'പൃഥ്വി ഷായെ പോലെ സ്വയം നശിക്കരുത്'; വൈഭവ് സൂര്യവംശിക്ക് ആരാധകരുടെ മുന്നറിയിപ്പ്

അടുത്തിടെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരുകളിലൊന്നാണ് ഇന്ത്യയുടെ 14-കാരൻ വൈഭവ് സൂര്യവംശിയുടേത്. കഴിഞ്ഞ വർഷം ആഭ്യന്തര ടൂർണമെന്റുകളിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് വൈഭവിനെ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധയിലെത്തിക്കുന്നത്. പിന്നാലെ ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തതോടെ വൈഭവിന്റെ പേര് ആഗോളതലത്തിൽ ചർച്ചയായി. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ നിന്ന് സെഞ്ചുറി നേടിയതോടെ ഈ 14-കാരൻ ആരാധകരുടെ പ്രിയപ്പെട്ടവനായി. ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറികൂടിയായിരുന്നു ഇത്.
എന്നാൽ വൈഭവിന്റെ വൈഭവം അവിടംകൊണ്ടും തീർന്നില്ല. ഐപിഎൽ അവസാനിച്ചതിനു പിന്നാലെ അണ്ടർ 19 തലത്തിലും വൈഭവ് മികവ് തുടർന്നു. ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിന പരമ്പരയിൽ 48, 45, 86, 143, 33 എന്നീ സ്‌കോറുകളുമായി താരം തിളങ്ങി.
ഇത്രയും ചെറു പ്രായത്തിൽ തന്നെ വൈഭവിന്റെ ആരാധകവൃന്ദം വളരെ വലുതാണ്. ഐപിഎല്ലിൽ നിന്നടക്കം ലഭിക്കുന്ന കോടിക്കണക്കിന് രൂപയും. ഈ സാഹചര്യത്തിൽ വൈഭവിനോട് വളരെ ശ്രദ്ധിക്കണമെന്ന് പറയുകയാണ് ഒരുകൂട്ടം ആരാധകർ. ഇന്ത്യൻ താരം പൃഥ്വി ഷായുടെ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഇവർ വൈഭവിനോട് ശ്രദ്ധിക്കണമെന്ന് പറയുന്നത്. പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പോയി ക്രിക്കറ്റിനെ മറന്നുകളയരുതെന്നാണ് ആരാധകർ വൈഭവിനോട് പറയുന്നത്.
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സച്ചിൻ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശി പൃഥ്വി ഷാ. 2013-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് താരത്തെ ആദ്യം പ്രശസ്തനാക്കുന്നത്. പിന്നീട് അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി വളർന്നു. പിന്നാലെ ദേശീയ ടീമിനായുള്ള ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയും നേടി. എന്നാൽ പെട്ടെന്നുണ്ടായ പണത്തിലും പ്രശസ്തിയിലും അഭിരമിച്ച പൃഥ്വി പതിയെ ക്രിക്കറ്റിൽ നിന്ന് തിരസ്‌കൃതനാകുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കറക്കവും പാർട്ടിയും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെയുള്ള ഭക്ഷണക്രമവുമെല്ലാം താരത്തിന്റെ കളിയെ ബാധിച്ചു. മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും ഇന്ത്യൻ ടീമിന് പുറത്തെത്തിച്ചപ്പോഴും ഷാ, പാർട്ടിയും മറ്റുമായി കുത്തഴിഞ്ഞ ജീവിതം തുടർന്നു. ഒടുവിൽ മുംബൈ ടീമും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഷാ.
പൃഥ്വി ഷായുടേതിന് സമാനമായ വിധി അനുഭവിക്കേണ്ടി വരരുതെന്നാണ് ആരാധകർ വൈഭവിനോട് പറയുന്നത്. അടുത്തിടെ വൈഭവിനൊപ്പം ഫോട്ടോ എടുക്കാൻവേണ്ടി മാത്രം രണ്ട് പെൺകുട്ടികൾ ആറു മണിക്കൂർ യാത്ര ചെയ്ത് എത്തിയത് വലിയ വാർത്തയായിരുന്നു. പണവും പ്രശസ്തിയും ഉള്ളപ്പോൾ ചുറ്റിലും എല്ലാവരും ഉണ്ടാകുമെന്നും അതിനുവേണ്ടി ക്രിക്കറ്റിനെ മറന്നാൽ പിന്നെ കൂടെ ആരും കാണില്ലെന്നും ആരാധകർ വൈഭവിന് മുന്നറിയിപ്പ് നൽകുന്നു.
നേരത്തേ വൈഭവിന്റെ കരിയർ സംബന്ധിച്ച് ബിസിസിഐക്ക് ഗ്രെഗ് ചാപ്പൽ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ബിസിസിഐക്കും ഫ്രാഞ്ചൈസികൾക്കുമെല്ലാം വൈഭവിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് ചാപ്പൽ തന്റെ ഇഎസ്പിഎൻ കോളത്തിൽ കുറിച്ചു. സച്ചിൻ തെണ്ടുൽക്കർ വിജയിച്ചത് മികച്ച പിന്തുണ ലഭിച്ചതിനാലാണെന്ന് പരാമർശിച്ച ചാപ്പൽ വിനോദ് കാംബ്ലി, പൃഥ്വി ഷാ എന്നിവരുടെ അനുഭവങ്ങളും അന്ന് ഓർമപ്പെടുത്തിയിരുന്നു.
Content Highlights: 14-year-old cricket sensation Vaibhav Suryavanshi receives advice from fans to prioritize his career