‘അത് തിരികെ കൊണ്ടുവരണമെന്ന് ഭാര്യയും പറഞ്ഞു, ടീമിന്റെ ഭാഗമാകാതിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ളതായിരുന്നു’

ന്യൂഡൽഹി: ഇന്ത്യയെ ടി 20 ലോകകപ്പ് ജേതാക്കളാക്കിയ നായകനായിട്ടും ടീമിലെ സ്ഥാനംതന്നെ നഷ്ടപ്പെടേണ്ടി വന്നയാളാണ് സൂര്യകുമാർ യാദവ്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ കിരീടവിജയങ്ങളിലേക്ക് നയിച്ചെങ്കിലും ബാറ്റിങ്ങിലെ മോശം ഫോമാണ് തിരിച്ചടിയായത്. അതോടെ പകരം ശ്രേയസ് അയ്യരെ ടി 20 ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. പിന്നീട് സൂര്യയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. അടുത്തിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിന്റെ ക്യാപ്റ്റനായി താരത്തെ നിയമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സൂര്യ.
‘ടി 20 ലോകകപ്പ് വിജയത്തിനുശേഷം കാര്യങ്ങൾ കുറച്ചു ബുദ്ധിമുട്ടിലായിരുന്നു. ആ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തിയില്ലെങ്കിൽ, സന്തോഷകരമായ ഒരു ജീവിതം നയിക്കുക വളരെ ബുദ്ധിമുട്ടാണ്’, ടി 20 മുംബൈ ലീഗ് സെലിബ്രേറ്റിംഗ് ദി ചാമ്പ്യൻസ് ചടങ്ങിൽ സൂര്യകുമാർ പറഞ്ഞു.
‘വളരെ സത്യസന്ധമായി പറഞ്ഞാൽ, ടീമിന്റെ ഭാഗമാകാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാൽ ഐപിഎല്ലിനിടെ, മെയ് മാസത്തിൽ എനിക്കൊരു പെൺകുഞ്ഞ് ജനിച്ചു. എന്റെ ശ്രദ്ധ പൂർണ്ണമായും അവളിലേക്ക് തിരിഞ്ഞു. അവൾ ജനിച്ചതിനുശേഷമുള്ള കഴിഞ്ഞ കുറച്ച് മാസങ്ങൾ വളരെ മനോഹരമായിരുന്നുവെന്നും’ സൂര്യ പറഞ്ഞു.
‘എന്നിരുന്നാലും, ആദ്യത്തെ രണ്ട് മാസം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് പഴയ കാലത്തെ കുറിച്ച് ചിന്തിച്ചു. ഞാൻ എങ്ങനെയാണ് എന്റെ ക്രിക്കറ്റ് ആരംഭിച്ചത്. അന്ന് ഞാൻ ചിന്തിച്ചിരുന്നതെല്ലാം മുംബൈക്ക് വേണ്ടി ഏജ്-ഗ്രൂപ്പ് ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും ഒടുവിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ചും മാത്രമായിരുന്നു. ഞാൻ ഈ കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുകയും എന്റെ ഭാര്യയോട് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. അവളും അതുതന്നെയാണ് പറഞ്ഞത്, ഒരു 15 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ മുംബൈക്ക് വേണ്ടി അണ്ടർ 15 ക്രിക്കറ്റിൽ കളിക്കാൻ ആഗ്രഹിച്ചപ്പോൾ എനിക്കുണ്ടായിരുന്ന കളിയോടുള്ള സ്നേഹവും അഭിനിവേശവും ഞാൻ തിരികെ കൊണ്ടുവരേണ്ടതുണ്ട്.’
‘10-15 വർഷം മുമ്പ് ഞാൻ ചെയ്തിരുന്ന അതേ കാര്യങ്ങൾ ഇപ്പോൾ ഞാൻ പിന്തുടരുന്നു. ഞാൻ വീണ്ടും പരിശീലിക്കുന്നു, അതേ അഭിനിവേശവും കളിയോടുള്ള അതേ സ്നേഹവും പിന്തുടരുന്നു. എല്ലാം ഇപ്പോൾ സാധാരണ നിലയിലായി. നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയും ഈ കളി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ടീമിനും കുടുംബത്തിനുംവേണ്ടി നന്നായി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു. കാര്യങ്ങൾ പൂർണ്ണമായും മാറുന്നു, അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്.’- സൂര്യ പറഞ്ഞു.
നിലവിൽ ഇന്ത്യയുടെ ടി 20 ടീമിന്റെ പദ്ധതികളുടെ ഭാഗമല്ലെങ്കിലും പൂർണമായും സൂര്യയുടെ വഴിയടഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മുൻ നായകനെ വീണ്ടും ടീമിലേക്ക് പരിഗണിക്കും. എന്നാൽ, പുതിയ താരങ്ങളെ ടീമിലെടുത്ത് അഴിച്ചുപണി നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എത്രത്തോളം സാധ്യമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനൊപ്പം ടീമിലും ഇടമില്ലാതെയാണ് സൂര്യകുമാർ യാദവ് മടങ്ങിയത്. സൂര്യകുമാറിനു കീഴിൽ ഈവർഷം ഇന്ത്യ ട്വന്റി 20 കിരീടം നേടിയെങ്കിലും ബാറ്റിങ്ങിൽ കുറച്ചുകാലമായി അദ്ദേഹം ഫോമിലല്ലായിരുന്നു. 2028-ൽ വീണ്ടും ട്വന്റി 20 ലോകകപ്പുണ്ട്. അതുകൂടി മുന്നിൽക്കണ്ടാണ് ശ്രേയസ് അയ്യരെ ടീമിന്റെ നായകനാക്കിയത്.
Content Highlights: Suryakumar Yadav opened up about losing his place in the Indian T20 team and captaincy