‘മൂന്ന് മണിക്കൂർ, ആയിരം പന്തുകൾ’; സൂര്യകുമാർ തിരിച്ചുവരുമോ? വാതിൽ അടഞ്ഞിട്ടില്ല

ന്യൂഡൽഹി: ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയ നായകനായിട്ടും ടീമിലെ സ്ഥാനംതന്നെ നഷ്ടപ്പെടേണ്ടി വന്നയാളാണ് സൂര്യകുമാർ യാദവ്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ കിരീടവിജയങ്ങളിലേക്ക് നയിച്ചെങ്കിലും ബാറ്റിങ്ങിലെ മോശം ഫോമാണ് തിരിച്ചടിയായത്. അതോടെ പകരം ശ്രേയസ് അയ്യരെ ടി20 ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സൂര്യകുമാർ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്റെ പദ്ധതികളുടെ ഭാഗമല്ലെങ്കിലും പൂർണമായും വഴിയടഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മുൻ നായകനെ വീണ്ടും ടീമിലേക്ക് പരിഗണിക്കും. എന്നാൽ, പുതിയ താരങ്ങളെ ടീമിലെടുത്ത് അഴിച്ചുപണി നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എത്രത്തോളം സാധ്യമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ‘സൂര്യകുമാറിനുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുകയാണ്. നിലവിൽ അദ്ദേഹം പദ്ധതികളുടെ ഭാഗമല്ല. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചാൽ തിരിച്ചുവരാം.’ - ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അതേസമയം, അടുത്തിടെ സൂര്യകുമാർ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. നെറ്റ്‌സിൽ പരിശീലനം നടത്തുന്ന വീഡിയോ ആണ് താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. മൂന്നു മണിക്കൂർ ആയിരം പന്തുകളോളം നേരിട്ടെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സൂര്യ കുറിച്ചത്. അതോടെ, ടീമിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉയർന്നു.
Sunday was fun. Quick run 🏃🏾
Batted around 1000 balls for 3 hours.
Felt good 💪 pic.twitter.com/x6wH9Ebpmv— Surya Kumar Yadav (@surya_14kumar) July 26, 2026
ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനൊപ്പം ടീമിലും ഇടമില്ലാതെയാണ് സൂര്യകുമാർ യാദവ് മടങ്ങിയത്. സൂര്യകുമാറിനു കീഴിൽ ഈവർഷം ഇന്ത്യ ട്വന്റി 20 കിരീടം നേടിയെങ്കിലും ബാറ്റിങ്ങിൽ കുറച്ചുകാലമായി അദ്ദേഹം ഫോമിലല്ലായിരുന്നു. 2028-ൽ വീണ്ടും ട്വന്റി 20 ലോകകപ്പുണ്ട്. അതുകൂടി മുന്നിൽക്കണ്ടാണ് ശ്രേയസ് അയ്യരെ ടീമിന്റെ നായകനാക്കിയത്. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഉണ്ടാക്കിയ നേട്ടങ്ങൾ പരിഗണിച്ചാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
Content Highlights: Suryakumar Yadav is currently out of the Indian T20I plans despite leading the team to a T20 World Cup victory