157 കി.മി വേഗം, പക്ഷേ ഉമ്രാൻ മാലിക്കിനെ പഞ്ഞിക്കിട്ട് ബാറ്റർമാർ, ഒറ്റയോവറിൽ 36 റൺസ്| VIDEO

#സ്പോർട്സ് ഡെസ്ക്
ഉമ്രാന്‍ മാലിക് | Photo: PTI
ഉമ്രാന്‍ മാലിക് | Photo: PTI

ന്യൂഡൽഹി: തീപാറുന്ന പന്തുകളാണ് ഉമ്രാൻ മാലിക് എന്ന ഇന്ത്യൻ പേസറെ വേറിട്ടുനിർത്തുന്നത്. ക്രിക്കറ്റ് ലോകം ഉമ്രാനെ ശ്രദ്ധിച്ചുതുടങ്ങുന്നതും വേഗതയേറിയ പന്തുകൾ കൊണ്ടാണ്. ഐപിഎല്ലിലും അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലും വേഗതയേറിയ പന്തുകൾകൊണ്ട് ഉമ്രാൻ മാലിക് ശ്രദ്ധനേടിക്കഴിഞ്ഞു. എന്നാൽ ഒരോവറിൽ 36 റൺസ് വഴങ്ങിയാണ് ഇന്ത്യൻ പേസർ വീണ്ടും വാർത്തകളിലിടം നേടുന്നത്.

ഡിവൈ പാട്ടീൽ ടി20 കപ്പിലാണ് ബാറ്റർമാർ ഉമ്രാൻ മാലിക്കിനെ അടിച്ചുതകർത്തത്. ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കാശ്മീർ താരമായ ഉമ്രാൻ മത്സരത്തിൽ രണ്ടോവറിൽ 59 റൺസ് വഴങ്ങി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഡിവൈ പാട്ടീൽ ടി20 കപ്പിൽ ടാറ്റ സ്‌പോർട്‌സ് ക്ലബ്ബും മുംബൈ കസ്റ്റംസും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. എറിഞ്ഞ ആദ്യ ഓവറിൽ ഉമ്രാൻ 23 റൺസ് വഴങ്ങി. രണ്ടാം ഓവറിലാകട്ടെ 36 റൺസും താരത്തിന് വഴങ്ങേണ്ടിവന്നു. രുദഗ്‌വേദും സച്ചിൻ യാദവുമാണ് ഉമ്രാനെ തകർത്തടിച്ചത്.

ഉമ്രാന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഒരു റൺസാണ് മുംബൈ ബാറ്റർമാർ നേടിയത്. അടുത്ത പന്തിൽ ഫോറും മൂന്നാം പന്തിൽ സിക്‌സറും നേടി. സിക്‌സർ നേടിയ പന്ത് നോബോളായിരുന്നു. പിന്നീട് ഡോട്ട് ബോളെറിഞ്ഞെങ്കിലും തൊട്ടടുത്ത പന്തുകളിൽ വീണ്ടും റൺസ് വഴങ്ങി. ഫോറും സിക്‌സറും പിറന്നു. പിന്നാലെ വൈഡും നോബോളും വന്നു. നോബോളായ പന്ത് സിംഗിളെടുത്തു. തൊട്ടടുത്ത പന്തും നോബോളായി. അത് ഫോറും അവസാന പന്ത് സിക്‌സറും പിറന്നു. അതോടെ ഓവറിൽ 36 റൺസ് പിറന്നു. രണ്ടോവറിൽ നിന്നായി 59 റൺസാണ് താരം വഴങ്ങിയത്. മത്സരത്തിൽ മുംബൈ അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Content Highlights: KKR's Umran Malik concedes 36 in an over and 59 in two in DY Patil T20 Cup spell