‘കാംബ്ലിയുടെ മസ്തിഷ്കത്തിൽ ക്ലോട്ട്, ഏതുനിമിഷവും പക്ഷാഘാതമുണ്ടായേക്കാം’-വെളിപ്പെടുത്തലുമായി സുഹൃത്ത്

മുംബൈ: മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ മസ്തിഷ്‌കത്തിൽ നീക്കംചെയ്യാൻ കഴിയാത്തവിധം രക്തം കട്ടപിടിച്ചതായി സുഹൃത്ത് മാർക്കസ് കൂട്ടോയുടെ വെളിപ്പെടുത്തൽ. അവശ്യ മുൻകരുതൽ എടുക്കാതിരുന്നതിനാൽ ഇത് നീക്കം ചെയ്യാനാവില്ലെന്നും ഏത് നിമിഷവും പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
കാംബ്ലിയുടെ ഓർമശക്തിയേയും ഇത് ബാധിച്ചിട്ടുണ്ട്. നിലവിൽ ഇച്ഛാശക്തികൊണ്ട് മാത്രമാണ് അദ്ദേഹം പിടിച്ചുനിൽക്കുന്നതെന്നും സുഹൃത്ത് പറയുന്നു. 2024 ഡിസംബറിൽ മൂത്രനാളിയിലെ അണുബാധയെയും പേശീവലിവുകളെയും തുടർന്ന് താനെയിലെ അകൃതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
കാംബ്ലിയെ സഹായിക്കാനായി ക്രിക്കറ്റ് താരങ്ങൾ അടങ്ങുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പ് വഴി സുഹൃത്തുക്കൾ സാമ്പത്തിക സഹായം നൽകുന്നുണ്ട്. മദ്യപാന ശീലം ഉപേക്ഷിച്ചെങ്കിലും ഇപ്പോഴും സിഗരറ്റ് വലിക്കുന്നത് അദ്ദേഹത്തിന്റെ നില വഷളാക്കുന്നുണ്ട്. വഴിയെപ്പോകുന്നവരോടെല്ലാം സിഗരറ്റ് ചോദിച്ച് വലിക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ വീണ്ടും വഷളാക്കുന്നത്.
തൊണ്ണൂറുകളിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഉദിച്ചുയരുന്ന താരമായിരുന്ന വിനോദ് കാംബ്ലി ഇന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ ബാല്യകാല സുഹൃത്തും സഹതാരവുമായിരുന്ന കാംബ്ലി 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എന്നാൽ ഫോം നിലനിർത്താനാകാതെ പോയതോടെ കരിയറിൽ തിരിച്ചടി നേരിട്ട അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തുന്നതാണ്.