32-ന് പുറത്ത്, അരുണാചലിന്റെ ടോപ് സ്‌കോറര്‍ 'എക്‌സ്ട്രാസ്'; മൂന്ന് ഓവറില്‍ മത്സരം തീര്‍ത്ത് കശ്മീര്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ അരുണാചല്‍ പ്രദേശിനെ പത്തുവിക്കറ്റിന് തകര്‍ത്ത ജമ്മു കശ്മീര്‍ ടീമില്‍ ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങി രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ താരം യുധ് വിര്‍ സിങ്ങും. ഇക്കഴിഞ്ഞ ഐ.പി.എല്‍. താരലേലത്തില്‍ 35 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് യുധ് വിര്‍ സിങ്ങിനെ ടീമിലെത്തിച്ചത്. രാജസ്ഥാന്റെ ഈ നീക്കത്തിനോട് നീതിപുലര്‍ത്തുന്നതായിരുന്നു മുഷ്താഖ് ട്രോഫിയില്‍ യുവതാരത്തിന്റെ പ്രകടനം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശിനെ 9.1 ഓവറില്‍ 32 റണ്‍സിന് ഓള്‍ഔട്ടാക്കിയ ജമ്മു കശ്മീര്‍ മൂന്ന് ഓവറില്‍ വിജയലക്ഷ്യം മറികടന്നു. കശ്മീരിന്റെ ബൗളര്‍മാര്‍ വിട്ടുനല്‍കിയ 'എക്‌സ്ട്രാസ്' ആയിരുന്നു അരുണാചലിന്റെ ഇന്നിങ്ങ്‌സിലെ ടോപ്‌സ്‌കോറര്‍!. എട്ടുറണ്‍സാണ് കശ്മീര്‍ ബൗളര്‍മാര്‍ എക്‌സ്ട്രാസായി വിട്ടുകൊടുത്തത്. അരുണാചലിന്റെ ഒരു ബാറ്റര്‍ക്ക് പോലും അഞ്ച് റണ്‍സില്‍ കൂടുതല്‍ നേടാനായില്ല.
കശ്മീരിനായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ആബിദ് മുഷ്താഖ് നാല് വിക്കറ്റ് നേടി. ഇക്കഴിഞ്ഞ ഐ.പി.എല്‍. ലേലത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ആറുകോടി രൂപയ്ക്ക് സ്വന്തമാക്കി റാസിഖ് സലാം രണ്ട് ഓവറില്‍ ആറു റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ആക്വിബ് നബി കശ്മീരിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ താരം യുധ് വിര്‍ സിങ് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങില്‍ കശ്മീരിനായി ഓപ്പണിങ്ങിറങ്ങിയ യുധ് വീര്‍ സിങ് 11 പന്തില്‍നിന്ന് 21 റണ്‍സും നേടി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് അരുണാചലിന്റേത്. 2009-ല്‍ ഝാര്‍ഖണ്ഡിനെതിരേ ത്രിപുര 30 റണ്‍സിന് ഓള്‍ഔട്ടായതാണ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
Content Highlights: syed mushtaq ali trophy cricket jammu kashmir beats arunachal pradesh