സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ കീഴടക്കി വിദര്‍ഭ, യാഷ് ഠാക്കൂറിന് അഞ്ചുവിക്കറ്റ്

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ വിദര്‍ഭയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആറുവിക്കറ്റിനാണ് വിദര്‍ഭ ജയിച്ചുകയറിയത്. കേരളം ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ മറികടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് ഓപ്പണര്‍ അഥര്‍വ ടൈഡെ വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ടീം ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സിലെത്തി. ആധ്യായന്‍ ഡാഗ(22), ധ്രുവ് ഷോറെ(22)എന്നിവരുമായി ചേര്‍ന്ന് ടൈഡെ ടീം സ്‌കോറുയര്‍ത്തി. 36 പന്തില്‍ 54 റണ്‍സെടുത്താണ് താരം പുറത്തായത്. ഏഴുഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റില്‍ ശിവം ദേശ്മുഖും(29) വരുണ്‍ ബിഷ്തും(22) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തേ ആദ്യം ബാറ്റുചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു ഒരു റണ്ണെടുത്ത് പുറത്തായി. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ നിന്ന് 58 റണ്‍സെടുത്തു. നാലുവീതം ഫോറും സിക്‌സറുകളും നേടി. വിഷ്ണു വിനോദ് 38 പന്തില്‍ നിന്ന് 65 റണ്‍സെടുത്തു. ഒരു ഫോറും ആറുസിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അബ്ദുള്‍ ബാസിത്ത് 16 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. വിദര്‍ഭയ്ക്കായി യാഷ് ഠാക്കൂര്‍ അഞ്ചുവിക്കറ്റെടുത്ത് തിളങ്ങി.
Content Highlights: Syed Mushtaq Ali Trophy vidarbha beat kerala