മന്ദാന മാജിക്: ബെംഗളൂരുവിന്റെ നെറുകയിൽ രണ്ടാം WPL കിരീടം, നാലാംതവണയും ഫൈനലിൽ വീണ് ഡൽഹി

വഡോദര: കളത്തിന് പുറത്തെ ഉറ്റ സുഹൃത്തുക്കൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ, സ്മൃതി മന്ദാനയുടെ ചിരിക്കും ജെമീമ റോഡ്രിഗസിന്റെ കണ്ണീരിനുമാണ് വഡോദര കൊട്ടംബി സ്‌റ്റേഡിയം സാക്ഷിയായത്. തുടർച്ചയായ നാലാം തവണയും ഫൈനൽ കടമ്പയിൽ കാലിടറി ഡൽഹി ക്യാപിറ്റൽസ് 'നിർഭാഗ്യവാന്മാരുടെ' ടീമായി മാറിയപ്പോൾ, കാത്തിരുന്ന കിരീടം ബാംഗ്ലൂരിലേക്ക് എത്തിച്ച് സ്മൃതി മന്ദാന ഒരിക്കൽക്കൂടി ചരിത്രം രചിച്ചു. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന പഴഞ്ചൊല്ല് തിരുത്തി നാലാം തവണയും ഭാഗ്യം തുണയ്ക്കാത്ത ഡൽഹിക്ക് മുന്നിൽ, നയിച്ചും പൊരുതിയും സ്മൃതി മന്ദാന കപ്പുയർത്തിയപ്പോൾ അത് ഡബ്ല്യു.പി.എൽ. ചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ പോരാട്ടമായി മാറി.
ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും, ജോർജിയ വോൾ, സ്മൃതി മന്ദാന എന്നീ പോരാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഡൽഹിയുടെ പോരാട്ടം വീണ്ടും റണ്ണേഴ്‌സ് അപ്പ് ട്രോഫിയിൽ ഒതുങ്ങി. ബെംഗളൂരുവിന്റെ രണ്ടാം ഡബ്ല്യു.പി.എൽ. കിരീടമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ബെംഗളൂരു 19.4 ഓവറിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: 204/ 4 (19.4 ഒവർ). രണ്ട് പന്തുകൾ ശേഷിക്കേയാണ് ബെംഗളൂരുവിന്റെ ജയം.
ആദ്യ വിക്കറ്റായി ഗ്രേസ് ഹാരിസിനെ (9) വേഗത്തിൽ നഷ്ടമായത് ബെംഗളൂരുവിന് തിരിച്ചടിയായെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച ക്യാപ്റ്റൻ സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്ന് ഡൽഹി ബൗളർമാരെ നിലംപരിശാക്കി. രണ്ടാംവിക്കറ്റിൽ ഇരുവരും ചേർന്ന് 92 പന്തിൽ 165 റൺസ് ചേർത്ത് അപരാജിത കൂട്ടുകെട്ടുയർത്തിയതോടെത്തന്നെ മത്സരം ബെംഗളൂരുവിന്റെ വരുതിയിലായിരുന്നു. 41 പന്തിൽ മൂന്ന് സിക്സും 12 ഫോറും സഹിതം 41 പന്തിൽ 87 റൺസ് നേടിയ സ്മൃതിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. ജോർജിയ വോൾ 54 പന്തിൽ 79 റൺസ് നേടി പുറത്തായി. 14 ഫോറുകൾ ചേർന്നതാണ് ഇന്നിങ്സ്. റിച്ച ഘോഷ് (6) മൂന്നാമതായും പുറത്തായി. സ്മൃതിയേയും ജോർജിയയേയും അവസാനം പുറത്താക്കി ഡൽഹി ബെംഗളൂരുവിനെ ഞെട്ടിച്ചെങ്കിലും ജയം അപ്പോഴേക്കും കൈയിൽനിന്ന് അകന്നിരുന്നു. നന്ദിൻ ഡി ക്ലാർക്കും രാധ യാദവുമാണ് വിജയ റൺ കുറിക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത്.
നേരത്തേ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് ഡൽഹി നേടിയത്. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ അർധസെഞ്ചുറിയും മറ്റ് മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനവുമാണ് ഡൽഹിയെ വലിയ സ്കോറിലെത്തിച്ചത്.
37 പന്തുകളിൽ നിന്ന് 8 ഫോറുകളടക്കം 57 റൺസ് നേടിയ ക്യാപ്റ്റൻ ജെമീമ തന്നെയാണ് ഫൈനലിലെ ടീമിന്റെ ഹീറോ. ലോറ വോൾവാർട്ട് 25 പന്തിൽ 44 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ലിസെല്ലെ ലീ 30 പന്തിൽ 37 റൺസും ഷഫാലി വർമ്മ 13 പന്തിൽ 20 റൺസും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ചിനെല്ലെ ഹെൻറി 15 പന്തിൽ പുറത്താകാതെ 35 റൺസ് എടുത്തതോടെ ടീം സ്കോർ 200 കടന്നു.
ലിസെല്ലെ ലീയും ഷഫാലി വർമ്മയും ചേർന്ന് ആദ്യ വിക്കറ്റിൽ 35 പന്തുകളിൽ നിന്നും 49 റൺസ് നേടി ടീമിന് മികച്ച തുടക്കം നൽകി. ജെമീമ റോഡ്രിഗസും ലോറ വോൾവാർട്ടും ചേർന്ന് 51 പന്തുകളിൽ നിന്നും 76 റൺസ് കൂട്ടിച്ചേർത്തതോടെ ടീം സ്കോർ ഉയർന്നു.
ബെംഗളൂരുവിനായി സയാലി സത്ഗാരെ, അരുന്ധതി റെഡ്ഡി, നാഡിൻ ഡി ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ ഡൽഹി ബാറ്റർമാരുടെ ആധിപത്യം തടയാൻ ഇവർക്ക് കഴിഞ്ഞില്ല. ലോറൻ ബെൽ തന്റെ 4 ഓവറിൽ വെറും 19 റൺസ് മാത്രം വിട്ടുകൊടുത്ത് മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
Content Highlights: WPL 2024 Final: Royal Challengers Bengaluru Opt to Bowl Against Delhi Capitals