റെക്കോഡ് കുറിക്കാൻ ഒരു പന്തിൽ മൂന്ന് റൺസിന്റെ ദൂരം; മറികടക്കാനാവാതെ വൈഭവ് പുറത്ത്

ജയ്പുർ: ഐപിഎല്ലിൽ തകർപ്പൻ ഫോം തുടർന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറി കുറിച്ചാണ് വൈഭവ് മടങ്ങിയത്. 29 പന്തിൽ നിന്ന് താരം 97 റൺസെടുത്തു. ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടരികിലെത്തിയെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കാനായില്ല. എന്നാൽ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് മത്സരത്തിൽ സ്വന്തമാക്കി.
മത്സരം ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തി. പിന്നീട് പവർപ്ലേയിൽ വൈഭവിന്റെ താണ്ഡവത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. പാറ്റ് കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്‌സറും താരം നേടി. നാലാം ഓവറിലും മൂന്ന് സിക്‌സറുകൾ നേടിയ താരം ഫിഫ്റ്റിയും തികച്ചു. 16 പന്തിലാണ് താരം അർധസെഞ്ചുറി തികച്ചത്. വൈഭവ് ഫിഫ്റ്റി തികയ്ക്കുന്ന ഘട്ടത്തിൽ ജയ്‌സ്വാൾ എടുത്തതാകട്ടെ വെറും എട്ടുറൺസ് മാത്രമാണ്. ടീം നാലോവറിൽ 63 റൺസിലെത്തി.
പിന്നീട് സിക്‌സറുകൾ പറപറത്തിയ വൈഭവ് അതിവേഗം റൺസ് കണ്ടെത്തി. എഴോവർ അവസാനിക്കുമ്പോൾ വൈഭവ് 71 റൺസാണ് നേടിയിരുന്നത്. എട്ടാം ഓവറിൽ തകർത്തടിച്ചതോടെ താരം അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് കുറിക്കുമെന്ന് തോന്നിച്ചു. ഓവറിലെ രണ്ടാം പന്തിൽ സിക്‌സറും പിന്നീടുള്ള രണ്ട് പന്തുകളിൽ ഫോറുകളും നേടി. പിന്നീടെറിഞ്ഞ രണ്ട് പന്തുകളും വൈഭവ് അതിർത്തി കടത്തിയതോടെ താരം 28 പന്തിൽ നിന്ന് 97 റൺസെന്ന നിലയിലായി.
ഓവറിലെ അവസാനപന്തിൽ മൂന്ന് റൺസ് കൂടി നേടിയാൽ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് സ്വന്തമാകുമെന്ന സ്ഥിതി. 30 പന്തിൽ സെഞ്ചുറി നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. എന്നാൽ വൈഭവിന് അത് മറികടക്കാനായില്ല. അവസാന പന്ത് കൂറ്റനടിക്ക് ശ്രമിച്ച വൈഭവിന് പിഴച്ചു. വൈഭവിന്റെ അപ്പർ കട്ട് ഷോട്ട് സ്മരൺ രവിചന്ദ്രൻ കൈപ്പിടിയിലൊതുക്കിയതോടെ ഇന്നിങ്‌സിന് അവസാനമായി. 29 പന്തിൽ നിന്ന് 97 റൺസെടുത്താണ് താരം മടങ്ങിയത്. പുറത്തായതിന് പിന്നാലെ നിരാശയോടെയാണ് വൈഭവ് കളംവിട്ടത്.
ഈ ഇന്നിങ്‌സോടെ റൺവേട്ടക്കാരിൽ തലപ്പത്തെത്താനും വൈഭവിനായി. 15 ഇന്നിങ്‌സുകളിൽ നിന്ന് 680 റൺസാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിൽ 12 സിക്സറുകൾ നേടിയതോടെ സീസണിലെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി മാറി. അതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി. മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. 2012ൽ 59 സിക്‌സറുകളാണ് ഗെയ്ൽ നേടിയിരുന്നത്.
Content Highlights: Vaibhav Suryavanshi scored 97 runs off 29 balls against Sunrisers Hyderabad in the IPL 2026 Eliminator., He broke Chris Gayle's record for most sixes in a single IPL season, reaching 65 sixes., He achieved a 16-ball half-century, dominating the powerplay., He currently leads the IPL 2026 run-scoring charts with 680 runs in 15 innings.