അപകടം തളർത്തിയില്ല; ഹിമാലയം കീഴടക്കിയ സ്വരൂപ് ഇനി വീൽച്ചെയർ ക്രിക്കറ്റ് ഇന്ത്യൻ ടീമംഗം

കല്പറ്റ: നിനച്ചിരിക്കാതെയുള്ള അപകടത്തില്‍ ജീവിതംതന്നെ വീല്‍ച്ചെയറിലായിപ്പോയെങ്കിലും സ്വരൂപ് തന്റെ സ്വപ്നങ്ങളിലേക്കുതന്നെ നടന്നു. വീണുപോയിടത്ത് നിന്നവന്‍ ഒറ്റക്കാലില്‍ ഉയിര്‍ത്തെഴുന്നേറ്റുനിന്നു.
ഒറ്റക്കാലില്‍ നൃത്തം ചെയ്തു. കൃത്രിമക്കാല്‍ വെച്ച് ഹിമാലയത്തിന്റെ നെറുകയിലെത്തി. ഒടുവിലിതാ വീല്‍ച്ചെയര്‍ ക്രിക്കറ്റ് ഇന്ത്യന്‍ ടീമംഗം എന്ന നേട്ടവും. വീല്‍ച്ചെയര്‍ ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളടീമില്‍ കളിക്കുന്ന സ്വരൂപിന് പ്രതിസന്ധികളില്‍ പതറാതെ പോരാടിയതിനുള്ള ഫലമാണ് ഇന്ത്യന്‍ ടീമംഗത്വം.
ജനുവരിയില്‍ മഹാരാഷ്ട്രയില്‍ നടന്ന കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് സ്വരൂപിന് ഇന്ത്യന്‍ ടീമിേലക്ക് വഴിയൊരുക്കിയത്. നിലവില്‍ കോയമ്പത്തൂരില്‍ കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ടൂര്‍ണമെന്റില്‍ സ്വരൂപും കേരളവും കിരീടം ചൂടി. 21-ന് ഉത്തരാഖണ്ഡിലെത്തും. 23-ന് ഇന്ത്യയും നേപ്പാളും തമ്മില്‍ തുടങ്ങുന്ന 'ഫ്രണ്ട്‌സ് കപ്പില്‍' ഇന്ത്യന്‍ ടീമില്‍ സ്വരൂപും കളിക്കും.
ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സ്വരൂപ്. അപകടത്തിനുശേഷം മനോധൈര്യത്തിന്റെ പിന്‍ബലത്തിലാണ് മകന്‍ മുന്നോട്ടുപോയതെന്നും ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ലഭിക്കുന്ന പിന്തുണ വലിയ പ്രചോദനമാണെന്നും അമ്മ വസന്ത പറഞ്ഞു.
മലപ്പുറം പുളിക്കലുള്ള എബിലിറ്റി ഫൗണ്ടേഷനാണ് ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ നല്‍കുന്നത്.
Content Highlights: swaroop represents wheelchair cricket india team