35 പന്തിൽ 70 റൺസുമായി ബാസിത്ത്; റൺമല താണ്ടാനാവാതെ കേരളം, ആന്ധ്രയോട് തോൽവി

#സ്പോർട്സ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി. എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ആന്ധ്രപ്രദേശിനോടാണ് കേരളം തോറ്റത്. 29 റൺസിനാണ് പരാജയം. ആന്ധ്രാപ്രദേശ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ ആയുള്ളൂ. 35 പന്തുകളിൽ 70 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ ബാസിത്തിൻ്റെ തകർപ്പൻ ഇന്നിങ്സിനും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ആന്ധ്രയുടെ എസ്.വി. രാഹുലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആന്ധ്രയ്ക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. ഷൈക് റഷീദും ഹേമന്ത് റെഡ്ഡിയും ചേർന്ന് 5.1 ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. ആറാം ഓവറിൽ ഹേമന്ത് റെഡ്ഡിയെയും തുടർന്നെത്തിയ ക്യാപ്റ്റൻ റിക്കി ഭുവിയെയും പുറത്താക്കി ബിജു നാരായണൻ കേരളത്തിന് പ്രതീക്ഷ നൽകി. പക്ഷേ, തുടർന്ന് ഒന്നിച്ച ഷൈക് റഷീദും എസ്.വി. രാഹുലും ചേർന്ന് 42 പന്തുകളിൽ 69 റൺസ് കൂട്ടിച്ചേർത്തു. 39 പന്തുകളിൽ 60 റൺസെടുത്ത റഷീദിനെ അബ്ദുൾ ബാസിത്ത് പുറത്താക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ എസ്.വി. രാഹുലും അശ്വിൻ ഹെബ്ബാറും ചേർന്ന് 18 പന്തുകളിൽ നേടിയ 50 റൺസാണ് ആന്ധ്രയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. എസ്.വി. രാഹുൽ 30 പന്തുകളിൽ നിന്ന് 64 റൺസും അശ്വിൻ ഹെബ്ബാർ 15 പന്തുകളിൽ നിന്ന് 37 റൺസും നേടി. അവസാന ഓവറുകളിൽ ഏഴ് പന്തുകളിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്ന കെ. രാജുവിന്റെ പ്രകടനവും ആന്ധ്ര ബാറ്റിങ് നിരയിൽ ശ്രദ്ധേയമായി. കേരളത്തിനുവേണ്ടി എം.ഡി. നിധീഷ് മൂന്നും ബിജു നാരായണൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സഞ്ജു സാംസന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 പന്തുകളിൽ 26 റൺസെടുത്ത സഞ്ജുവിനെ പി.വി.എസ്. രാജു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അടുത്ത ഓവറിൽ നാല് റൺസെടുത്ത രോഹൻ കുന്നുമ്മലും മടങ്ങി. തുടർന്നെത്തിയ വിഷ്ണു വിനോദും ഗോവിന്ദ് പൈയും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. 13 റൺസുമായി മടങ്ങിയ വിഷ്ണു വിനോദിന് പകരമെത്തിയ അബ്ദുൾ ബാസിത്ത് തുടക്കം മുതൽ തകർപ്പൻ ഷോട്ടുകൾ പായിച്ചു. ഇടയ്ക്ക് ഗോവിന്ദ് ദേവ് പൈയുടെയും (36) സൽമാൻ നിസാറിന്റെയും (13) വിക്കറ്റുകൾ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശിയ അബ്ദുൾ ബാസിത്തും ഷറഫുദ്ദീനും ചേ‍ർന്ന് കേരളത്തിന് പ്രതീക്ഷ നൽകി. 17-ാം ഓവറിൽ തുടരെ നാല് പന്തുകൾ അതിർത്തി കടത്തിയ അബ്ദുൾ ബാസിത്ത് 17-ാം ഓവറിൽ 21 റൺസാണ് നേടിയത്. മറുവശത്ത് ഷറഫുദ്ദീനും മികച്ച പിന്തുണ നൽകി.

അവസാന ഓവറിലും ഫോറുകളും സിക്സറും പറത്തി ഇരുവരും കളം നിറഞ്ഞെങ്കിലും കേരളത്തിന്റെ മറുപടി 196 റൺസിൽ അവസാനിച്ചു. അബ്ദുൾ ബാസിത്ത് 35 പന്തുകളിൽ അഞ്ച് ഫോറും അഞ്ച് സിക്സുമടക്കം 70 റൺസും ഷറഫുദ്ദീൻ 13 പന്തുകളിൽ നിന്ന് 27 റൺസുമായും പുറത്താകാതെ നിന്നു. ആന്ധ്രയ്ക്കുവേണ്ടി വെങ്കട് ശശികാന്തും കെ. രാജുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Kerala lost to Andhra Pradesh by 29 runs in the Syed Mushtaq Ali Trophy Elite Group C match