ലക്ഷ്യം 348, പാകിസ്താനെതിരേ ആദ്യ പന്തിൽ സിക്‌സറടിച്ച് വൈഭവ്

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 348 റൺസ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ. നിശ്ചിത 50 ഓവറിൽ പാകിസ്താൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു. സെഞ്ചുറിയുമായി സമീർ മിൻഹാസാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ നിന്ന് മിൻഹാസ് 172 റൺസെടുത്തു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശി ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ചു. രണ്ട് സിക്‌സറടക്കം ആദ്യ ഓവറിൽ വൈഭവ് 18 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ സമീർ മിൻഹാസും ഹംസ സഹൂറും മികച്ച തുടക്കം നൽകിയതോടെ ടീം മൂന്നോവറിൽ 25-ലെത്തി. എന്നാൽ നാലാം ഓവറിൽ 18 റൺസെടുത്ത് സഹൂർ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിൻഹാസും ഉസ്മാൻ ഖാനും സ്‌കോറുയർത്തി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. പത്തോവറിൽ 79-1 എന്ന നിലയിലായിരുന്നു പാകിസ്താൻ.
പിന്നീട് ട്രാക്ക് മാറ്റിയ സമീർ മിൻഹാസ് വേഗം സ്‌കോറുയർത്തി. ഇന്ത്യൻ ബൗളർമാരെ പലതവണ മിൻഹാസ് അതിർത്തികടത്തി. 29 പന്തിൽ നിന്ന് താരം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പതിമൂന്നാം ഓവറിൽ 100 കടന്ന പാകിസ്താൻ പിടിമുറുക്കി. എന്നാൽ 35 റൺസെടുത്ത ഉസ്മാൻ ഖാനെ പുറത്താക്കി ഖിലാൻ പട്ടേൽ ബ്രേക്ക് ത്രൂ സമ്മാനിച്ചു. അതിനിടെ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിക്ക് ചെറിയ പരിക്കേറ്റു. ഫീൽഡിങ്ങിനിടെ ഒന്നിലധികം തവണ വൈഭവ് വഴുതിവീണു. തുടർന്ന് മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. അൽപ്പസമയത്തിന് ശേഷം താരം കളിക്കളത്തിൽ മടങ്ങിയെത്തി. വലിയ പരിക്കില്ലെങ്കിലും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
മൂന്നാം വിക്കറ്റിൽ അഹമ്മദ് ഹുസൈനുമായി ചേർന്ന് മിൻഹാസ് മികച്ച കൂട്ടുകെട്ടുണ്ടാക്കി. പാക് ടീം വലിയ സ്‌കോറിലേക്ക് കുതിക്കുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ച് മുന്നേറിയ മിൻഹാസ് 29-ാം ഓവറിൽ സെഞ്ചുറിയും നേടി. 71 പന്തിലാണ് സെഞ്ചുറി നേട്ടം. അഹമ്മദ് ഹുസൈനും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ പാകിസ്താൻ 200 കടന്നു. സെഞ്ചുറിക്ക് ശേഷവും ഇന്ത്യൻ ബൗളർമാരെ ഒന്നൊന്നായി മിൻഹാസ് അതിർത്തികടത്തി.
മിൻഹാസിന്റെ വെടിക്കെട്ടിന് പിന്നാലെ അഹമ്മദ് ഹുസ്സൈനും അർധസെഞ്ചുറി തികച്ചു. അതോടെ പാകിസ്താൻ 37 ഓവറിൽ 254 റൺസിലെത്തി. പിന്നാലെ 56 റൺസെടുത്ത ഹുസ്സൈൻ പുറത്തായി. അടിച്ചുകളിച്ച മിൻഹാസും ടീമിനെ മൂന്നുറുകടത്തിയതിന് ശേഷം കൂടാരം കയറി. 113 പന്തിൽ നിന്ന് 172 റൺസാണ് താരം അടിച്ചെടുത്തത്. 17 ഫോറുകളും ഒൻപത് സിക്‌സറുകളുമടങ്ങുന്നതാണ് ഇന്നിങ്‌സ്. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പാകിസ്താനെ പിടിച്ചുകെട്ടി. ഫർഹാൻ യൂസഫ്(19), ഹുസൈഫ അഹ്‌സാൻ(0), മുഹമ്മദ് ഷയാൻ(7), അബ്ദുൾ സുഭൻ(2) എന്നിവർ പുറത്തായി. ഒടുക്കം 347-8 എന്ന നിലയിൽ പാക് ഇന്നിങ്സ് അവസാനിച്ചു.
Content Highlights: India vs Pakistan U19 Asia Cup 2025 Final