അന്താരാഷ്ട്ര ക്രിക്കറ്റില്‍ മധുരപ്പതിനാറ് തികച്ച് കോലി; അഭിനന്ദനമറിയിച്ച് ജയ്ഷായും ആര്‍.സി.ബി.യും

Photo | ANI
Photo | ANI

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ. 2008 ഓഗസ്റ്റ് 18-നാണ് കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം. അന്ന് ധാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിനത്തിലാണ് കോലി കന്നി മത്സരം കളിച്ചത്. 

'16 വര്‍ഷം മുന്‍പ് ഇതേദിവസം ഒരു 19 വയസ്സുകാരന്‍ ആദ്യമായി അന്താരാഷ്ട്ര വേദിയിലേക്ക് ചുവടുവെച്ച്, ഐതിഹാസികമായ ഒരു കരിയറിന് തുടക്കംകുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ 'കിങ്ങി'ന് അഭിനന്ദനങ്ങള്‍' -ജയ്ഷാ എക്‌സില്‍ കുറിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും ജഴ്‌സിയണിഞ്ഞ കോലിയും പശ്ചാതലത്തില്‍ പാറിപ്പറക്കുന്ന ഇന്ത്യന്‍ പതാകയും തിങ്ങിനിറഞ്ഞ ആരാധകരും ചേര്‍ന്നുള്ള ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

2008-ല്‍ ക്വലാലംപുരില്‍ നടന്ന അണ്ടര്‍-19 ലോകകപ്പ് വിജയിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്നു കോലി. ടൂര്‍ണമെന്റ് കഴിഞ്ഞ് രണ്ട് മാസത്തിനകം താരത്തിന് ദേശീയ ടീമിലേക്ക് വിളിവന്നു. അങ്ങനെയാണ് ഓഗസ്റ്റ് 18-ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിറങ്ങിയത്. അന്ന് നിലവിലെ ഇന്ത്യന്‍ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങി 12 റണ്‍സ് നേടി. ആ പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ 159 റണ്‍സാണ് താരത്തിന് നേടാനായത്. 

16 വര്‍ഷം പൂര്‍ത്തിയാക്കിയ കോലിക്ക് അഭിനന്ദനമറിയിച്ച് ബെംഗളൂരുവും രംഗത്തെത്തി. ഇക്കാലയളവില്‍ 295 ഏകദിനങ്ങളില്‍ 13,906 റണ്‍സാണ് കോലി നേടിയത്. ഏകദിനത്തില്‍ 50 സെഞ്ചുറികളോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോഡും കൂട്ടിനുണ്ട്. 113 ടെസ്റ്റുകളില്‍നിന്ന് 8848 റണ്‍സും 125 ടി20യില്‍നിന്ന് 4188 റണ്‍സും കോലിയുടെ പേരിലുണ്ട്. 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2024 ടി20 ലോകകപ്പ് എന്നിവ നേടിയ ടീമിലെ അംഗമാണ്. ടി20 ലോകകപ്പിനു പിന്നാലെ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ചിരുന്നു. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനും കോലിയാണ്. 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും ഇന്ത്യയെ വിജയിപ്പിച്ചു.
 

Content Highlights: virat kohli on completing 16 years in international cricket