സെമിയിലെത്താൻ വെറും ജയം പോര കാര്യമായി ജയിക്കണം; അതിനിർണായകം ഇന്ത്യ-പാക് പോരാട്ടം

ഇന്ത്യൻ അണ്ടർ-19 ടീം | X.com
ഇന്ത്യൻ അണ്ടർ-19 ടീം | X.com

ന്യൂഡൽഹി: അണ്ടർ-19 ലോകകപ്പിന്റെ സെമി ചിത്രം എങ്ങനെയായിരിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളും കഴിഞ്ഞ് സൂപ്പർ സിക്‌സ് പോരാട്ടങ്ങളിലെത്തി നിൽക്കുകയാണ് ലോകകപ്പ്. ഇനി കുറച്ച് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യ സെമിക്കരികെയാണെങ്കിലും പാകിസ്താനെതിരായ നിർണായകപോരാട്ടത്തിന് ശേഷം മാത്രമേ പൂർണമായ ചിത്രം പുറത്തുവരുകയുള്ളൂ. ഞായറാഴ്ചയാണ് മത്സരം.

നിലവിൽ മൂന്ന് ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. സൂപ്പർ സിക്‌സിലെ ആദ്യ ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളും രണ്ടാം ഗ്രൂപ്പിൽ നിന്ന് ഒരു ടീമും. ഇനി രണ്ടാം ഗ്രൂപ്പിൽ നിന്ന് ഒരുടീമിന് കൂടി സെമിയിലെത്താം. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ അണ്ടർ-19 ടീമുകളാണ് ഗ്രൂപ്പ് 1 ൽ നിന്ന് ലോകകപ്പ് സെമിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് രണ്ടിൽ നിന്നാകട്ടെ ഇംഗ്ലണ്ടും കടന്നു. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇന്ത്യയോ പാകിസ്താനോ ടിക്കറ്റെടുക്കും. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് ശേഷം സെമി ചിത്രം തെളിയും.

നിലവിൽ ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറുപോയന്റുണ്ട്. മൂന്നാമതുള്ള പാകിസ്താന് നാലുപോയന്റും. പാകിസ്താനെതിരേ ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമിയിലെത്താം. അങ്ങനെ വന്നാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീഴും.

ഞായറാഴ്ച ഇന്ത്യക്കെതിരേ ജയിച്ചാൽ മാത്രമേ പാകിസ്താന് എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളൂ. ജയിച്ചാൽ മാത്രം പാകിസ്താന് സെമിയിൽ കടക്കാനാവില്ല. മികച്ച റൺറേറ്റിൽ ജയം ഉറപ്പാക്കണം. എന്നാൽ മാത്രമേ പാകിസ്താന് പട്ടികയിൽ ഇന്ത്യയെ മറികടക്കാനാവൂ.

മത്സരത്തിൽ 85 റൺസിലധികം മാർജിനാണ് ഇന്ത്യ തോൽക്കുന്നതെങ്കിൽ പാകിസ്താൻ സെമിയിലേക്ക് മുന്നേറും. പാകിസ്താനാണ് ചേസ് ചെയ്യുന്നതെങ്കിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം 31.5 ഓവറിനുള്ളിൽ മറികടന്നാലും പാകിസ്താന് സെമിയിലെത്താം. ലക്ഷ്യം 250 ആണെങ്കിൽ 33.2 ഓവറിനുള്ളിൽ മറികടന്നാലും പാകിസ്താന് സെമി ഉറപ്പാക്കാം. അതിനാൽ നിർണായകമാണ് ഞായറാഴ്ചത്തെ പോരാട്ടം.

Content Highlights: india pak under-19 world cup semi chances