വിനു മങ്കാദ് ട്രോഫി; ഏഴ് വിക്കറ്റ് നേട്ടവുമായി കോട്ടയം സ്വദേശി ആദിത്യ ബൈജു

കുമരകം : അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി കോട്ടയം കുമരകം സ്വദേശി ആദിത്യ ബൈജു. ഹൈദരാബാദിൽ നടന്ന ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ കേരളത്തിനായി ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. കുമരകം ജ്യോതിർഭവനിൽ ബൈജു-സ്മിത ദമ്പതിമാരുടെ മകനാണ്. കുമരകം സ്വദേശിയായ ആദിത്യ വളർന്നത് ദുബായിലാണ്. അച്ഛന്റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ക്രിക്കറ്റിലേക്ക് ചുവടുവെയ്ക്കുന്നത്. അച്ഛൻ ബൈജു ജില്ല, സോൺ തലങ്ങൾവരെയുള്ള ടീമുകളിൽ കളിച്ചിട്ടുണ്ട്. അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്റെ സ്‌പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡിനെ 297-ൽ പിടിച്ചുകെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. പത്ത് ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. പക്ഷേ, കേരളം 131 റൺസിന്റെ തോൽവിക്ക് വഴങ്ങി. കഴിഞ്ഞ വർഷവും കേരളത്തിന്റെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു ആദിത്യ.
കെ.സി.എ.യുടെ എലൈറ്റ് ടൂർണമെന്റുകളായ കോറമന്റൽ ട്രോഫിയിലും സെലസ്റ്റിയൽ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. കോറമാന്റൽ ട്രോഫിയിൽ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സെലസ്റ്റിയൽ കപ്പിലെ പ്രോമിസിങ് പ്ലെയറായിരുന്നു ആദിത്യ. ഈ മികവാണ് തുടർച്ചയായ രണ്ടാം വർഷവും അണ്ടർ 19 ടീമിലേക്ക് വഴി തുറന്നത്.
Content Highlights: vinoo mankad trophy aditya biju seven wickets haul