'ഞങ്ങള്‍ ഗിനി പന്നികളല്ല, കാര്യങ്ങള്‍ സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമം'- ജേസണ്‍ ഹോള്‍ഡര്‍

ലണ്ടൻ: ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റിൻഡീസിൽ നിന്ന് ഇംഗ്ലണ്ടിലെത്തിയതിന് പിന്നിൽ പണവും സാഹസിക ചിന്തയുമല്ലെന്നും കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്താൻ വേണ്ടിയാണെന്നും വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ക്രിക്കറ്റിനായി അക്ഷമരായി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. സമ്മറിൽ ഇംഗ്ലണ്ട് പര്യടനം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. അതിനു വേണ്ടി വന്നതാണ്. അതല്ലാതെ പരീക്ഷണത്തിന് വിധേയരാകുന്ന ഗിനി പന്നികളല്ല ഞങ്ങൾ. എല്ലാവരും ആത്മവിശ്വാസത്തോടെയാണ് യാത്ര പുറപ്പെട്ടത്. ഇംഗ്ലണ്ടിലും കാര്യങ്ങൾ സുരക്ഷിതമാണ്. ആരേയും നിർബന്ധിപ്പിച്ച് ഇംഗ്ലണ്ടിൽ കൊണ്ടുപോയിട്ടില്ല, ഹോൾഡർ വ്യക്തമാക്കുന്നു.
ഒരു ആരോഗ്യപ്രവർത്തകനുള്ള പ്രയാസം നമുക്ക് നേരിടില്ലെന്നും അവർക്കൊരിക്കലും വീട്ടിലിരുന്ന് വൈറസിനെതിരേ പൊരുതാനാവില്ലെന്നും ഹോൾഡർ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ എല്ലാ സുരക്ഷാ മുൻകരുതലോടേയും വെസ്റ്റിൻഡീസ് ടീമിന്റെ ഭാഗത്തു നിന്നുള്ള ശ്രമമായി ഇതിനെ കണ്ടാൽ മതിയെന്നും ഹോൾഡർ കൂട്ടിച്ചേർത്തു. സുരക്ഷ ഒരുക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനും ഹോൾഡർ നന്ദി പറഞ്ഞു.
വംശീയ അധിക്ഷേപത്തെ കുറിച്ചുള്ള മുൻ ക്യാപ്റ്റൻ ഡാരെൻ സമിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും ഹോൾഡർ സംസാരിച്ചു. ഇത്തരം തുറന്നുപറച്ചിലുകൾ തങ്ങളുടെ ഊർജ്ജം കൂട്ടുമെന്നും ഇനി ഇങ്ങനെയുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകില്ലെന്നാണ് പ്രതീക്ഷയെന്നും ഹോൾഡർ വ്യക്തമാക്കി.
മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കാണ് വിൻഡീസ് ടീം ഇംഗ്ലണ്ടിലെത്തിയത്. ഓൾഡ് ട്രാഫോഡിലുള്ള ടീം നിലവിൽ ക്വാറന്റീനിലാണ്. അതിനുശേഷം പരിശീലനത്തിനിറങ്ങും. തുടർന്ന് സതാംപ്ടണിൽ ആദ്യ ടെസ്റ്റ് നടക്കും.
Content Highlights: