ബാസ്‌ബോളില്‍ തകര്‍ത്താടി ഇംഗ്ലണ്ട്; ഓസീസിനെതിരേ 275 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

മാഞ്ചെസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ 275 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 317-നെതിരേ ഇംഗ്ലണ്ട് 592 റണ്‍സെടുത്തു. വെറും 107.4 ഓവറിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ബാസ്‌ബോള്‍ ശൈലിയില്‍ 592 റണ്‍സ് അടിച്ചെടുത്തത്.
അതേസമയം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ്. മാര്‍നസ് ലബുഷെയ്ന്‍ (23*), സ്റ്റീവ് സ്മിത്ത് (14*) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (18), ഡേവിഡ് വാര്‍ണര്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
മൂന്നാം ദിനം ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ട് സ്‌കോര്‍ അതിവേഗം ചലിപ്പിച്ചത്. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെ കൂട്ടുപിടിച്ച് 66 റണ്‍സാണ് ബെയര്‍സ്റ്റോ ഇംഗ്ലണ്ട് സ്‌കോറിലേക്ക് ചേര്‍ത്തത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ സെഞ്ചുറി തികയ്ക്കാന്‍ ബെയര്‍സ്റ്റോയ്ക്കായില്ല. അവസാന വിക്കറ്റായി ആന്‍ഡേഴ്‌സന്‍ (5) പുറത്താകുമ്പോള്‍ 81 പന്തില്‍ നിന്ന് നാല് സിക്‌സും 10 ഫോറുമടക്കം 99 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു താരം. ഒരു റണ്ണകലെ സെഞ്ചുറി നഷ്ടം.
നാല് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി അഞ്ചാം വിക്കറ്റില്‍ ഹാരി ബ്രൂക്ക് - ക്യാപ്റ്റന്‍ ജോ റൂട്ട് സഖ്യം 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 74 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സ്റ്റോക്ക്‌സാണ് മൂന്നാം ദിനം ആദ്യം പുറത്തായത്. പിന്നാലെ 100 പന്തില്‍ നിന്നും 61 റണ്‍സുമായി ബ്രൂക്ക്‌സും മടങ്ങി. തുടര്‍ന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനെ 592-ല്‍ എത്തിച്ചത്.
നേരത്തേ സാക്ക് ക്രൗളി (189), മോയിന്‍ അലി (54), ജോ റൂട്ട് (84) എന്നിവരുടെ ഇന്നിങ്‌സുകളാണ് രണ്ടാം ദിനം ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചത്.
Content Highlights: The Ashes 2023 England vs Australia 4th Test day 3