വൈഭവിന് ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാനാകും, ഫോർമാറ്റിന് ആവശ്യം ഇതുപോലുള്ള കളിക്കാരെ - അലെസ്റ്റെയർ കുക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിലും വലിയ സ്വാധീനം ചെലുത്താനാകുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലെസ്റ്റർ കുക്ക്. ഭയമില്ലാത്ത ബാറ്റിങ് ശൈലി കൊണ്ടുവരുന്ന താരങ്ങളെയാണ് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമെന്നും കുക്ക് അഭിപ്രായപ്പെട്ടു. ബൗളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാനും കാണികളെ രസിപ്പിക്കാനുമുള്ള വൈഭവിന്റെ കഴിവ് അടുത്ത തലമുറയെ റെഡ്-ബോൾ ക്രിക്കറ്റിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, ഷെഫാലി വർമയുടെ റെക്കോഡ് തകർത്താണ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായത്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ തന്റേതായ ഇടം കണ്ടെത്തിയ ഈ ഇടങ്കയ്യൻ ബാറ്റർ ടെസ്റ്റ് മത്സരങ്ങളുടെ വെല്ലുവിളികളും ഏറ്റെടുക്കുമെന്ന് കുക്ക് പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു പ്രചോദനാത്മക താരത്തെ ഓരോ തലമുറയ്ക്കും ആവശ്യമുണ്ടെന്നും, റെഡ്-ബോൾ ക്രിക്കറ്റിലും ഇതേ മുന്നേറ്റം നടത്താൻ വൈഭവിന് കഴിയട്ടെയെന്നും അലെസ്റ്റർ കുക്ക് പറഞ്ഞു.
രാജസ്ഥാൻ റോയൽസിനായി 2025 ഐപിഎല്ലിൽ 35 പന്തിൽ സെഞ്ചുറി നേടിയാണ് വൈഭവ് വരവറിയിക്കുന്നത്. പുരുഷ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു വൈഭവ്. തുടർന്ന് 2026 ഐപിഎൽ സീസണിൽ 776 റൺസും 72 സിക്സറുകളും നേടി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വൈഭവ് മാറി.
അടുത്തിടെ ദോഹയിൽ നടന്ന റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇക്കെതിരേ ഇന്ത്യ എ-ക്ക് വേണ്ടി കളിച്ച വൈഭവ് 53 പന്തിൽ 204 റൺസ് അടിച്ചുകൂട്ടിയിരുന്നു. 28 സിക്സറുകളും 7 ഫോറുകളും ഉൾപ്പെട്ട ഈ ഇന്നിംഗ്സിന്റെ കരുത്തിൽ യുഎഇ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 14.2 ഓവറിൽ ഇന്ത്യ എ മറികടന്നു. 28 പന്തിൽ സെഞ്ചുറിയും 52 പന്തിൽ ഡബിൾ സെഞ്ചുറിയും തികച്ച താരം ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും സ്വന്തം പേരിലാക്കുകയും ചെയ്തു.
Content Highlights: Former England captain Alastair Cook believes Vaibhav Sooryavanshi can make a huge impact in Test cricket., Vaibhav became India's youngest international cricketer at 15 years and 99 days., He scored 776 runs and 72 sixes in the 2026 IPL season for Rajasthan Royals., He smashed a record-breaking 204 runs off 53 balls against UAE in the Rising Stars Asia Cup in Doha.