‘പാകിസ്താൻ മികച്ച ടീം’; ഇന്ത്യയ്ക്കെതിരേ നാണംകെട്ട തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ അവകാശവാദം

#സ്പോർട്സ് ഡെസ്ക്
പാകിസ്താൻ താരങ്ങൾ | gettyimages
പാകിസ്താൻ താരങ്ങൾ | gettyimages

ദുബായ്: വനിതാ ഏഷ്യാകപ്പിലെ ഏറ്റവും മികച്ച ടീം പാകിസ്താനാണെന്ന് പാക് കോച്ച് വഹാബ് റിയാസ്. പാകിസ്താൻ കിരീടം നേടാൻ സാധ്യതയുള്ള ടീമാണെന്നും ഇന്ത്യക്കെതിരായ മത്സരത്തിൽ സംഭവിച്ച പിഴവുകൾ തിരുത്തുമെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു. ഇന്ത്യക്കെതിരേ 55 റൺസിന് ഓൾഔട്ടായ പാകിസ്താൻ ഏഴു വിക്കറ്റ് തോൽവിയാണ് ഏറ്റുവാങ്ങിയത്. ഏഷ്യാകപ്പിൽ ഇതുവരെ സെമി ഉറപ്പിക്കാൻ പാകിസ്താനായിട്ടില്ല. ഹോങ്കോങ്ങിനെതിരായ അവസാന ഗ്രൂപ്പ് മത്സരം നിർണായകമാണ്.

ഞങ്ങളുടെ ടീമിലെ എല്ലാ കളിക്കാരും പ്രതിഭാധനരാണെന്നും അവർക്ക് സ്വന്തം കഴിവിൽ വിശ്വാസം മാത്രമാണ് വേണ്ടതെന്നും ഞാൻ കരുതുന്നു. ഞങ്ങളുടെ അടുത്ത മത്സരം ഹോങ്കോങ്ങിനെതിരെയാണ്. ഇന്ത്യക്കെതിരായ മത്സരത്തിൽ ഞങ്ങൾക്ക് എവിടെയാണ് പിഴവ് പറ്റിയതെന്ന് ചർച്ച ചെയ്യും. അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായതിനാൽ, ഈ ഏഷ്യാ കപ്പ് കിരീടം ചൂടാൻ സാധ്യതയുള്ളതും ഏറ്റവും മികച്ച ടീമും പാകിസ്താനാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു."- വഹാബ് റിയാസ് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാക് ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയത് വിമർശിച്ച പാകിസ്താൻ മുൻ വനിതാ ടീം ക്യാപ്റ്റൻ സനാ മിറിന്റേത് അവരുടെ അഭിപ്രായം മാത്രമാണെന്നും വഹാബ് റിയാസ് പറഞ്ഞു. സനാ മിറിന് അവരുടേതായ അഭിപ്രായമുണ്ട്. അതിൽ എനിക്കൊന്നും ചെയ്യാനില്ല. ഭാവിയെ മുൻനിർത്തിയാണ് ഞങ്ങൾ മാറ്റങ്ങൾ വരുത്തിയത്. മുൻപ് കളിച്ചിരുന്ന താരങ്ങൾക്ക് ധാരാളം ലോകകപ്പുകളും ഏഷ്യാ കപ്പുകളും കളിച്ച അനുഭവപരിചയമുണ്ട്. എന്നാൽ, ഞങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിച്ചില്ല. അതിനാൽ വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി പുതിയ മുഖങ്ങളെ കൊണ്ടുവരാനും പുതിയ വനിതാ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനുമുള്ള സമയമായിരുന്നു ഇത്."-വഹാബ് റിയാസ് കൂട്ടിച്ചേർത്തു.

"ആരെയാണ് ഞങ്ങൾ ഒഴിവാക്കിയത് എന്നതല്ല കാര്യം. യാഥാർഥ്യത്തെയാണ് നമ്മൾ അഭിമുഖീകരിക്കേണ്ടത്. ഒഴിവാക്കപ്പെട്ട താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു."- അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരേ 18.1 ഓവറിലാണ് പാകിസ്താൻ 55 റൺസിന് പുറത്തായത്. ഇതിന് മുൻപ്‌ 2024-ൽ ന്യൂസീലൻഡിനെതിരേ 56 റൺസിന് പുറത്തായതായിരുന്നു ടി20 ക്രിക്കറ്റിലെ പാകിസ്താന്റെ ഏറ്റവും കുറഞ്ഞ സ്കോർ. ഏഴ് റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇടംകൈ സ്പിന്നർ ശ്രീചരണിയും ഒൻപത് റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ പ്രേമ റാവത്തും ചേർന്നാണ് പാകിസ്താനെ തകർത്തത്. ഓഫ് സ്പിന്നർ ദീപ്തി ശർമ അഞ്ച് റൺസിന് രണ്ട് വിക്കറ്റെടുത്തു. ഓഫ് സ്പിന്നർ ഷെഫാലി വർമ ഒരു വിക്കറ്റെടുത്തു. ഇതോടെ ഒൻപത് വിക്കറ്റ് സ്പിന്നർമാർക്കായി. 31 റൺസ് മാത്രമാണ് സ്പിന്നർമാർ വിട്ടുകൊടുത്തത്.

ചെറിയ സ്കോർ പിന്തുടരാനിറങ്ങിയ ഇന്ത്യയെ സ്പിന്നിന് അനുകൂലമായ പിച്ചിൽ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന വിറപ്പിച്ചു. ഷെഫാലി വർമ (12), സ്മൃതി മന്ദാന (ഒൻപത്), പ്രാഥിത റാവൽ (നാല്) എന്നിവർ പെട്ടെന്ന് വീണു. എന്നാൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും (18),ദീപ്തി ശർമയും (12) ഉറച്ചുനിന്നതോടെ ജയം സ്വന്തമായി.

Content Highlights: Wahab Riaz claims Pakistan is the best team to win the Women's Asia Cup., Pakistan was bowled out for 55 runs against India.