കോണ്‍സ്റ്റാസുമായി 'ഏറ്റുമുട്ടി' വിരാട് കോലി; വാക്കേറ്റം, നടപടി ആവശ്യപ്പെട്ട് മുന്‍താരങ്ങള്‍ |Video

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ താരം വിരാട് കോലി ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ ചൊടിപ്പിക്കാന്‍ നടത്തിയ ശ്രമം വിവാദങ്ങള്‍ക്ക് വഴിവെച്ചു. 19-കാരനായ കോണ്‍സ്റ്റാസിന്റെ ധീരമായ ബാറ്റിങ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിനിടെ വിരാട് കോലി താരത്തെ പ്രകോപിപ്പിക്കാനെന്നോണം നടത്തിയ കൂട്ടിയിടി താരങ്ങള്‍ തമ്മില്‍ ചൂടേറിയ വാക്കേറ്റത്തിനും ഇടയാക്കി.
പത്താം ഓവര്‍ കഴിഞ്ഞതിന് ശേഷം താരങ്ങള്‍ ബാറ്റിങ് എന്‍ഡ് മാറുമ്പോഴായിരുന്നു സംഭവം. മുഹമ്മദ് സിറാജിന്റെ അവസാന പന്തില്‍ സിംഗിള്‍ എടുത്ത ശേഷം, കോണ്‍സ്റ്റാസ് തന്റെ ഗ്ലൗസ് അഴിച്ചുമാറ്റി മറ്റേ അറ്റത്തുള്ള തന്റെ ബാറ്റിങ് പങ്കാളിയായ ഉസ്മാന്‍ ഖവാജയുടെ അടുത്തേക്ക് നടക്കാന്‍ തുടങ്ങി. ഇതിനിടെ പന്തുമായി നടന്നെത്തിയ കോലി കോണ്‍സ്റ്റാസിന്റെ തോളില്‍ കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് ഖവാജയാണ് ഇരുവരേയും കൂടുതല്‍ തര്‍ക്കങ്ങളില്‍നിന്ന് പിന്തിരിപ്പിച്ചത്.
എന്നാല്‍ കോലിയുടെ നടപടിക്കെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തി. ശാരീരികമായി നേരിട്ട കോലിക്കെതിരെ മാച്ച് റഫറി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങും രംഗത്തെത്തി.
ഈ സംഭവം വിരാട് കോലിയുടെ തെറ്റാണെന്ന് വാദിച്ച പോണ്ടിങ് വിരാട് എങ്ങനെയാണ് നടന്നുവരുന്നതെന്ന് ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പറഞ്ഞു. മനഃപുര്‍വ്വം ഒരു ഏറ്റുമുട്ടലിന് കോലി പ്രേരിപ്പിച്ചു എന്നതില്‍ സംശയമില്ലെന്നും പോണ്ടിങ് വ്യക്താക്കി.
മത്സരത്തില്‍ കനത്ത വെല്ലുവിളിയാണ് അരങ്ങേറ്റക്കാരനായ കോണ്‍സ്റ്റാസ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയത്. ഖവാജയ്‌ക്കൊപ്പം ഓപ്പണറായി എത്തിയ കോണ്‍സ്റ്റാസിന്റെ ട്വന്റി-20 ബാറ്റിങ് ശൈലിയിൽ ബുംറയടക്കം ചൂടറിഞ്ഞു. 65 പന്തില്‍നിന്ന് 60 എടുത്ത താരം ഒടുവില്‍ രവീന്ദ്ര ജഡേജയ്ക്ക് മുന്നിലാണ് കീഴടങ്ങിയത്.
Content Highlights: Virat Kohlis Act To Unsettle Sam Konstas Leads To Heated Clash On Field