ബുംറയെ 6 സിക്‌സറടിക്കുമെന്ന് പറഞ്ഞ പാക് താരം 4 തവണ ഡക്ക്; ടീമില്‍ നിന്ന് മാറ്റിനിര്‍ത്തൂ എന്ന് വഖാര്‍ യൂനിസ്

Photo: AP
Photo: AP

ദുബായ്: ഏഷ്യാ കപ്പില്‍ മോശം ഫോമിലുള്ള പാകിസ്താന്‍ താരം സയിം അയൂബിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മുന്‍ പാക് താരം വഖാര്‍ യൂനിസ്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഡക്കായതോടെയാണ് അയൂബിനെതിരേ വഖാര്‍ രംഗത്തെത്തിയത്. ടൂര്‍ണമെന്റില്‍ ഇത് നാലാം തവണയാണ് താരം ഡക്കായി മടങ്ങുന്നത്.

ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് സയിമിന് റണ്‍സെടുക്കാന്‍ കഴിഞ്ഞത്. ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 17 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയതു മാത്രമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.

ബൗളിങ്ങില്‍ ഫോമിലാണെങ്കിലും 23-കാരനായ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നാണ് വഖാറിന്റെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് ബാറ്റിങ് ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്നും വഖാര്‍ ചൂണ്ടിക്കാട്ടി.

''രണ്ടാം തവണ ഡക്കായപ്പോള്‍ തന്നെ ഈ വ്യക്തിയെ ബെഞ്ചിലിരുത്തണമെന്ന് ഞാന്‍ പറഞ്ഞതാണ്. അതിനര്‍ഥം അദ്ദേഹം കഴിവില്ലാത്തവനാണ് എന്നല്ല. അദ്ദേഹം വളരെ കഴിവുള്ളവനാണ്. പാകിസ്താന്‍ ക്രിക്കറ്റിന്റെ ഭാവി അദ്ദേഹമാണെന്നും ഞാന്‍ കരുതുന്നു. എന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ശരിയായി നടക്കാത്തപ്പോള്‍ നിങ്ങളുടെ പ്രകടനം താഴെപ്പോകും. അതാണ് ഇവിടെ അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. മൈതാനത്തേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ മോശമായിരുന്നു.'' - വഖാര്‍ ചൂണ്ടിക്കാട്ടി.

''അവന്‍ ഒരു ചെറുപ്പക്കാരനാണ്. ചിലപ്പോള്‍ കളിക്കാന്‍ അനുവദിക്കാതെ അവനെ പരിപാലിക്കേണ്ടതുണ്ട്.

പാകിസ്താന്‍ അവനെ തുടര്‍ന്നും കളിപ്പിച്ചു. അവന് പന്തെറിയാന്‍ കഴിയും എന്നതുകൊണ്ടായിരുന്നു അത്. അവന്റെ ബൗളിങ്ങിന്റെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ബാറ്റിങ്ങിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്.'' - വഖാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ ആദ്യ മത്സരത്തിനു മുമ്പുതന്നെ ശ്രദ്ധ നേടിയ പേരാണ് പാക് ഓള്‍റൗണ്ടര്‍ സയിം അയൂബിന്റേത്. സയിം, ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്സറടിക്കുമെന്ന് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് അവകാശപ്പെട്ടതായിരുന്നു കാരണം. എന്നാല്‍ ആ മത്സരത്തില്‍ ആറു സിക്സ് നേടാന്‍ പോയിട്ട് ഒരു റണ്ണെടുക്കാന്‍ പോലും സയിമിന് സാധിച്ചിരുന്നില്ല. ബുംറയെ നേരിടാന്‍പോലും കാത്തുനിര്‍ത്താതെ താരത്തെ ആദ്യ പന്തില്‍ത്തന്നെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു.

ഒമാനെതിരായ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സയിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഷാ ഫൈസല്‍, സയിമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നാലെ യുഎഇക്കെതിരായ മത്സരത്തിലും താരം ഡക്കായാണ് മടങ്ങിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ താരത്തെ ജുനൈദ് സിദ്ധിഖ് പുറത്താക്കുകയായിരുന്നു.

Content Highlights: Former Pakistan pacer Waqar Younis advises dropping Saim Ayub from the playing XI due to his repeated batting failures in the Asia Cup, emphasizing the need to protect his talent.