BCCI വിചാരിച്ചാലും വൈഭവിനെ സീനിയർ ടീമിലെടുക്കാനാകില്ല, ഇനി അണ്ടർ 19 ലോകകപ്പിലും കളിക്കാനാകില്ല

ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ വൈഭവ് സൂര്യവംശിയെന്ന 14-കാരൻ സൃഷ്ടിച്ച വെള്ളിടി ഇനിയും അടങ്ങിയിട്ടില്ല. കിരീടപ്രതീക്ഷയുമായി എത്തിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഒറ്റയ്ക്ക് തല്ലിത്തകർത്താണ് വൈഭവ് ഇന്ത്യയ്ക്ക് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം സമ്മാനിച്ചത്. 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചെടുത്ത ആ ഇന്നിങ്‌സിനിടെ പിറന്നത് റെക്കോഡുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. 15 സിക്‌സും 15 ഫോറും പിറന്ന വൈഭവിന്റെ ഇന്നിങ്‌സോടെ ഫൈനലിൽ ഇന്ത്യ മേൽക്കൈ നേടിയിരുന്നു.
കഴിഞ്ഞ ഒരു വർഷം അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ വൈഭവ് അടിച്ചെടുത്ത റൺസിനും തിരുത്തിക്കുറിച്ച റെക്കോഡുകൾക്കും കണക്കില്ല. സ്വാഭാവികമായും വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉടൻ തന്നെ പരിഗണിക്കണമെന്ന മുറവിളികൾ ചുറ്റും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു താരത്തെ ഇത്തവണത്തെ ടി20 ലോകകപ്പിലടക്കം കളിപ്പിക്കാമായിരുന്നില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാൽ ബിസിസിഐ വിചാരിച്ചാലും ഇപ്പോൾ വൈഭവിനെ സീനിയർ ടീമിലെടുക്കാൻ സാധിക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു നിയമം കാരണമാണത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കണമെങ്കിൽ ഒരു താരത്തിന് ചുരുങ്ങിയത് 15 വയസ് തികഞ്ഞിരിക്കണം എന്നാണ് നിയമം. യുവ അത്‌ലറ്റുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി 2020-ൽ അവതരിപ്പിച്ചതാണ് ഈ നിയമം. 2011 മാർച്ച് 27-നാണ് വൈഭവ് ജനിച്ചത്. അതായത് അണ്ടർ 19 ലോകകപ്പ് വിജയിക്കുമ്പോഴും വൈഭവിന് 15 വയസ് തികഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിനായി എത്ര തന്നെ സെഞ്ചുറികൾ നേടിയാലും ഐപിഎല്ലിൽ രാജസ്ഥാനായി എങ്ങനെ തകർത്ത് കളിച്ചാലും 2026 മാർച്ച് 27-ന് ശേഷമല്ലാതെ ദേശീയ ടീം സെലക്ടർമാർക്ക് വൈഭവിന്റെ പേര് സീനിയർ ടീമിലേക്ക് പരിഗണിക്കാൻ സാധിക്കില്ല.
ഇനി അണ്ടർ 19 ലോകകപ്പും കളിക്കാനാകില്ല
സീനിയർ ടീമിലെത്താനുള്ള പ്രായം വൈഭവിനായിട്ടില്ല. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യയ്ക്കായി ഇനി ഒരു അണ്ടർ 19 ലോകകപ്പ് കളിക്കാൻ വൈഭവിനാവില്ല. 2028-ലെയും 2030-ലെയും അണ്ടർ 19 ലോകകപ്പുകളിൽ പങ്കെടുക്കാൻ പ്രായം കൊണ്ട് വൈഭവിന് സാധിക്കും. കാരണം അപ്പോഴും താരത്തിന്റെ പ്രായം 19 വയസിൽ താഴെയായിരിക്കും. എന്നാൽ ബിസിസിഐയുടെ 'വൺ-ടൂർണമെന്റ്' നിബന്ധന വൈഭവിന് ഇവിടെ തടസമാകുക. ഈ നിബന്ധന കാരണം ഒരു തവണ അണ്ടർ 19 ലോകകപ്പിൽ കളിച്ചാൽ പിന്നീട് ആ താരത്തെ അതേ ടൂർണമെന്റിനുള്ള ടീമിലേക്ക് പിന്നീട് പരിഗണിക്കില്ല. അണ്ടർ 19 സർക്യൂട്ടിലെ പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനും ജൂനിയർ തലത്തിൽ വ്യാപകമായിരുന്ന പ്രായത്തട്ടിപ്പ് അവസാനിപ്പിക്കാനുമായി 2016 മുതലാണ് ബിസിസിഐ ഈ നിബന്ധന കർശനമാക്കിയത്.
അതിനാൽ തന്നെ ഇത്തവണ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവിനെ അടുത്ത തവണ അണ്ടർ 19 ലോകകപ്പിൽ നമുക്ക് കാണാൻ സാധിക്കില്ല.
സൂര്യവംശിയുടെ റെക്കോഡുകൾ
സീനിയർ വിഭാഗത്തിൽ ഉൾപ്പെടെ ഐ.സി.സി. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് വൈഭവ് സൂര്യവംശി വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരേ നേടിയത്. 2022 വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ, ഓസ്ട്രേലിയയുടെ അലിസ ഹീലി നേടിയ (170 റൺസ്) റെക്കോഡ് മറികടന്നു.
ഏകദിനത്തിലെ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ് (15) എന്ന റെക്കോഡിട്ടു. ഡിസംബറിൽ യു.എ.ഇ.യ്‌ക്കെതിരേ 14 സിക്സ് നേടിയ സ്വന്തം റെക്കോഡ് മറികടന്നു.
15 ഫോറും 15 സിക്സും നേടി. ബൗണ്ടറികളിലൂടെ മാത്രം 150 റൺസടിച്ച് യൂത്ത് ഏകദിനത്തിലെ റെക്കോഡിട്ടു.
യൂത്ത് ഏകദിനത്തിലെ വേഗമേറിയ 150 (71 പന്തിൽ 150).
യൂത്ത് ഏകദിനത്തിലെ 25 ഇന്നിങ്സിൽ വൈഭവ് 110 സിക്സ് നേടി. ഈ ഫോർമാറ്റിൽ കൂടുതൽ സിക്സ്.
Content Highlights: Discover why Vaibhav Suryavanshi, despite his U19 World Cup heroics, cannot yet play for India`s senior team due to age rules and U19 tournament regulations.