കൺമുന്നിൽ കിരീടം; മൂന്നിൽ നേടാൻ ഇന്ത്യ, കന്നിയങ്കത്തിന് ദക്ഷിണാഫ്രിക്കയും

മുംബൈ: രണ്ടുതവണ ഫൈനലിൽ കീഴടങ്ങേണ്ടിവന്നതിന്റെ വിഷമം തീർത്ത് കപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ. ആദ്യമായി കിരീടപോരാട്ടത്തിനെത്തിയത് കപ്പുമായി ആഘോഷിക്കാൻ ദക്ഷിണാഫ്രിക്ക. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ആഘോഷമാക്കാൻ ഇരുടീമുകളും സർവസന്നാഹവുമായി ഇറങ്ങുമ്പോൾ പോരാട്ടം കനക്കും. മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും കിരീടം തേടിയിറങ്ങും. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. ആരു ജയിച്ചാലും ഇത്തവണ പുതിയ ജേതാവുണ്ടാകും.
മൂന്നിൽ നേടാൻ ഇന്ത്യ
ഇതിനുമുൻപ് രണ്ടുതവണ ഫൈനലിൽ കളിച്ചപ്പോഴും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. ഇതിന്റെ മുറിവുണക്കാൻ ഇത്തവണ ജയം അനിവാര്യമാണ്. 2005-ൽ ഓസ്‌ട്രേലിയയോടും 2017-ൽ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവെച്ചത്. മൂന്നാമങ്കത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും.
സെമിഫൈനലിൽ റെക്കോഡ് റൺചേസോടെ ഓസ്‌ട്രേലിയയെ മറികടന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പകരംവീട്ടാമെന്ന മോഹവും മത്സരത്തിനിറങ്ങുമ്പോൾ ടീമിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ചരിത്രവും ടീമിന് അനുകൂലമാണ്.
ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഓപ്പണറായി ഷെഫാലി വർമയും സ്മൃതി മന്ഥാനയും ഇറങ്ങും. ആറ് ബൗളർമാർ എന്ന ഘടന വരുമ്പോൾ ഹെർലിൻ ഡിയോൾ പുറത്തിരിക്കും. ക്യാപ്റ്റൻ ഹർമൻപ്രീത് ബാറ്റിങ്ങിൽ ഫോം കണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയശില്പി ജമീമ റോഡ്രിഗസിൽനിന്ന് മികച്ച ഒരു ഇന്നിങ്‌സുകൂടി ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ് നിര പ്രതിക്ഷയ്ക്കൊത്ത് ഉയരാത്തതാണ് മാനേജ്‌മെന്റിനെ അലട്ടുന്നത്. ടൂർണമെന്റിൽ ഒന്നോ രണ്ടോ കളികളിൽ മാത്രമാണ് മികച്ച ഫോമിലേക്കുയർന്നത്.
കന്നിയങ്കം ജയിക്കാൻ ദക്ഷിണാഫ്രിക്ക
ആദ്യമായി ഫൈനലിൽ കടന്നതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ അനായാസം മറികടന്നത് പ്രതീക്ഷയുയർത്തിയിട്ടുണ്ട്. ക്യാപ്റ്റൻ ലോറ വോൾവർത്തും ഓൾറൗണ്ടർ മരിസാന കാപ്പുമാണ് ടീമിന്റെ മുഖ്യപ്രതീക്ഷ. ബാറ്റിങ്ങിൽ ടസ്മിൻ ബ്രിറ്റ്‌സ്, ഓൾറൗണ്ടർമാരായ ക്ലോയി ട്രയോണും നദീൻ ഡി ക്ലർക്കും ഫോമിലേക്കുയർന്നാൽ ടീമിന് ജയിക്കാൻ കഴിയും. ഇന്ത്യക്കെതിരായ മത്സരത്തിൽ നദീനാണ് കളിയിലെ താരമായത്. അന്ന് ക്ലോയിയും തിളങ്ങിയിരുന്നു.
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്കെത്തുന്നത്. ക്യാപ്റ്റൻ വോൾവർത്ത് മുന്നിൽനിന്ന് നയിക്കുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്. വലിയ സ്കോർ പടുത്തുയർത്താനും ചേസ് ചെയ്യാനുമുള്ള ആഴം ബാറ്റിങ് നിരയ്ക്കുണ്ട്. സെമിഫൈനലിൽ ജയിച്ച ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.
പിച്ച് റിപ്പോർട്ട്
പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണ്. വലിയ സ്കോർ പിറക്കാനാണ് സാധ്യത. മഞ്ഞുവീഴ്ചയുള്ളത് രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിനെ കുഴക്കാനിടയുണ്ട്. മഴഭീഷണി നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച റിസർവ് ഡേ അയതിനാൽ മഴകാരണം കളി മുടങ്ങിയാൽ അടുത്തദിവസത്തേക്ക് നീളും.
Content Highlights: India Aims for Maiden Title Against South Africa in Thrilling Cricket World Cup Final