U19 ലോകകപ്പ്; സീനിയേഴ്സിനു പിന്നാലെ കിവീസിനെ പഞ്ഞിക്കിട്ട് ജൂനിയേഴ്സും, ജയം 81 പന്തിൽ 130 റൺസടിച്ച്

ബുലവായോ: വെള്ളിയാഴ്ച ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ് സീനിയർ ടീമിനെ ഇന്ത്യ തകർത്തെറിഞ്ഞിരുന്നു. ഇപ്പോഴിതാ സീനിയേഴ്സിനു പിന്നാലെ അണ്ടർ 19 ലോകകപ്പിൽ ന്യൂസീലൻഡിനെതിരേ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ കൗമാരനിരയും. ആധികാരിക ജയത്തോടെ സൂപ്പർ സിക്‌സിലേക്കുള്ള പ്രവേശനം ഇന്ത്യ ഗംഭീരമാക്കി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സൂപ്പർ സിക്‌സിലെത്തിയത്.
ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും കടന്നാക്രമണമാണ് ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്‌സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ് ടോപ് സ്‌കോറർ. 23 പന്തുകൾ നേരിട്ട വൈഭവ് 40 റൺസെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റിൽ 39 പന്തിൽ നിന്ന് ഇരുവരും ചേർന്നെടുത്ത 76 റൺസ് കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്. ഓപ്പണർ ആരോൺ ജോർജിനെ (7) ഇന്ത്യയ്ക്ക് വേഗം നഷ്ടമായിരുന്നു. വിഹാൻ മൽഹോത്ര (17*), വേദാന്ത് ത്രിവേദി (13*) എന്നിവർ പുറത്താകാതെ നിന്നു.
നേരത്തേ 29 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ആംബ്രിഷും 23 റൺസിന് മൂന്നു വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസ് ഇന്നിങ്‌സ് 135 റൺസിൽ അവസാനിപ്പിച്ചത്.
മുൻനിര തകർന്നപ്പോൾ എട്ടാം വിക്കറ്റിലെ സെൽവിൻ സഞ്ജയ് - കല്ലം സാംസൺ കൂട്ടുകെട്ടാണ് കിവീസിനെ 100 കടക്കാൻ സഹായിച്ചത്. 57 പന്തിൽ നിന്ന് ഈ സഖ്യം 53 റൺസ് ചേർത്തു. 48 പന്തിൽ നിന്ന് 37 റൺസെടുത്ത സാംസണാണ് ടീമിന്റെ ടോപ് സ്‌കോറർ. സെൽവിൻ 30 പന്തിൽ നിന്ന് 28 റൺസെടുത്തു. 47 പന്തിൽ നിന്ന് 23 റൺസെടുത്ത ജേക്കബ് കോട്ടറാണ് മറ്റൊരു പ്രധാന സ്‌കോറർ.
ആര്യൻ മാൻ (5), ഹ്യൂഗോ ബോഗെ (4), ക്യാപ്റ്റൻ ടോം ജോൺസ് (2), സ്‌നേഹിത് റെഡ്ഡി (10), മാർക്കോ ആൽപെ (1) എന്നിവരെല്ലാം നേരത്തേ മുട്ടുമടക്കിയപ്പോൾ ഒരു ഘട്ടത്തിൽ അഞ്ചിന് 22 റൺസെന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. പിന്നീട് ജേക്കബ് കോട്ടർ, ജാസ്‌കരൻ സന്ധു (18), കല്ലം സാംസൺ, സെൽവിൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് അവരെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
Content Highlights: India U19 dominates New Zealand U19 in the World Cup, winning by 7 wickets via DLS. Stellar performances secure Super Six entry. Get the match highlights!