 സീസണൊടുവിൽ വിരമിച്ച അദ്ദേഹം കോമോയുടെ അണ്ടർ-19 ടീമിന്റെ കോച്ചായി ചുമതലയേറ്റു. ഒരേസമയം സ്പാനിഷ്, കാറ്റലൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ എന്നീ നാല് ഭാഷകൾ മാറിമാറി സംസാരിച്ച് കളിക്കാരുമായി ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു.

2023-24 സീസണിന്റെ തുടക്കത്തിൽ മരീനോ ലോംഗോ ആയിരുന്നു കോമോയുടെ പ്രധാന കോച്ച്. എന്നാൽ പ്രകടനത്തിൽ സ്ഥിരതയില്ലാത്തതിനെ തുടർന്ന് നവംബറിൽ ലോംഗോയെ പുറത്താക്കി ഫാബ്രിഗാസിനെ ഇടക്കാല പരിശീലകനാക്കി. യുവേഫ പ്രോ ലൈസൻസ് ലഭിക്കാതിരുന്നതിനാൽ 30 ദിവസത്തെ താത്കാലിക അനുമതി മാത്രമാണ് ഫാബ്രിഗാസിന് ഉണ്ടായിരുന്നത്. ആ നാല് കളികളിൽ മൂന്ന് ജയവും ഒരു സമനിലയും നേടി അദ്ദേഹം തന്റെ മികവ് തെളിയിച്ചു.

Photo: Getty Images

തുടർന്ന് ഒസിയാൻ റോബർട്ട്‌സ് കെയർടേക്കർ മാനേജരായി ചുമതലയേൽക്കുകയും ഫാബ്രിഗാസ് അസിസ്റ്റന്റായി തുടരുകയും ചെയ്തു. വെയ്ൽസ്, മൊറോക്കോ ദേശീയ ടീമുകളിലെ ടെക്‌നിക്കൽ ഡയറക്ടറായിരുന്ന റോബർട്ട്‌സും ഫാബ്രിഗാസും ചേർന്നുള്ള കോച്ചിങ് കോമ്പിനേഷൻ വൻ വിജയമായി മാറി. റോബർട്ട്‌സ് മേൽനോട്ടം വഹിച്ച 21 കളികളിൽ 12 ജയവും ആറ് സമനിലയും നേടിയ ടീം തോറ്റത് മൂന്ന് മത്സരങ്ങളിൽ മാത്രം.

ഒടുവിൽ കൊസെൻസയുമായുള്ള സമനിലയ്ക്ക് ശേഷം, 21 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കോമോ സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തി. സ്റ്റേഡിയത്തിന് പുറത്തും തടാകത്തിന്റെ തീരത്തും ബോട്ടുകളിലും പടക്കങ്ങൾ പൊട്ടിച്ച് ആരാധകർ തെരുവിലിറങ്ങി ആഘോഷിച്ചു. ലെസ്റ്റർ സിറ്റിയുടെ ഇതിഹാസം ജാമി വാർഡിയും ഈ അദ്ഭുത നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

ഫാബ്രിഗാസ് Photo: Getty Images

2024 ജൂലായിൽ യുവേഫ പ്രോ ലൈസൻസ് പൂർത്തിയാക്കിയ ഫാബ്രിഗാസ് നാല് വർഷത്തെ കരാറിൽ കോമോയുടെ മുഖ്യ പരിശീലകനായി. 2024-ലെ സമ്മർ ട്രാൻസ്ഫറിൽ കോടികൾ ചെലവിട്ട് ജാരം ഗ്രൂപ്പ് പ്രമുഖ താരങ്ങളെ ടീമിലെത്തിച്ചു. സ്പാനിഷ് ഗോൾകീപ്പർ പെപെ റെയ്‌ന, ബാഴ്സലോണയിൽ നിന്ന് സെർജി റോബർട്ടോ, റയൽ മാഡ്രിഡിന്റെ മുൻ ഇതിഹാസം റാഫേൽ വരാൻ, ആൽബർട്ടോ മൊറേനോ, ആന്ദ്രിയ ബെലോട്ടി, റയൽ മാഡ്രിഡിൽ നിന്നുള്ള 21-കാരനായ നിക്കോ പാസ് തുടങ്ങിയ പ്രമുഖർ ക്ലബ്ബിലെത്തി. ജനുവരിയിൽ ഡെലെ അലി, മാക്‌സ് കകാഡെ, അസാനെ ദിയാവോ എന്നിവരെയും അവർ ടീമിലെത്തിച്ചു.

