‘ടീമിന് നല്ലതെങ്കിൽ ഒഴിവാക്കിക്കോളൂ’; സഞ്ജുവിന്റെ പ്രതികരണം അദ്ഭുതപ്പെടുത്തിയെന്ന് സൂര്യകുമാർ യാദവ്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

മുംബൈ: ടി20 ലോകകപ്പ് കിരീടനേട്ടത്തിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രയാണത്തിൽ പല നിർണായക തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അതിൽ തനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനം വിക്കറ്റ് കീപ്പർ- ബാറ്റർ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽനിന്ന് ഒഴിവാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആ സമയത്ത് സഞ്ജു നൽകിയ നിസ്വാർഥമായ പ്രതികരണവും ടീമിനായി ഏതൊരു ത്യാഗത്തിനും തയ്യാറായ മനോഭാവവും തനിക്ക് വലിയ രീതിയിൽ ആത്മവിശ്വാസം നൽകിയെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.

ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സൂര്യകുമാർ സഞ്ജുവുമായി നടത്തിയ ആ സംഭാഷണം ഓർത്തെടുത്തത്. ടീം ബസിലായിരിക്കെയാണ് സഞ്ജുവിനോട് ടീമിലെ അന്നത്തെ സാഹചര്യങ്ങൾ കാരണം കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നു താൻ പറഞ്ഞതെന്ന് സൂര്യകുമാർ പറയുന്നു. എന്നാൽ, സഞ്ജുവിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ''ഇന്ത്യക്ക് ഈ ലോകകപ്പ് നേടിത്തരാൻ നിങ്ങൾക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക. എപ്പോൾ ആവശ്യമുണ്ടെങ്കിലും ഞാൻ കൂടെയുണ്ടാകും. മത്സരത്തിൽ കളിക്കാൻ പോകുന്നു എന്ന രീതിയിൽ തന്നെയായിരിക്കും എന്റെ എല്ലാ തയ്യാറെടുപ്പുകളും'' എന്നായിരുന്നു സഞ്ജു നൽകിയ മറുപടി. സഞ്ജുവിന്റെ ഈ പ്രതികരണം തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും ജീവിതത്തിൽ ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടെന്ന് താൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ഇഷാൻ കിഷൻ മികച്ച ഫോമിലായിരുന്നതിനാൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ, ഇന്ത്യയുടെ പതിഞ്ഞ തുടക്കവും അഭിഷേക് ശർമയ്ക്ക് പൂർണ കായികക്ഷമത കൈവരിക്കാൻ സാധിക്കാതിരുന്നതും സഞ്ജുവിന് വീണ്ടും ടീമിലേക്കുള്ള വഴിതുറന്നു. ലഭിച്ച അവസരം പരമാവധി വിനിയോഗിച്ച സഞ്ജു, നോക്കൗട്ട് ഘട്ടങ്ങളിൽ തുടർച്ചയായ മികച്ച ഇന്നിങ്‌സുകളിലൂടെ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചു. ഈ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി സഞ്ജു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുമ്പ് സഞ്ജു മോശം ഫോമിലൂടെ കടന്നുപോയ സമയങ്ങളിലും അദ്ദേഹത്തിൽ തനിക്കും ടീം കോച്ചിനും പൂർണ വിശ്വാസമുണ്ടായിരുന്നുവെന്ന്‌ സൂര്യകുമാർ വ്യക്തമാക്കി. 2024-ൽ ശ്രീലങ്കൻ പര്യടനത്തിൽ തിളങ്ങാൻ സാധിക്കാതിരുന്നപ്പോൾ താൻ എന്തുചെയ്യണമെന്ന് സഞ്ജു ചോദിച്ചിരുന്നു. തുടർന്ന് അനന്തപുരിലെ ദുലീപ് ട്രോഫി മത്സരത്തിനിടയിലാണ് സഞ്ജുവിന് തങ്ങൾ നൽകുന്ന പിന്തുണയെക്കുറിച്ച് സൂര്യകുമാർ സംസാരിച്ചത്. വരാനിരിക്കുന്ന അടുത്ത ഏഴ് മത്സരങ്ങളിൽ തുടർച്ചയായി പൂജ്യത്തിന് പുറത്തായാൽ പോലും എട്ടാമത്തെ മത്സരത്തിലും സഞ്ജുവിനെ കളിപ്പിക്കുമെന്ന ഉറപ്പാണ് അന്ന് നൽകിയതെന്നും സൂര്യകുമാർ വെളിപ്പെടുത്തി.

Content Highlights: Suryakumar Yadav revealed that dropping Sanju Samson from the playing XI was his hardest decision during the T20 World Cup., Sanju Samson gave a selfless response, telling the captain to do whatever is best for the team to win the World Cup., Samson eventually got his chance due to injuries and form issues, playing crucial knocks in the knockout stages to win Player of the Tournament., Suryakumar reaffirmed his long-standing backing of Samson, citing a promise made during the Duleep Trophy.