പാക് വ്യോമാക്രമണത്തില്‍ അഫ്ഗാൻ താരങ്ങള്‍ കൊല്ലപ്പെട്ട സംഭവം;അനുശോചനമറിയിച്ച് യുവരാജ്

Photo: ANI
Photo: ANI

ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. തങ്ങളുടെ ചിന്തകൾ അവരോടൊപ്പമാണെന്നും സമാധാനമുണ്ടാകട്ടേയെന്നും യുവരാജ് എക്സിൽ കുറിച്ചു. ആക്രമണത്തിൽ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. സൗഹൃദമത്സരം കളിക്കാനായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങള്‍ക്ക്‌ ആക്രമണത്തിൽ ജീവന്‍ നഷ്ടമായത്.

അടുത്തിടെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട യുവ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകൾ അവരോടൊപ്പമുണ്ട്. അവരുടെ ഓർമ്മകൾ സമാധാനത്തിനും ഐക്യത്തിനും പ്രചോദനമാകട്ടെ.- യുവരാജ് എക്സിൽ കുറിച്ചു.

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പാക്‌ ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്‌സില്‍ കുറിച്ചു. പാകിസ്താന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തിയിരുന്നു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.

അതേസമയം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ വെള്ളിയാഴ്ച പാകിസ്താന്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് അഫ്ഗാന്‍ ആരോപിച്ചു. അഫ്ഗാനിലെ ഉര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതെന്നും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും വിവിധ സ്രോതസുകളെ ഉദ്ധരിച്ച് അഫ്ഗാനിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: yuvraj mourns afghan cricketers death