പന്തും മക്കല്ലവും സെവാഗും ഗില്ലിയുമെല്ലാം പിന്നില്‍; സിക്‌സറുകള്‍ തൂക്കി റെക്കോഡിട്ട് ജയ്‌സ്വാള്‍

പെര്‍ത്ത്: ഇന്ത്യയ്ക്കായി അരങ്ങേറിയതു മുതല്‍ മികച്ച ബാറ്റിങ്ങോടെ ടീമിലെ സ്ഥിരസാന്നിധ്യമാകുകയാണ് യുവതാരം യശസ്വി ജയ്‌സ്വാള്‍. ഇപ്പോഴിതാ പെര്‍ത്ത് ടെസ്റ്റിനിടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ടെസ്റ്റ് ബാറ്ററെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ജയ്‌സ്വാള്‍. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലായാലും ബാറ്റിങ് വെടിക്കെട്ടിന് അവധി നല്‍കാത്തവരായിരുന്നു മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും ന്യൂസീലന്‍ഡ് മുന്‍ താരം ബ്രെണ്ടന്‍ മക്കല്ലവും. ഇരുവരെയും പിന്നിലാക്കിയാണ് ജയ്‌സ്വാളിന്റെ തേരോട്ടം.
ഈ വര്‍ഷം ഇതുവരെ ടെസ്റ്റില്‍ 34 സിക്‌സറുകളായി ജയ്‌സ്വാളിന്റെ പേരില്‍. 2014-ല്‍ 33 സിക്‌സറുകള്‍ നേടിയ മക്കല്ലത്തെയാണ് ജയ്‌സ്വാള്‍ പിന്നിലാക്കിയത്. ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായിരുന്നു മക്കല്ലത്തിന്റെ നേട്ടമെങ്കില്‍ ഈ വര്‍ഷം ഇത് 12-ാം ടെസ്റ്റിലാണ് ജയ്‌സ്വാള്‍ ഈ നേട്ടം മറികടന്നിരിക്കുന്നത്. 2022-ല്‍ 26 സിക്‌സറുകള്‍ നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സാണ് ഈ പട്ടികയിലെ മൂന്നാമന്‍. 22 സിക്‌സറുകള്‍ വീതം നേടിയ ആദം ഗില്‍ക്രിസ്റ്റും (2005) സെവാഗുമാണ് (2008) തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ബെന്‍ സ്റ്റോക്ക്‌സ് - 21 (2016)
ഋഷഭ് പന്ത് - 21 (2022)
മാത്യു ഹെയ്ഡന്‍ - 20 (2001)
മാത്യു ഹെയ്ഡന്‍ - 20 (2003)
മിസ്ബാഹ് ഉള്‍ ഹഖ് - 20 (2015)
രോഹിത് ശര്‍മ - 20 (2019)
Content Highlights: Young Indian cricketer Yashavi Jaiswal breaks the record for most sixes in a calendar year in Test