6 മാസത്തിനുള്ളിൽ മരിക്കുമെന്നു പറയുമ്പോൾ;കീമോതെറാപ്പി ചെയ്തില്ലെങ്കിൽ ഹൃദയാഘാതം ഉണ്ടാവാമെന്ന് പറഞ്ഞു

#സ്പോർട്സ് ഡെസ്ക്
Photo: AP
Photo: AP

ന്യൂഡൽഹി: അർബുദം ബാധിച്ച കാലഘട്ടത്തെ കുറിച്ച് മനസ് തുറന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അർബുദം ബാധിച്ചപ്പോൾ മരിച്ചുപോകുമോ എന്നതായിരുന്നു ആദ്യ ചിന്തയെന്നും എന്നാൽ ഡോ. ലോറൻസ് ഐൻഹോണിന്റെ വാക്കുകൾ പ്രതീക്ഷ നൽകിയെന്നും യുവരാജ് പറഞ്ഞു. പൂർണമായി രോഗമുക്തി ലഭിച്ചപ്പോൾ അത് രണ്ടാം ജീവിതം പോലെ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011 ലോകകപ്പിനു ശേഷമാണ് യുവ്‌രാജിന് ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്. തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനായ താരം രോഗത്തെ കീഴ്‌പ്പെടുത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാൻ യുവിക്ക് സാധിച്ചിരുന്നില്ല.

"നിങ്ങൾക്ക് മൂന്നു മുതൽ ആറുമാസത്തിനുള്ളിൽ മരിക്കുമെന്നു പറയുമ്പോൾ, ആദ്യ ചിന്ത മരിച്ചുപോകുമോ എന്നതാണ്. എന്റെ ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലായിരുന്നു ട്യൂമർ. കീമോതെറാപ്പിക്ക് വിധേയനായില്ലെങ്കിൽ ഹൃദയാഘാതം ഉണ്ടാവാമെന്ന് ഡോക്ടർമാർ പറഞ്ഞു,."- യുവരാജ് 'ദി സ്വിച്ച്' എന്ന പരിപാടിയിൽ കെവിൻ പീറ്റേഴ്സനോട് പറഞ്ഞു.

"ഏഴ് വർഷത്തെ കാത്തിരിപ്പിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ എന്റെ സ്ഥാനം ഉറപ്പിക്കാൻ തുടങ്ങിയതാണ്. ഏകദേശം 40 ടെസ്റ്റുകളിൽ 12-ാമത്തെ കളിക്കാരനായി നിന്നു. കളിക്കണം എന്നുണ്ടായിരുന്നു, പക്ഷേ അവസാനം അമേരിക്കയിൽ ചികിത്സ തേടുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു," യുവരാജ് വെളിപ്പെടുത്തി.

2011-12 കാലഘട്ടത്തിൽ യുവരാജ് അമേരിക്കയിൽ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ആ കാലഘട്ടം ശാരീരികമായും മാനസികമായും ദുരിതപൂർണ്ണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. ലോറൻസ് ഐൻഹോണിന്റെ വാക്കുകൾ പ്രതീക്ഷ നൽകിയെന്നും മുൻ താരം കൂട്ടിച്ചേർത്തു. 'നിങ്ങൾ ക്യാൻസർ ബാധിക്കാത്ത ഒരാളായി പുറത്തുവരും,' എന്ന് ഡോ.ഐൻഹോൺ പറഞ്ഞു. ആ വാക്കുകൾ എനിക്ക് ശക്തി നൽകി. എനിക്ക് പൂർണ്ണമായും രോഗമുക്തി ലഭിക്കുകയും വീണ്ടും ക്രിക്കറ്റ് കളിക്കാം എന്ന് പറഞ്ഞപ്പോൾ, അത് രണ്ടാം ജീവിതം പോലെ തോന്നി."- യുവരാജ് പറഞ്ഞു.

മത്സരാധിഷ്ഠിതമായ സമീപനമായിരുന്നു തന്നെ തിരിച്ചെത്തിച്ചതെന്നും യുവരാജ് വ്യക്തമാക്കി. ലോകം അത് സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ, അത് സാധ്യമാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു." - യുവരാജ് പ്രതികരിച്ചു.

ലോകകപ്പിലെ താരമെന്ന പകിട്ടിൽ നിൽക്കെയാണ് യുവിയുടെ ജീവനെപോലും വെല്ലുവിളിച്ച് കാൻസർ എത്തുന്നത്. യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളിയും അതുതന്നെയായിരുന്നു. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മത്സരങ്ങൾക്കിടെ പലപ്പോഴും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ഒന്നിലേറെ തവണ ഗ്രൗണ്ടിൽ വച്ച് ഛർദ്ദിച്ച യുവി ഇടയ്ക്കിടെ വൈദ്യ സഹായം തേടി. പിന്നീടാണ് കാൻസറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയിൽ വളർന്ന ട്യൂമറായിരുന്നു വില്ലൻ. ആദ്യം ശ്വാസകോശ കാൻസറാണെന്ന് റിപ്പോർട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമർ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കി.

വിദഗ്ധ ചികിത്സകൾക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. പിന്നീട് കളിക്കളത്തിലേക്ക് തിരികെയെത്തിയെങ്കിലും പഴയ റിഫ്‌ളക്‌സും ഫോമും അദ്ദേഹത്തിന് കൈമോശം വന്നുപോയിരുന്നു. ഒടുവിൽ 17 വർഷം നീണ്ട തന്റെ കരിയർ 2019-ൽ  അവസാനിപ്പിക്കുന്നതായി യുവി പ്രഖ്യാപിച്ചു.

Content Highlights: Only had 3-6 months to live, Yuvraj Singh recalls beating death during cancer treatment