നിക്കോ പാസ് | Photo: Getty Images

യൂറോപ്പിലെ ഏത് വമ്പൻ ടീമിനേക്കാളും ഉയർന്ന പ്രസ്സിങ് ഫുട്‌ബോളും ശരവേഗത്തിലുള്ള അറ്റാക്കിങ് പാസുകളും പരീക്ഷിച്ച് ഫാബ്രിഗാസിന്റെ ടീം എതിരാളികളെ ഞെട്ടിച്ചു. അർജന്റീനിയൻ താരം നിക്കോ പാസ് ലീഗിലെ മിന്നും താരമായി മാറി. 2024-25 സീസണിൽ ലീഗിൽ പത്താം സ്ഥാനം സ്വന്തമാക്കിയാണ് കോമോ തങ്ങളുടെ തിരിച്ചുവരവ് ആഘോഷമാക്കിയത്. 37 വയസുകാരനായ ഫാബ്രിഗാസിനു കീഴിൽ ടീം അദ്ഭുതങ്ങൾ കാട്ടിത്തുടങ്ങി. ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ മാനേജരായിരുന്നു അദ്ദേഹം. ഇന്റർ മിലാൻ, ബയേർ ലെവർകൂസൻ തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ക്ഷണം നിരസിച്ച് കോമോയ്‌ക്കൊപ്പം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

കളിക്കളത്തിന് പുറത്തും കോമോ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മിർവാൻ സുവർസോയുടെ നേതൃത്വത്തിൽ അഡിഡാസ്, ഉബർ തുടങ്ങിയ വലിയ ബ്രാൻഡുകൾ ക്ലബ്ബിന്റെ സ്‌പോൺസർമാരായി. ഇന്ന് ലോകത്തിലെ 122-ഓളം രാജ്യങ്ങളിലേക്ക് കോമോയുടെ ജേഴ്‌സികളും ഉത്പന്നങ്ങളും കയറ്റി അയക്കപ്പെടുന്നുണ്ട്. 1927-ൽ നിർമിച്ച ഇവരുടെ സ്റ്റേഡിയം നവീകരിക്കുന്നതിനായി പുതിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

Photo: Getty Images

കോമോ നഗരത്തിന് തങ്ങളുടെ ക്ലബ്ബിനോടുള്ള ആത്മബന്ധവും വർധിച്ചു. കോമോയിലെ ആശുപത്രികളിൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ക്ലബ്ബിന്റെ ജേഴ്‌സി സമ്മാനമായി നൽകുന്ന മനോഹരമായ പാരമ്പര്യം ഇന്നും തുടരുന്നു. ജനിക്കുമ്പോൾ തന്നെ അവർ കോമോയുടെ ആരാധകരായി മാറുന്നു. ഡേവിഡ് എ വാൻ ഡി സ്ഫ്രൂസ് പ്രാദേശിക ഭാഷയിൽ രചിച്ച ക്ലബ്ബ് ആന്തം കോമോ എന്ന നഗരവും ഫുട്‌ബോളും തമ്മിലുള്ള ആത്മബന്ധത്തെ വിളിച്ചോതുന്നതാണ്. മൂന്ന് തവണ പാപ്പരായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഒരു ക്ലബ്ബ് ഇന്ന് യൂറോപ്യൻ ഫുട്‌ബോളിലെ തന്നെ ഏറ്റവും ആകർഷകമായ വിജയഗാഥകളിലൊന്നായി തലയുയർത്തി നിൽക്കുകയാണ്.

