വാറിയേഴ്‌സ് പൊരുതിവീണു; ദീപ്തി ശര്‍മ 60 പന്തില്‍ 88

Beth Mooney | Photo: ANI
Beth Mooney | Photo: ANI

ഡല്‍ഹി: ദീപ്തി ശര്‍മയുടെ ഒറ്റയാള്‍പോരാട്ടത്തിന് യു.പി.വാറിയേഴ്‌സിനെ രക്ഷിക്കാനായില്ല. നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്ത് ജയന്റസിനോട് എട്ട് റണ്‍സിന് തോറ്റതോടെ വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫ് സാധ്യത തുലാസിലായി. 

മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ എട്ടിന് 152. യു.പി 20 ഓവറില്‍ അഞ്ചിന് 144. 

60 പന്തില്‍ 88 റണ്‍സോടെ ദീപ്തി വാറിയേഴ്‌സിനായി തകര്‍പ്പന്‍ ബാറ്റിങാണ് പുറത്തെടുത്തത്. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.  36 പന്തില്‍ 36 റണ്‍സെടുത്ത പൂനം ഖെംനര്‍ ദീപ്തിക്ക് മികച്ച പിന്തുണ നല്‍കി. 

അഞ്ചിന് 35 റണ്‍സെന്ന തകര്‍ന്ന വാറിയേഴ്‌സിനെ കരകയറ്റിയത് ആറാം വിക്കറ്റില്‍ ദീപ്തിയും പൂനവുംനേടിയ 109 റണ്‍സ് കൂട്ടുകെട്ടാണ്. എന്നാല്‍ ടീമിനെ ജയത്തിലെത്തിക്കാനായില്ല.

52 പന്തില്‍ 74 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബെത്ത് മൂണിയുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് മാന്യമായ സ്‌കോര്‍ നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ മൂണിയും ലൗറ വോള്‍വര്‍ത്തും (43) ചേര്‍ന്ന് 60 റണ്‍സ് കൂട്ടിചേര്‍ത്ത് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 

മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്തത് ടീമിന് തിരിച്ചടിയായി. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് മൂണിയുടെ ഇന്നിങ്സ്. ലൗറ എട്ട് ഫോറും ഒരു സിക്സും നേടി. യു.പി.ക്കായി സോഫി എക്ലെസ്റ്റോണ്‍ മൂന്ന് വിക്കറ്റെടുത്തു.

Content Highlights: wpl gg vs upw