15 വയസ് തികയും മുൻപേ താണ്ഡവം; ക്രിക്കറ്റ് ലോകം ഞെട്ടിയ വൈഭവിന്റെ മൂന്ന് ഇന്നിങ്സുകൾ

കൊൽക്കത്ത: ക്രിക്കറ്റ് ലോകത്ത് പുതുചരിത്രമെഴുതുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. വെടിക്കെട്ട് ബാറ്റുകൊണ്ട് ഈ കൗമാരക്കാരൻ കളിക്കുന്ന ടൂർണമെന്റുകളിലെല്ലാം നിറഞ്ഞുനിൽക്കുകയാണ്. ലോകോത്തരതാരങ്ങൾ ഏറ്റുമുട്ടുന്ന ഐപിഎല്ലിലടക്കം വിസ്മയിപ്പിച്ച വൈഭവ് ഇപ്പോഴിതാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ചുറി നേടി റെക്കോഡിട്ടു. ടൂർണമെന്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ടി20 കരിയറിലെ വൈഭവിന്റെ മൂന്നാം സെഞ്ചുറിയാണിത്. അതും 15 വയസ് തികയും മുൻപാണ് വൈഭവിന്റെ ഈ നേട്ടമെന്നതാണ് ശ്രദ്ധേയം.
ഐപിഎല്ലിലെ വൈഭവ താണ്ഡവം
2025 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് വൈഭവ് സൂര്യവംശി സെഞ്ചുറിയോടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇന്നിങ്‌സിന്റെ തുടക്കം മുതൽ തന്നെ വൈഭവ് സൂര്യവംശി തകർത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിർത്തി കടത്തിയ തുടക്കം. പിന്നീട് ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. മൂന്നാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസായിരുന്നു രാജസ്ഥാന്റെ സ്‌കോർ. എന്നാൽ നാലാം ഓവറിൽ 14-കാരന്റെ വെടിക്കെട്ട് പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഷാന്ത് ശർമ എറിഞ്ഞ നാലാം ഓവറിൽ ഇഷാന്തിനെ പലകുറി അതിർത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടക്കം രാജസ്ഥാൻ ആ ഓവറിൽ നേടിയത് 28 റൺസ്. അടുത്ത ഓവറിൽ വാഷിങ്ടൺ സുന്ദറിനെയും അടിച്ചുതകർത്തതോടെ 17 പന്തിൽ നിന്ന് വൈഭവ് അർധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയും താരം സ്വന്തമാക്കി. അതോടെ രാജസ്ഥാൻ ആറോവറിൽ 87 ലെത്തി.
Youngest to score a T20 1⃣0⃣0⃣ ✅
Fastest TATA IPL hundred by an Indian ✅
Second-fastest hundred in TATA IPL ✅
Vaibhav Suryavanshi, TAKE. A. BOW 🙇 ✨
Updates ▶ https://t.co/HvqSuGgTlN#TATAIPL | #RRvGT | @rajasthanroyals pic.twitter.com/sn4HjurqR6— IndianPremierLeague (@IPL) April 28, 2025
അർധസെഞ്ചുറി തികച്ചതിന് ശേഷവും വൈഭവ് വെടിക്കെട്ട് തുടരുന്നതാണ് മൈതാനത്ത് കണ്ടത്. ഒരു വശത്ത് യശസ്വി ജയ്‌സ്വാളിനെ നിർത്തിക്കൊണ്ട് വൈഭവ് സൂര്യവംശി ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. പ്രസിദ്ധും റാഷിദ് ഖാനും കരിം ജാനത്തുമൊക്കെ വൈഭവിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. പിന്നാലെ 35 പന്തിൽ സെഞ്ചുറി. വൈഭവ് സൂര്യവംശി കത്തിക്കയറിയപ്പോൾ ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം തരിപ്പണമായി. 101 റൺസെടുത്ത് മടങ്ങുമ്പോൾ ഒരുപിടി റെക്കോഡുകളും താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടിരുന്നു. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎൽ സെഞ്ചുറി എന്നിങ്ങനെ പുതുചരിത്രം കുറിച്ചാണ് വൈഭവ് മടങ്ങിയത്.
ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റ്; ഇന്ത്യ എ ടീമിനായി അതിവേഗ സെഞ്ചുറി
2025 ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിൽ യുഎഇ ടീമിനെതിരേയാണ് ഇന്ത്യൻ എ ടീം ഓപ്പണറായ സൂര്യവംശി താണ്ഡവമാടിയത്. വൈഭവ് 42 പന്തിൽ 144 റൺസ് നേടി. യുഎഇ ടീമിനെതിരേ സൂര്യവംശി 17 പന്തിൽ അർധസെഞ്ചുറിയും 32 പന്തിൽ സെഞ്ചുറിയും തികച്ചു. മത്സരത്തിൽ 15 സിക്‌സും 11 ഫോറുമാണ് സുര്യവംശി നേടിയത്. മുഹമ്മദ് റോഹിദ് ഏറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഫോർ നേടിയാണ് സൂര്യവംശി ആക്രമണം തുടങ്ങിയത്. അയാൻ അഫ്‌സൽ എറിഞ്ഞ മൂന്നാം ഓവറിൽ 21 റൺസ് നേടി താരം ആക്രമണം കടുപ്പിച്ചു. അഞ്ചാം ഓവറിൽ 20 റണ്ണും ഏഴാം ഓവറിൽ 27 റണ്ണും വന്നു 11-ാം ഓവറിൽ കൗശിക്കിനെതിരേ നാല് സിക്‌സും ഒരു ഫോറുമാണ് സുര്യവംശി നേടിയത്. രണ്ടാം വിക്കറ്റിൽ നമൻ ധീറിനൊപ്പം (34) 163 റൺസാണ് സൂര്യവംശി കൂട്ടിച്ചേർത്തത്. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ എ അടിച്ചെടുത്തത്.
🚨 42 balls 144 for 14 years old Vaibhav Suryavanshi 🚨
- Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup 👏🏻
- A generational talent, destroying opponents with destructive skills 🔥
- What's your take 🤔 pic.twitter.com/jqBQnJJlna— Richard Kettleborough (@RichKettle07) November 14, 2025
മൂന്നക്കം തൊട്ട വൈഭവ് ടി-20യിൽ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്തി. ഋഷഭ് പന്തും ഇത്രയും പന്തിൽനിന്ന് സെഞ്ചുറി നേടിയിട്ടുണ്ട്. ഗുജറാത്ത് താരം ഉർവിൻ പട്ടേൽ ത്രിപുരയ്ക്കെതിരേയും പഞ്ചാബ് താരം അഭിഷേക് ശർമ മേഘാലയക്കെതിരേയും 28 പന്തിൽ സെഞ്ചുറിനേടിയതാണ് ഇന്ത്യൻ റെക്കോഡ്. എസ്‌തോണിയയുടെ സാഹിൽ ചൗഹാൻ സൈപ്രസിനെതിരേ 27 പന്തിൽ സെഞ്ചുറി നേടിയതാണ് ലോകറെക്കോഡ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ബിഹാറിനായി വെടിക്കെട്ട് സെഞ്ചുറി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരേയാണ് വൈഭവ് കത്തിക്കയറിയത്. ആദ്യം ബാറ്റുചെയ്ത ബിഹാറിനായി വെടിക്കെട്ട് ബാറ്റിങ്ങാണ് കൗമാരതാരം വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. പതിയെ തുടങ്ങിയ താരം പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. 34 പന്തിൽ നിന്നാണ് താരം അർധെസഞ്ചുറി തികച്ചത്. അതിന് ശേഷം മഹാരാഷ്ട്ര ബൗളർമാരെ അടിച്ചുപറത്തിയ വൈഭവ് അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ചു. 58 പന്തിൽ നിന്നാണ് താരം സെഞ്ചുറി തികയ്ക്കുന്നത്. 61 പന്തിൽ നിന്ന് 108 റൺസെടുത്ത വൈഭവ് പുറത്താകാതെ നിന്നു. ഏഴുഫോറുകളും ഏഴു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി.
🚨 Record Alert 🚨
Another feather in the cap for Vaibhav Sooryavanshi who becomes the youngest batter to score a century in #SMAT at the age of 14 years and 250 days 🫡
He achieved the feat with a scintillating 1⃣0⃣8⃣*(61) for Bihar against Maharashtra in Kolkata👏
Scorecard… pic.twitter.com/UFGqPg1vmm— BCCI Domestic (@BCCIdomestic) December 2, 2025
എന്നാൽ ബിഹാർ നിരയിൽ വൈഭവ് ഒഴികെ മറ്റാർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ബിപിൻ സൗരഭ്(4), പിയുഷ് സിങ്(7) എന്നിവർ നിരാശപ്പെടുത്തി. ആകാശ് രാജ് 30 പന്തിൽ നിന്ന് 26 റൺസെടുത്തപ്പോൾ ആയുഷ് ലൊഹാരുക 17 പന്തിൽ നിന്ന് 25 റൺസെടുത്തു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസിന് ബിഹാർ ഇന്നിങ്‌സ് അവസാനിച്ചു. ബിഹാർ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര മറികടന്നു. മഹാരാഷ്ട്രയ്ക്കായി പൃഥ്വി ഷാ അർധസെഞ്ചുറിയോടെ തിളങ്ങി.
Content Highlights: Vaibhav Suryavanshi hits 3rd T20 century before turning 15