ലൗട്ടാറോയെ ആഘോഷിക്കുമ്പോള്‍ മറക്കരുത് ബ്രയന്‍ മന്‍സീജയുടെ ത്യാഗം...

ലൗട്ടാറോ മാര്‍ട്ടിനെസ്, ബ്രയന്‍ മന്‍സീജ | Photo: Getty Images, x.com
ലൗട്ടാറോ മാര്‍ട്ടിനെസ്, ബ്രയന്‍ മന്‍സീജ | Photo: Getty Images, x.com

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോളടിച്ചു കൂട്ടുകയാണ് ലൗട്ടാറോ മാര്‍ട്ടിനെസ്. മൂന്നു കളികളില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റില്‍ത്തന്നെ ടോപ് സ്‌കോറര്‍ പദവിയില്‍ മുന്നേറുകയാണ് ഈ ഇന്റര്‍ മിലാന്‍ താരം. ലയണല്‍ മെസ്സി പരിക്കുമൂലം കരയ്ക്കിരുന്ന പെറുവിനെതിരായ മത്സരത്തില്‍ രണ്ടുഗോളുകളും നേടിയത് ലൗട്ടാറോയാണ്. ടൂര്‍ണമെന്റില്‍ ടീമിന്റെ പുതിയ രക്ഷകനായി മാറിയിരിക്കുകയാണ് ഈ ഇരുപത്തിയാറുകാരന്‍.

എന്നാല്‍, ലൗട്ടാറോയുടെ പ്രകടനം കാണുമ്പോള്‍ അര്‍ജന്റീനക്കാര്‍ നന്ദിയോടെ ഓര്‍ക്കുന്ന മറ്റൊരു പേരുണ്ട്. ബ്രയന്‍ മന്‍സീജ. ദേശീയടീമില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ ചില കളികള്‍ കളിച്ചതൊഴിച്ചാല്‍ ബ്രയന്റെ പേരില്‍ ഫുട്‌ബോളില്‍ വലിയ നേട്ടങ്ങളൊന്നുമില്ല. എന്നാല്‍, കളി നിര്‍ത്തി വീട്ടിലേക്കു മടങ്ങാനിരുന്ന ലൗട്ടാറോയെ ചീത്തവിളിച്ച് ക്ലബ്ബില്‍ത്തന്നെ നിര്‍ത്തിയത് ബ്രയനായിരുന്നു. ലൗട്ടാറോ ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനിലൂടെ കരിയര്‍ മെച്ചപ്പെടുത്തിയപ്പോള്‍, പല താവളങ്ങള്‍ മാറിക്കയറി ഇപ്പോള്‍ റഷ്യന്‍ ക്ലബ്ബ് ഔറന്‍ബര്‍ഗില്‍ നില്‍ക്കുകയാണ് ബ്രയന്‍. പക്ഷേ, ബ്രയനില്ലായിരുന്നെങ്കില്‍ തന്റെ കരിയര്‍ എന്നോ അസ്തമിച്ചേനെയെന്ന് ലൗട്ടാറോ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

അക്കഥ ഇങ്ങനെയാണ്. 2014-ലാണ് ലൗട്ടാറോ റേസിങ് ക്ലബ്ബില്‍ ചേരുന്നത്. സെന്റര്‍ ഫോര്‍വേഡായിരുന്നു ലൗട്ടാറോ. എന്നാല്‍, റേസിങ്ങില്‍ അപ്പോള്‍ത്തന്നെ ഏവരുടെയും കൈയടി നേടിയ മറ്റൊരു സെന്റര്‍ ഫോര്‍വേഡുണ്ടായിരുന്നു. ലൗട്ടാറോയുടെ സമപ്രായക്കാരന്‍. ബ്രയന്‍ മന്‍സീജ. ഇരുവര്‍ക്കും പതിനാറുവയസ്സ്. ഒരുകൊല്ലം മുന്നെയെത്തിയ ആളെന്ന നിലയ്ക്ക് കൂടുതല്‍ പരിഗണന കിട്ടിയത് ബ്രയന്‍ മന്‍സീജയ്ക്കാണ്.

ഇങ്ങനെ പോയാല്‍ താനെവിടെയുമെത്തില്ലെന്ന് ലൗട്ടാറോയ്ക്കു തോന്നി. വീട്ടില്‍നിന്നു വിട്ടുനില്‍ക്കുന്നതിന്റെ വിഷമം വേറെയും. കളി മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു. കളിക്കാരനാവുകയെന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നതിലെ വേദനയില്‍ അവന്‍ നിലവിളിച്ചു. ഗ്രൗണ്ടിലേക്കുവന്ന ബ്രയന്‍ ഇതുകണ്ടു. താന്‍ നാട്ടിലേക്കു മടങ്ങുകയാണെന്നും കളി മതിയാക്കുകയാണെന്നും ലൗട്ടാറോ പറഞ്ഞു.

ചെവിപൊട്ടുന്ന ചീത്തവിളിച്ചുകൊണ്ട് ബ്രയന്‍ പറഞ്ഞു. ''നീയെങ്ങോട്ടാണ് ഒളിച്ചോടുന്നത്. നമുക്കിവിടെ പ്രീമിയര്‍ ലീഗ് കളിക്കേണ്ടേ? ഒരുനാള്‍ നാമിരുവരും ദേശീയടീമിലും ഒരുമിച്ചു കളിക്കും''. ആ വാക്കുകള്‍ ഫലം കണ്ടു. ലൗട്ടാറോ റേസിങ്ങില്‍ തുടര്‍ന്നു. ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നിട്ടും തന്നെ ടീമില്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ച ബ്രയനെ ലൗട്ടാറോ നന്ദിയോടെയാണ് അനുസ്മരിക്കുന്നത്. എക്കാലവും ബ്രയനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ലൗട്ടാറോ പറയുന്നു.

റേസിങ്ങില്‍നിന്ന് 2018-ല്‍ ലൗട്ടാറോ ഇന്റര്‍ മിലാനിലെത്തി. 2016-ല്‍ത്തന്നെ റേസിങ്ങില്‍നിന്ന് ബ്രയന്‍ പുറംതള്ളപ്പെട്ടു. പിന്നീട് പല ക്ലബ്ബുകളില്‍ വായ്പയടിസ്ഥാനത്തില്‍ കറങ്ങി ഒടുവില്‍ കഴിഞ്ഞവര്‍ഷമാണ് സ്വതന്ത്രമായൊരു കരാര്‍ ലഭിക്കുന്നത്.

ലൗട്ടാറോയെ ടീമില്‍ പിടിച്ചുനിര്‍ത്താന്‍ തീരുമാനിച്ചതിന്റെ കാരണം പിന്നീട് ബ്രയന്‍ തന്നെ വിശദമാക്കിയിട്ടുണ്ട്.''അവന്‍ ഒരു മികച്ച താരമാണ്. ആ നിലവാരത്തിലേക്കെത്താന്‍ എനിക്കാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. രാജ്യത്തിന് ഏറ്റവും മികച്ച താരത്തെ കിട്ടട്ടെയെന്നാണ് ഞാനാഗ്രഹിച്ചത്''.

Content Highlights: brian mansilla and lautaro martínez the racing duo