രണ്ടാമതൊരു നക്ഷത്രം കൂടി; 'ചാമ്പ്യന്‍സ്' ജേഴ്‌സിയുടെ ചിത്രം പങ്കുവെച്ച് സഞ്ജു

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാട്ടില്‍ തിരികെയെത്തിയിരിക്കുകയാണ്. ന്യൂഡല്‍ഹിയിലും മുംബൈയിലും ടീമിന് അനുമോദന ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചടങ്ങുകളില്‍ ധരിക്കാന്‍ ചാമ്പ്യന്‍ ടീമിനായി പ്രത്യേകം തയ്യാറാക്കിയ ടീം ഇന്ത്യ ജേഴ്‌സിയുടെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടീം ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്.
ടീം വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. പിന്നാലെ നടക്കുന്ന അനുമോദന ചടങ്ങിലും ഓപ്പണ്‍ ബസ് പരേഡിലും ധരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ജേഴ്‌സിയുടെ ചിത്രമാണ് സഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ടീം ഹോട്ടലില്‍ നിന്നാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സഞ്ജു പങ്കിട്ട ചിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയത്തെ സൂചിപ്പിക്കാന്‍ ബിസിസിഐ ലോഗോയ്ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങളുണ്ട്. ജേഴ്‌സിയുടെ മുന്‍വശത്ത് 'ചാമ്പ്യന്‍സ്' എന്നെഴുതിയിട്ടുണ്ട്. 2007-ല്‍ എംഎസ് ധോനിയുടെ നേതൃത്വത്തില്‍ പ്രഥമ ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളായിരുന്നു.
വ്യാഴാഴ്ച ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം നാട്ടിലെത്തിയത്. 16 മണിക്കൂര്‍ യാത്ര ചെയ്താണ് ടീം എത്തിയത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് ടീമിന് ഒരുക്കിയത്. ശേഷം ടീം ഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലിലെത്തി. ഇവിടെ ലോകകപ്പിന്റെ മാതൃകയിലുള്ള കേക്ക് ഒരുക്കിയിരുന്നു. പ്രത്യേക കേക്ക് മുറിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
Content Highlights: t20 world cup sanju samson shares first glimpse of team india special champions jersey