ദുബായിയില്‍ ട്വന്റി 20 ഫെസ്റ്റ്; വനിതാ ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക പോരാട്ടം

ദുബായ്: വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ഞായറാഴ്ച മുഖാമുഖം. രാത്രി 7.30 മുതല്‍ ദുബായിലാണ് മത്സരം. ഇരുടീമുകളും ഇതുവരെ ട്വന്റി 20 ലോകകപ്പ് നേടിയിട്ടില്ലാത്തതിനാല്‍ ഇക്കുറി പുതിയ ചാമ്പ്യന്‍ വരും.
കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മായ്ക്കാനുള്ള സുവര്‍ണാവസരമാണിത്. ഇക്കുറി സെമിഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ടീമിന്റെ ആവേശമുയര്‍ത്തും. ഈ ലോകകപ്പിലെ റണ്‍നേട്ടത്തില്‍ മുന്നിലുള്ള ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ത്ത് (അഞ്ചുകളി, 190 റണ്‍സ്), ടാസ്മിന്‍ ബ്രിറ്റ്സ് (അഞ്ചു കളി, 170 റണ്‍സ്), പത്തുവിക്കറ്റ് നേടിയ നോണ്‍കുലുലേക്കോ മലാബ തുടങ്ങിയവരാണ് ടീമിന്റെ കുതിപ്പിന് നേതൃത്വം നല്‍കിയത്.
വനിതാ ടി 20 ലോകകപ്പിലെ ആദ്യ രണ്ട് എഡിഷനിലും (2009, 2010) ഫൈനലിലെത്തിയ ന്യൂസീലന്‍ഡിന് അതിനുശേഷമുള്ള ആദ്യഫൈനലാണിത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, ഓപ്പണര്‍ സൂസി ബേറ്റ്സ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് കപ്പോടെ യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂസീലന്‍ഡ്.
Content Highlights: women t20 world cup final new zealand vs south africa