മത്സരത്തിനിടെ കാമുകിയുമായി ചാറ്റിങ്; തമിഴ്നാട് ക്രിക്കറ്റ് താരത്തിന് ഒരു ലക്ഷം രൂപ പിഴ, സസ്പെൻഷൻ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AI generated image
Photo: AI generated image

ചെന്നൈ: തമിഴ്നാട് പ്രീമിയർ ലീഗിനിടെ ഡ്രസ്സിങ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവതാരത്തിന് ഒരു ലക്ഷം രൂപ പിഴയും സസ്പെൻഷനും. ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് താരം ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്.

ഓഗസ്റ്റ് 10-ന് ദിണ്ടിഗലിലെ നാഥത്തുള്ള എൻപിആർ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. കളിക്കാർക്കും മാച്ച് ഒഫിഷ്യൽസിനും മാത്രം പ്രവേശനമുള്ള മേഖലയിൽ അനുമതിയില്ലാതെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് നടപടി എടുത്തത്. ഈ സമയത്ത് താരം തന്റെ കാമുകിയുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തെത്തുടർന്ന് താരത്തെ ഫ്രാഞ്ചൈസി ഉടൻ തന്നെ പുറത്താക്കി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ താരത്തെ ടീമിലേക്ക് പരിഗണിക്കാൻ പാടില്ലെന്ന് ടീം ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

താരത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്ന്, ആദ്യത്തെ കുറ്റമായതിനാൽ ഒരു ലക്ഷം രൂപ പിഴ ചുമത്താൻ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് വർഷത്തെ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അസോസിയേഷൻ പിഴയിൽ ഒതുക്കുകയായിരുന്നു.

താരത്തിന്റെ ഫോണിൽ നിന്ന് വാതുവെയ്പ്പുമായോ മറ്റ് സംശയകരമായ എന്തെങ്കിലുമോ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. എങ്കിലും, മത്സരസമയത്ത് ഡ്രസ്സിങ് റൂമിൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ആന്റി കറപ്ഷൻ പ്രോട്ടോക്കോളിന്റെ ലംഘനമായതിനാലാണ് നടപടിയെടുത്തതെന്ന് ടിഎൻസിഎ ഔദ്യോഗികമായി അറിയിച്ചു.

26 വയസുകാരനായ ഈ ഇടങ്കയ്യൻ ബാറ്റർ കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലാണ് തമിഴ്നാടിനായി അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ സീസണിൽ രണ്ട് അർധ സെഞ്ചുറികൾ നേടി മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ താരത്തിന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

സമാനമായ രീതിയിൽ കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് മാനേജർ റോമി ഭിന്ദറിനും ഡഗൗട്ടിൽ മൊബൈൽ ഉപയോഗിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

Content Highlights: A young Tamil Nadu cricketer was fined Rs 1 lakh and suspended for using a mobile phone during a TNPL match., The player was caught chatting with his girlfriend in the restricted dressing room area., BCCI's Anti-Corruption and Security Unit confirmed no betting links were found, but protocol was breached., The franchise dropped the player immediately pending a full investigation by the TNCA.