ഫൈനലിലേക്ക് ഇന്ത്യയോ പാകിസ്താനോ?; അണ്ടര്‍-19 ലോകകപ്പ് സെമി ഇന്ന്

ഇന്ത്യയുടേയും പാകിസ്താന്റേയും ടീമംഗങ്ങള്‍ സെല്‍ഫിയെടുത്തപ്പോള്‍   Photo Courtesy: BCCI
ഇന്ത്യയുടേയും പാകിസ്താന്റേയും ടീമംഗങ്ങള്‍ സെല്‍ഫിയെടുത്തപ്പോള്‍ Photo Courtesy: BCCI

പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ തേടി ഇന്ത്യയുടെ കൗമാരതാരങ്ങള്‍ ഇന്നിറങ്ങുന്നു. 13-ാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ പാകിസ്താനെ നേരിടും. മത്സരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍.

നാലു തവണ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടു തവണയും ഫൈനലിലുണ്ടായിരുന്നു. 2016 ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റപ്പോള്‍ 2018-ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടി. അഞ്ചുതവണ ഫൈനല്‍ കളിച്ച പാകിസ്താന് രണ്ടു കിരീടമുണ്ട്.

പ്രിയം ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ വലിയ വെല്ലുവിളിയില്ലാതെയാണ് സെമിഫൈനലിലെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, ജപ്പാന്‍ ടീമുകളെ ആധികാരികമായിത്തന്നെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ 74 റണ്‍സിന് തോല്‍പ്പിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരേ ബാറ്റിങ് ശരിക്കും പരീക്ഷിക്കപ്പെട്ടെങ്കിലും ബൗളര്‍മാര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

സീനിയര്‍ തലത്തില്‍ ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ ഒരിക്കലും തോല്‍പ്പിക്കാനായിട്ടില്ല എന്ന ചരിത്രമുണ്ട്.

നാലില്‍ മൂന്ന് ഇന്നിങ്സിലും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണ്‍. യശസ്വി നാല് ഇന്നിങ്സില്‍ 207 റണ്‍സെടുത്തു. നാലില്‍ രണ്ട് ഇന്നിങ്സില്‍ പുറത്താകാതെനിന്ന യശസ്വിയുടെ ഈ ലോകകപ്പിലെ ശരാശരി 103 റണ്‍സാണ്.

ബൗളിങ്ങില്‍, ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയും മീഡിയം പേസര്‍ കാര്‍ത്തിക് ത്യാഗിയും ഉജ്ജ്വല ഫോമില്‍. ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരേ 234 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ മൂന്നുപേരെ ആദ്യ ഓവറില്‍ മടക്കിയ കാര്‍ത്തിക് ത്യാഗിയാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. ആകെ 24 റണ്‍സിന് നാലു വിക്കറ്റെടുത്ത ത്യാഗി കളിയിലെ താരവുമായി.

ക്വാര്‍ട്ടറില്‍ അഫ്ഗാനിസ്താനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ സെമിഫൈനലിലെത്തിയത്. ഓപ്പണിങ് ബാറ്റ്സ്മാന്‍ മുഹമ്മദ് ഹുറൈറ, മീഡിയം പേസര്‍ അബ്ബാസ് അഫ്രിഡി എന്നിവരാണ് പാകിസ്താന്റെ പ്രധാന ആയുധം.

Content Highlights: U-19 Cricket World Cup Semi Final India vs Pakistan

Content Highlights: