കളത്തിലൊതുങ്ങാത്ത കരുനീക്കങ്ങള്‍

#പി.എസ്. കൃഷ്ണകുമാര്‍
Photo: Mathrubhumi Archives
Photo: Mathrubhumi Archives

കോഴിക്കോട്: തോള്‍സഞ്ചിനിറയെ പുസ്തകങ്ങളും നരച്ചൊരു കാലന്‍കുടയുമായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലൂടെ ഗൗരവഭാവത്തില്‍നീങ്ങുന്ന 24-കാരന്‍ അന്ന് അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സര്‍വകലാശാലയില്‍ താത്കാലിക പമ്പിങ് ഓപ്പറേറ്ററായിരുന്ന കോഴിക്കോട് സ്വദേശി പി.ടി. ഉമ്മര്‍കോയയായിരുന്നു അത്. പമ്പിങ് ജോലിക്കിടെ വരുന്ന ദീര്‍ഘമായ ഇടവേളകളില്‍ വായനയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിനോദം. കാമു, കാഫ്ക, സാര്‍ത്ര്, ബെര്‍ട്രന്റ് റസല്‍... തുടങ്ങിയവരുടെ ലോകോത്തര ക്ലാസിക്കുകളുമായിട്ടായിരുന്നു സല്ലാപം.

പക്ഷേ, മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന ഉമ്മര്‍കോയ പിന്നീട് കോണ്‍ട്രാക്ടറായും ചെസ് സംഘാടകനായും വളര്‍ച്ചയുടെ പടികള്‍ കയറിയപ്പോള്‍ ലോകം ആദ്യം കൗതുകപൂര്‍വവും പിന്നീട് ഗൗരവത്തോടെയും ശ്രദ്ധിച്ചുതുടങ്ങി. അതിജീവനത്തിന്റെയും ഒഴുക്കിനെതിരേ തുഴയാനുള്ള മനക്കരുത്തിന്റെയും പാഠപുസ്തകമാകുകയായിരുന്നു എല്ലാവരുടെയും ഉമ്മുക്ക.

പ്രതികൂലസാഹചര്യങ്ങളോട് ഏറ്റുമുട്ടി ജീവിക്കേണ്ടിവന്നതാണ് ഉമ്മര്‍കോയയെന്ന വ്യക്തിയെ കൂടുതല്‍ ശക്തനും കര്‍മോന്‍മുഖനുമാക്കിയതെന്ന് 1980-കള്‍ മുതല്‍ ഉമ്മര്‍കോയയുടെ സന്തതസഹചാരിയായിരുന്ന ചെസ് സംഘാടകന്‍ രത്‌നകുമാര്‍ ഓര്‍മിക്കുന്നു. ''ജീവിതം ചെസ് മത്സരംപോലെത്തന്നെയായിരുന്നു അദ്ദേഹത്തിന്. പക്ഷേ, 64 കളങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല പ്രതിസന്ധികള്‍ എന്നുമാത്രം. ചെറുപ്പത്തില്‍ അദ്ദേഹം ചെയ്യാത്ത ജോലികളില്ല. കൂലിപ്പണി മുതല്‍ ഹോട്ടല്‍പ്പണിവരെ ചെയ്തിരുന്നു. ഗ്വാളിയോര്‍ റയോണ്‍സിലും കരാര്‍ജീവനക്കാരനായി ജോലിചെയ്തിരുന്നു''.

സ്വന്തം കൈയില്‍നിന്നുവരെ പണം മുടക്കി ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചു. കേരളത്തില്‍ അണ്ടര്‍ 7, 9, 11, 13 കാറ്റഗറിയിലുള്ള മിനി ചെസ്ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നത് ഉമ്മര്‍കോയയുടെ കാലത്താണ്. 1993-ല്‍ ലോകചെസ് ടൂര്‍ണമെന്റ് നടത്തിപ്പില്‍നിന്നുണ്ടായ ലാഭസംഖ്യ ഉപയോഗിച്ചാണ് അദ്ദേഹം താല്‍ ചെസ് അക്കാദമി തുടങ്ങിയത്.

Content Highlights: about PT Ummer Koya who took chess to masses in India

Content Highlights: