രണ്ടാം ഇന്നിങ്‌സില്‍ 8 വിക്കറ്റ് ബാക്കിനില്‍ക്കേ ഓസീസിന് 221 റണ്‍സ് ലീഡ്; ബാസ്‌ബോളിന് അടിതെറ്റുമോ?

രണ്ടാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയവസാനിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും | Photo: AFP
രണ്ടാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയവസാനിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും | Photo: AFP

ലോര്‍ഡ്സ്: രണ്ടാം ആഷസ് ടെസ്റ്റില്‍ പിടിമുറുക്കി ഓസ്‌ട്രേലിയ. മൂന്നാം ദിനമായ വെള്ളിയാഴ്ച മഴ കാരണം നേരത്തെ കളിയവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ബാക്കിനില്‍ക്കേ ഓസീസിന് ഇതുവരെ 221 റണ്‍സ് ലീഡായി.

ഉസ്മാന്‍ ഖവാജ (58*), സ്റ്റീവ് സ്മിത്ത് (6*) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (25), മാര്‍നസ് ലബുഷെയ്ന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 325 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് 91 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 416 റണ്‍സിന് പുറത്തായിരുന്നു.

നാലിന് 278 എന്നനിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച ആറ് വിക്കറ്റുകള്‍ വെറും 47 റണ്‍സിനിടെ നഷ്ടമായി. ബെന്‍ സ്റ്റോക്സ് (17), ജോണി ബെയര്‍സ്റ്റോ (16) എന്നിവര്‍ക്കൊന്നും ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 68 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 50 റണ്‍സെടുത്ത ഹാരി ബ്രൂക്കിനാകട്ടെ മൂന്നാം ദിനം അഞ്ച് റണ്‍സ് മാത്രമാണ് സ്വന്തം സ്‌കോറിലേക്ക് ചേര്‍ക്കാനായത്.

രണ്ടാം ദിനം സാക് ക്രൗളി (48), ബെന്‍ ഡക്കറ്റ് (98), ഒലി പോപ്പ് (42) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഓസ്ട്രേലിയക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക് മൂന്നുവിക്കറ്റും ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. അതേസമയം രണ്ടാം ദിനം ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ നേഥന്‍ ലയണിന് ആഷസിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഓസീസിന് കനത്ത തിരിച്ചടിയാണ് ഫോമിലുള്ള ലയണിന്റെ പരിക്ക്. തുടര്‍ച്ചയായി 100 ടെസ്റ്റുകള്‍ കളിക്കുകയെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയ മത്സരത്തിലാണ് ലയണിനെ തേടി ദുര്‍വിധിയെത്തുന്നത്.

Content Highlights: The Ashes 2023 England vs Australia 2nd Test day 3 at Lords