ഇന്ത്യക്കൊപ്പമുള്ള അഞ്ച് വർഷത്തെ യാത്രയ്ക്ക് വിരാമം-വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് ടി. ദിലീപ്

#സ്പോർട്സ് ഡെസ്ക്
ട്വന്റി 20 കിരീടവുമായി ടി ദിലീപ്‌ | Photo: instagram/ t dilip
ട്വന്റി 20 കിരീടവുമായി ടി ദിലീപ്‌ | Photo: instagram/ t dilip

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിയിറങ്ങി ഫീൽഡിങ് കോച്ച് ടി ദിലീപ്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയ്ക്കുശേഷം ദിലീപിന്റെ കരാർ പുതുക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് സ്വദേശിയായ ദിലീപ് ടീം വിടുന്നതായി അറിയിച്ചത്. അദ്ദേഹത്തിന് പകരം ശുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ചായി ചുമതലയേറ്റു. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ശുഭദീപുമുണ്ടാകും.

ഇന്ത്യൻ ടീമിനൊപ്പമുള്ള അഞ്ച് വർഷത്തെ യാത്രയ്ക്ക് വിരാമമിടുന്നുവെന്ന് ദിലീപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. 'ഇത്രയും അർത്ഥവത്തായ ഒരു യാത്രയെ വിശേശിപ്പിക്കാൻ വാക്കുകളില്ല. ഈ ടീമിനൊപ്പം ചേരുമ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്തുകൊടുക്കുക. ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എന്നും കടപ്പെട്ടിരിക്കും', ദിലീപ് കുറിച്ചു.

തന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐയ്ക്കും മുൻ കോച്ച് രാഹുൽ ദ്രാവിഡിനും ഇപ്പോഴത്തെ കോച്ച് ഗൗതം ഗംഭീറിനും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നീ ക്യാപ്റ്റൻമാർക്കൊപ്പം പ്രവർത്തിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ വരുത്തിയ മാറ്റങ്ങളേക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. മത്സരശേഷം മികച്ച ഫീൽഡർക്ക് മെഡൽ നൽകുന്നത് ടീമിൽ വലിയ ആവേശവും ഒത്തൊരുമയുമാണ് ഉണ്ടാക്കിയതെന്നും അത് എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും ദിലീപ് കുറിച്ചു.

2024, 2026 ട്വന്റി 20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി എന്നിവ ഇന്ത്യ നേടിയപ്പോൾ ദിലീപായിരുന്നു ഫീൽഡിങ് കോച്ച്. രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും ആ കാലയളവിൽ ഇന്ത്യ നേടി. 2023-ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ രണ്ടാം സ്ഥാനത്തുമെത്തി.

Content Highlights: T Dilip ends his 5-year tenure as India's fielding coach., Shubadeep Ghosh appointed as the new fielding coach., Dilip reflects on key achievements including T20 World Cup wins and Asia Cup titles., BCCI and former coach Rahul Dravid thanked for their trust., The iconic post-match fielding medal initiative highlighted as a career highlight.