'നമുക്ക് 18 കോടി കിട്ടിയാൽ പ്രശ്‌നം, വിദേശതാരമാണെങ്കിൽ കുഴപ്പമില്ല'-യുസ്‌വേന്ദ്ര ചാഹൽ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
യുസ്‌വേന്ദ്ര ചാഹല്‍ | Photo: AP
യുസ്‌വേന്ദ്ര ചാഹല്‍ | Photo: AP

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സ്പിൻ ബൗളറാണ് യുസ്‌വേന്ദ്ര ചാഹൽ. 2025-ലെ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് 18 കോടി രൂപ നൽകിയാണ് ചാഹലിനെ ടീമിലെത്തിച്ചത്. അതിന് മുമ്പുള്ള സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് 6.5 കോടി രൂപയായിരുന്നു ലെഗ് സ്പിന്നറായ ചാഹലിന് ലഭിച്ചിരുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ഐപിഎൽ പ്രതിഫലത്തിൽ 177 ശതമാനം വർധനവാണുണ്ടായത്.

തന്റെ ഐപിഎൽ പ്രതിഫലത്തെ കുറിച്ച്് സംസാരിക്കവേ, ഒരു ഇന്ത്യൻ താരത്തിന് ഇത്രയും വലിയ തുക ലഭിച്ചാൽ ആളുകൾക്ക് പ്രശ്‌നമാണെന്ന് ചാഹൽ ചൂണ്ടിക്കാണിച്ചു. ഒരു വിദേശ താരത്തിന് വലിയ തുക ലഭിച്ചാൽ ആരും അതിനെ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകാശ് ചോപ്രയുടെ ഷോയിൽ സംസാരിക്കുകയായിരുന്നു ചാഹൽ.

'ഞാൻ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, കാരണം ഞാൻ പണത്തിനുവേണ്ടി കളിച്ചിട്ടില്ല. എനിക്ക് അഞ്ച് കോടിയോ 25 കോടിയോ ലഭിച്ചാലും ഞാൻ ഇപ്പോഴുള്ളതുപോലെ തന്നെ കളിക്കും. ഒരാൾക്ക് തന്റെ കരിയറിലെ ആദ്യ സീസണിൽ തന്നെ 12 മുതൽ 13 കോടി വരെ ലഭിക്കുന്നു, എന്നാൽ ഞാൻ 15 വർഷമായി കളിക്കുന്നു, കൂടാതെ ഞാൻ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവുമാണ്. ഞാൻ ഇതിന് അർഹനാണ്. എനിക്ക് 25 കോടി ലഭിച്ചാലും അതിന്റെ അർത്ഥം ഞാൻ അതിന് അർഹനാണെന്നാണ്. ഒരു ഇന്ത്യൻ കളിക്കാരന് പണം ലഭിച്ചാൽ നമുക്ക് പ്രശ്‌നമാണ്, ഇയാൾക്ക് എങ്ങനെ കിട്ടി എന്ന് നമ്മൾ ചിന്തിക്കും. എന്നാൽ ഒരു വിദേശ കളിക്കാരന് 25 കോടി ലഭിച്ചാൽ അവർ സന്തോഷിക്കുന്നു'- ചാഹൽ പറഞ്ഞു.

2013 മുതൽ 2026 വരെയുള്ള കാലയളവിൽ 188 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. ബൗളിങ് ശരാശരി 23.24 ഉം ഇക്കോണമി റേറ്റ് 8.05 ഉം ആണ്. ടൂർണമെന്റിലെ അദ്ദേഹത്തിന്റെ മികച്ച ബോളിങ് പ്രകടനം 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്‌. 

ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി 20 മത്സരങ്ങളിലും കളിച്ച പരിചയവും ഈ സ്പിന്നർക്കുണ്ട്. യഥാക്രമം 121 ഉം 96 ഉം വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്താൻ ചാഹലിന് സാധിച്ചിട്ടില്ല. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് അദ്ദേഹം അവസാനം ഇന്ത്യക്കായി കളിച്ചത്.

Content Highlights: Yuzvendra Chahal became the highest-ever-paid spinner in IPL history at Rs 18 crore by Punjab Kings., Chahal addressed criticism regarding high salaries for Indian players compared to overseas players., He emphasized his 15-year career and status as the highest wicket-taker in IPL history as justification for his worth.