കഴിഞ്ഞ സീസണിൽ സീരി എയിൽ നാലാം സ്ഥാനത്തെത്തി ചാമ്പ്യൻസ് ലീഗ് യോഗ്യതയും കോമോ സ്വന്തമാക്കിയതോടെ ഫുട്‌ബോൾ ലോകം അക്ഷരാർഥത്തിൽ ഞെട്ടി. കഴിഞ്ഞ സീസണിൽ വിവിധ മത്സരങ്ങളിലായി എഎസ് റോമ, യുവെന്റസ്, ലാസിയോ ടീമുകളെ പരാജയപ്പെടുത്തിയ കോമോ എസി മിലാനെയും ഇന്റർ മിലാനെയും ഒരു തവണ സമനിലയിൽ തളയ്ക്കുകയും ചെയ്തു.

Photo: Getty Images

ഇത്തവണ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജർമൻ ക്ലബ്ബ് ആർബി ലെയ്പ്‌സിഗിനെ 4-1ന് തകർത്ത് കോമോ വീണ്ടും ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധ നേടി. മാർട്ടിൻ ബറ്റുറിനയാണ് കോമോയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയത്. ഏഴു വർഷം മുമ്പു വരെ ഇറ്റലിയിലെ നാലാം ഡിവിഷനായ സീരി ഡിയിൽ കളിച്ചിരുന്ന ഒരു ടീമിന്റെ യൂറോപ്യൻ അരങ്ങേറ്റമായിരുന്നു അത്.

ബാഴ്‌സലോണയിൽ പെപ് ഗ്വാർഡിയോളയിൽ നിന്ന് ആർജിച്ചെടുത്ത പൊസഷൻ ഫുട്‌ബോളാണ് ഫാബ്രിഗാസ് കോമോയിൽ നടപ്പാക്കുന്നത്. ടീമിന്റെ ബിൽഡപ്പ് ആരംഭിക്കുന്നത് ഗോൾകീപ്പറിൽ നിന്നാണ്. എതിരാളികളുടെ ആദ്യ പ്രസ്സിങ് ലൈൻ ചെറിയ പാസുകളിലൂടെ കടന്നശേഷം പെട്ടെന്ന് മുന്നേറ്റത്തിന്റെ വേഗം കൂട്ടുന്നതാണ് കോമോയുടെ രീതി. വിങ്ങർമാരായ അസ്സാനെ ഡിയാവോയും മാർട്ടിൻ ബട്ടുരിനയും അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ കളിപ്പിക്കുന്ന നിക്കോ പാസുമെല്ലാം ഫാബ്രിഗാസിന്റെ ഈ രീതിക്ക് യോജിച്ച കളിക്കാരാണ്. ലൂയിസ് മില്ലയും ലൂക്കാസ് ഡാ കുന്യയും അണിനിരക്കുന്ന മധ്യനിര കളിയുടെ നിയന്ത്രണം ഏറ്റെടുക്കും. ഹൈ ഡിഫൻസീവ് ലൈൻ എന്ന റിസ്‌ക് എടുത്താണ് ടീം കളിക്കുന്നത്.

റയലിൽ നിന്ന് ടീമിലെടുത്ത നിക്കോ പാസ് തന്നെയാണ് ഫാബ്രിഗാസിന്റെ ടീമിലെ പ്രധാനി. 2024-25 സീരി എ സീസണിൽ ആറു ഗോളും എട്ട് അസിസ്റ്റും നേടി നിക്കോ ശ്രദ്ധനേടുകയും ചെയ്തു. 2026-27 സീസണിന് മുന്നോടിയായി ടീം വീണ്ടും ശക്തിപ്പെട്ടു. ഇറ്റലി ഫോർവേഡ് മോയിസ് കീൻ, ബ്രസീലിയൻ റൈറ്റ്-ബാക്ക് യാൻ കുട്ടോ, ഇംഗ്ലീഷ് ഡിഫൻഡർ ട്രെവോ ചലോബ, സ്പാനിഷ് ഗോൾകീപ്പർ റോബർട്ട് സാഞ്ചസ്, ഇറ്റാലിയൻ മിഡ്ഫീൽഡർ സാമുവൽ റിക്കി എന്നിവരും ടീമിലെത്തി.

Photo: Getty Images

21 വർഷത്തിനു ശേഷം സീരി എയിലേക്കെത്തിയ കോമോയുടെ ആദ്യ ലക്ഷ്യം തരംതാഴ്ത്തൽ ഒഴിവാക്കുക എന്നത് മാത്രമായിരുന്നു. എന്നാൽ 38 മത്സരങ്ങളിൽ നിന്ന് 13 ജയവും 10 സമനിലകളുമായി 49 പോയന്റോടെ 10-ാം സ്ഥാനത്തെത്താൻ ടീമിനായി. 15 തോൽവികളാണ് ആ സീസണിൽ നേരിട്ടത്. എന്നാൽ തൊട്ടടുത്ത സീസണിൽ കോമോ വമ്പൻമാരെ ഞെട്ടിച്ചു. 38 കളികളിൽ നിന്ന് 71 പോയന്റുമായി ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്, ഒപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതയും. 20 വിജയവും 71 പോയന്റും 65 ഗോളും കോമോയുടെ സീരി എ ചരിത്രത്തിലെ പുതിയ ക്ലബ് റെക്കോഡായിരുന്നു.

പുതിയ സീസണിലും തകർപ്പൻ തുടക്കമാണ് കോമോയുടേത്. ആദ്യ മത്സരത്തിൽ ഉഡിനെസെയോട് 1-1 സമനില. പിന്നാലെ ഇറ്റാലിയൻ വമ്പൻമാരായ നാപ്പോളിയെ അവരുടെ മൈതാനത്ത് 2-1ന് തോൽപ്പിച്ചു. ജെനോവക്കെതിരായ എവേ മത്സരത്തിൽ ജയിച്ചു കയറിയത് 4-1ന്. അതിന്റെ പിന്നാലെയാണ് ലെയ്പ്‌സിഗിനെതിരായ 4-1ന്റെ ചാമ്പ്യൻസ് ലീഗ് വിജയം.

എന്നാൽ കോമോയുടെ ഈ വളർച്ചെയ്‌ക്കെതിരേ വിമർശനവും ശക്തമാണ്. അതിസമ്പന്നരായ ഉടമസ്ഥരുടെ സാമ്പത്തിക പിന്തുണയില്ലാതെ ക്ലബ്ബിന് ഇത്ര വേഗത്തിലുള്ള കുതിപ്പ് സാധ്യമാകുമായിരുന്നോ എന്നാണ് വിമർശകർ ചോദിക്കുന്നത്. വമ്പൻ ട്രാൻസ്ഫറുകൾ, വിദേശ താരങ്ങളുടെ ആധിക്യം എന്നിവയെല്ലാം ഇറ്റലിയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ പണം മാത്രമായിരുന്നെങ്കിൽ യൂറോപ്പിലെ എല്ലാ സമ്പന്ന ഉടമകളുടെയും ക്ലബ്ബുകൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കേണ്ടതല്ലേ എന്നാണ് കോമോ ആരാധകർ ചോദിക്കുന്നത്.

Content Highlights: Como 1907 rose from Serie D and near-bankruptcy to Serie A success., Managed by Cesc Fàbregas, the team secured a historic UEFA Champions League spot for the 2026-27 season., Backed by billionaire Hartono family and bolstered by star signings like Nico Paz.