ക്രിക്കറ്റ് ലോകം ഞെട്ടി! അണ്ടർ-19 ടെസ്റ്റിൽ റെക്കോഡുമായി 13കാരൻ, ഓസീസിനെതിരേ 58 പന്തിൽ 100

വൈഭവ് സൂര്യവന്‍ഷി | x.com/sportstarweb, x.com/imrajitd
വൈഭവ് സൂര്യവന്‍ഷി | x.com/sportstarweb, x.com/imrajitd

ന്യൂഡൽഹി: അണ്ടർ-19 ടെസ്റ്റ് ചരിത്രത്തിൽ ഒരിന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി പതിമൂന്നുകാരനായ വൈഭവ് സൂര്യവൻഷി. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് വൈഭവിന്റെ റെക്കോഡ് നേട്ടം. കേവലം 58 പന്തുകളിൽനിന്നാണ് ബാലതാരം സെഞ്ചുറി നേടി അദ്ഭുതം സൃഷ്ടിച്ചത്.

അന്താരാഷ്ട്രതലത്തിൽ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ മോയിൻ അലി മാത്രമാണ് വൈഭവിന് മുന്നിലുള്ളത്. 2005-ൽ അണ്ടർ-19 ടീമിന് വേണ്ടി മോയിൻ 56 പന്തുകളിൽ സെഞ്ചുറി തികച്ചിരുന്നു. നാല് സിക്സുകളും 14 ബൗണ്ടറികളും ഉൾക്കൊള്ളുന്നതാണ് വൈഭവിന്റ സെഞ്ചുറി. 62 പന്തിൽ 104 റൺസെടുത്ത വൈഭവ്, റണ്ണൗട്ടായാണ് പുറത്തായത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 293 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്പോഴായിരുന്നു വൈഭവിന്റെ മിന്നലാക്രമണം.

12-ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ ബിഹാറിനായി അരങ്ങേറ്റം നടത്തിയതോടെയാണ് വൈഭവ് വാർത്തകളിൽ നിറയുന്നത്. ചെറുപ്രായത്തിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച സച്ചിൻ തെണ്ടുൽക്കറിനേക്കാളും യുവരാജ് സിങ്ങിനേക്കാളും ചെറിയ പ്രായത്തിലാണ് വൈഭവ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. രഞ്ജിയിൽ കരുത്തരായ മുംബൈക്കും ഛത്തീസ്ഗഢിനുമെതിരേ 31 റൺസ് നേടുകയും ചെയ്തു. പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരെ അനുസ്മരിപ്പിക്കുംവിധമാണ് വൈഭവിന്റെ ബാറ്റിങ് ശൈലി.
 

Content Highlights: vaibhav suryavanshi hit his hundred in 58 balls for india under19 team