‘ഞാൻ ഭയന്നിരുന്നു, പക്ഷേ വൈഭവിന്റെ ഷോട്ട് കണ്ട് ആർച്ചർ പോലും ഞെട്ടി; ഉടൻ ഇന്ത്യൻ ടീമിലെടുക്കണം’

ന്യൂഡൽഹി; ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് കൗമാരക്കാരൻ വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന് ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ഹൈ പെർഫോമൻസ് സുബിൻ ഭറൂച്ച. വൈഭവിനെ ഉടൻ തന്നെ സീനിയർ ടീമിൽ കളിപ്പിക്കണമെന്നും കുറഞ്ഞപക്ഷം ഇന്ത്യ എ ടീമിലെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്‌സിൽ വെച്ച് പേസർ ജൊഫ്ര ആർച്ചറിനെ വൈഭവ് നേരിട്ടപ്പോൾ ഉണ്ടായ ഒരു സംഭവവും അദ്ദേഹം ഓർത്തെടുത്തു.
‘വർഷങ്ങൾക്ക് മുൻപ് സച്ചിനെ ഉൾപ്പെടുത്തിയത് പോലെ അവനെ ഉടനടി സീനിയർ ടീമിൽ കളിപ്പിക്കണം. കുറഞ്ഞപക്ഷം അവനെ ഒരു ഇന്ത്യ എ പര്യടനത്തിനെങ്കിലും അയക്കണം. ഉടൻ തന്നെ അവനെ ഇന്ത്യ എ ടീമിലേക്ക് അയക്കൂ. ഞാൻ ഉറപ്പിച്ചു പറയുന്നു, ഇവിടെയുള്ള ഈ ഓസ്‌ട്രേലിയൻ ബൗളിങ് നിര ഇന്ത്യ എ ടീമിനെതിരെയാണ് പന്തെറിയുന്നതെങ്കിൽ, അവൻ ഒരു ഡബിൾ സെഞ്ചുറി നേടുമായിരുന്നു.’- ഭറൂച്ച ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘മുൻപ് നെറ്റ്സിൽ വെച്ച് ജോഫ്ര ആർച്ചറെ വൈഭവ് അടിച്ചു പറത്തിയ സംഭവവും ഭറൂച്ച ഓർത്തെടുത്തു. ജോഫ്ര ആർച്ചർ ബാറ്റർ ക്രീസിലുള്ളപ്പോൾ ഒരിക്കലും ഒരു വാം-അപ്പ് ബോൾ എറിയാറില്ല. സത്യത്തിൽ, ആഷസിന് മുൻപുള്ള ഒരു പരിശീലന സെഷനിൽ ജോഫ്ര ആർച്ചർ സ്റ്റീവ് സ്മിത്തിന്റെ തലയിൽ പന്തെറിഞ്ഞിരുന്നു. സ്മിത്ത് അവനെതിരെ കളിക്കാൻ പാടുപെട്ടു. അന്നുമുതൽ, ജോഫ്ര പന്തെറിയുമ്പോൾ സ്മിത്ത് നെറ്റ്സിലേക്ക് പോയിട്ടേയില്ല.’
‘അവൻ വൈഭവിന് നേരെ പന്തെറിയുമ്പോൾ ഞാൻ ഭയന്നുപോയിരുന്നു, എന്നാൽ ഈ പയ്യൻ ബാക്ക് ഫൂട്ടിൽ അടിച്ച ഒരു ഷോട്ട് സ്റ്റേഡിയത്തിന് പുറത്തേക്ക് പോയി. എല്ലാ പരിശീലകരും, ജോഫ്ര പോലും, ഞെട്ടിപ്പോയി.’- അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ ചരിത്രമെഴുതിയ വൈഭവ് അടുത്തിടെ അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങിയിരുന്നു. 78 പന്തിൽ നിന്ന് സെഞ്ചുറി തികച്ച സൂര്യവംശി യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയും സ്വന്തമാക്കി.ഇതോടെ അണ്ടർ 19 ടെസ്റ്റിൽ നൂറിൽ താഴെ മാത്രം പന്ത് നേരിട്ട് രണ്ടു തവണ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരവുമായി വൈഭവ്. ന്യൂസീലൻഡിന്റെ ബ്രെൻഡൻ മെക്കല്ലമാണ് ആദ്യത്തെ താരം. അണ്ടർ 19 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരമെന്ന് നേട്ടം കൈവരിച്ച് ഒരാഴ്ച തികയും മുൻപാണ് ടെസ്റ്റിലും വൈഭവ് തന്റെ വെടിക്കെട്ട് വൈഭവം പുറത്തെടുത്തത്.
Content Highlights: Vaibhav Suryavanshi senior team selection response