WPL താരലേലം കൊച്ചിയിൽ; ടൂർണമെന്റ് അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് അഞ്ചാം സീസൺ അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും. 2027 ജനുവരി 14 മുതൽ ഫെബ്രുവരി ഏഴുവരെ ടൂർണമെന്റ് നടക്കുമെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രമുഖമായ ഫ്രാഞ്ചൈസി ടി20 ലീഗാണ് ഡബ്യുപിഎൽ.
ടൂർണമെന്റ് ആംരഭിക്കുന്നതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന്റെ തീയതിയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഒക്ടോബർ 28-ന് ലേലം നടക്കും. കൊച്ചിയിൽ വെച്ചായിരിക്കും ലേലം നടക്കുകയെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ഫ്രാഞ്ചൈസികൾക്ക് ടീമുകളെ അഴിച്ചുപണിയാനുള്ള അവസരം ലഭിക്കും.
ലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളെ ഓരോ ഫ്രാഞ്ചൈസികളും പ്രഖ്യാപിക്കേണ്ടതുണ്ട്. സെപ്റ്റംബർ 28 ആണ് ഇതിന്റെ അവസാനതീയതി. അഞ്ച് ഫ്രാഞ്ചൈസികളും നിലനിർത്തുന്ന താരങ്ങളുടെ വിവരം പുറത്തുവിടണം. അതിന് ശേഷമാണ് ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക തയ്യാറാക്കുക.
Content Highlights: WPL Season 5 scheduled from January 14 to February 7, 2027., Player auction will take place in Kochi on October 28, 2026