15 തികയാൻ ഇനിയും 3 മാസം ബാക്കി; സെഞ്ചുറി നേട്ടത്തിൽ ബാബർ അസമിന്റെ റെക്കോഡ് തിരുത്തിക്കുറിച്ച് വൈഭവ്

#സ്പോർട്സ് ഡെസ്ക്
വൈഭവ് സൂര്യവംശി, ബാബര്‍ അസം | Photo: AFP
വൈഭവ് സൂര്യവംശി, ബാബര്‍ അസം | Photo: AFP

ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശി 15-ാം ജന്മദിനം ആഘോഷിക്കാൻ ഇനിയും മൂന്നു മാസം ബാക്കിയുണ്ട്. എന്നാൽ ഇതിനോടകം തന്നെ നിരവധി ലോക റെക്കോഡുകളാണ് താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. അടുത്തിടെ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ യൂത്ത് ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. താരത്തിന്റെ ഫോം ജനുവരി 15-ന് സിംബാബ്‌വെയിൽ ആരംഭിക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ശുഭ പ്രതീക്ഷയാണ്.

ദക്ഷിണാഫ്രിക്കൻ ടീമിനെതിരായ മൂന്നാം യൂത്ത് ഏകദിനത്തിൽ വെറും 74 പന്തുകൾ മാത്രം നേരിട്ട വൈഭവ് 10 സിക്സും ഒമ്പത് ഫോറുമടക്കം 127 റൺസെടുത്തിരുന്നു. 63 പന്തിൽ നിന്നായിരുന്നു വൈഭവിന്റെ സെഞ്ചുറി. ഇതോടെ യൂത്ത് ഏകദിന ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. 14 വർഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം. ഇതോടെ മറ്റൊരു നേട്ടവും താരത്തിന്റെ പേരിലായി. യൂത്ത് ഏകദിനത്തിൽ താരത്തിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. 15 വയസ് തികയും മുമ്പ് യൂത്ത് ഏകദിനങ്ങളിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരമായിരിക്കുകയാണ് വൈഭവ്. 15 വയസോ അതിൽ താഴെയോ പ്രായമുള്ളപ്പോൾ അണ്ടർ 19 അന്താരാഷ്ട്ര ഏകദിനത്തിൽ രണ്ട് സെഞ്ചുറികൾ നേടിയ പാകിസ്താൻ താരം ബാബർ അസമിന്റെ റെക്കോഡാണ് വൈഭവ് ഇതോടെ തിരുത്തിക്കുറിച്ചത്. 15 വയസ് തികയുന്നതിനു മുമ്പ് യൂത്ത് ഏകദിനങ്ങളിൽ ഒന്നിലധികം സെഞ്ചുറികൾ നേടിയ താരങ്ങൾ വൈഭവും ബാബറും മാത്രമാണ്.

13 വയസുള്ളപ്പോൾ ഇന്ത്യൻ ജൂനിയർ ടീമിനായുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയുമായി വരവറിയിച്ച താരമാണ് വൈഭവ്. പിന്നാലെ രാജസ്ഥാൻ റോയൽസ് ടീമിലെടുത്തതോടെ ഐപിഎൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ യുവ പ്രതിഭ സ്വന്തമാക്കി. 35 പന്തിൽ നിന്ന് സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയായിരുന്നു ഇത്.

Content Highlights: Discover Vaibhav Suryavanshi, the young Indian cricket prodigy who is rewriting record books before turning 15. Learn about his incredible achievements in youth ODIs and the IPL.