സൗഹൃദത്തിന്റെ പേരിൽ സംസാരിച്ചുകൂടെ? സൂര്യയുമായി പ്രണയമില്ല; പ്രസ്താവന വളച്ചൊടിച്ചെന്ന് നടി

#സ്പോർട്സ് ഡെസ്ക്
സൂര്യകുമാർ യാദവ് | AFP, ഖുഷി മുഖർജി | X.com/@MentionClips
സൂര്യകുമാർ യാദവ് | AFP, ഖുഷി മുഖർജി | X.com/@MentionClips

മുംബൈ: ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് തനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ വ്യക്തത വരുത്തി നടി ഖുഷി മുഖർജി. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും നേരത്തേ സൗഹൃദത്തിന്റെ പേരിലാണ് തങ്ങൾ സംസാരിച്ചതെന്നും അവർ വ്യക്തമാക്കി. എൻഡിടിവിയോടാണ് നടി പ്രതികരിച്ചത്. അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെയാണ് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന് നടി തുറന്നുപറഞ്ഞത്. എന്നാൽ ഇപ്പോൾ താരവുമായി ബന്ധം പുലർത്തുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, സൂര്യകുമാർ യാദവുമായി തനിക്ക് പ്രണയബന്ധമില്ലെന്നും ഖുഷി വ്യക്തമാക്കി. തന്റെ പ്രസ്താവനകൾ തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയുമാണ് ചെയ്തത്. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.

സൂര്യകുമാർ യാദവുമായി സൗഹൃദത്തിന്റെ പേരിൽ സംസാരിച്ചുകൂടെ എന്നും നടി ചോദിച്ചു. എന്നാൽ ഇപ്പോൾ ബന്ധമില്ല. ഈ വിവാദം പുറത്തുവന്നതിന് ശേഷവും താൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം വരാനിരിക്കുന്ന ലോകകപ്പിന് ടീം ഇന്ത്യയ്ക്കും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും അവർ ആശംസകൾ നേർന്നു.

ഏതെങ്കിലും ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാൻ താത്പര്യമുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കവേയാണ് നടി സൂര്യകുമാറുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. "ഒരു ക്രിക്കറ്റ് താരത്തേയും ഡേറ്റ് ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ എനിക്ക് പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് എനിക്ക് ഒരുപാട് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ അധികം സംസാരിക്കാറില്ല. ഞാൻ അത് ആഗ്രഹിക്കുന്നുമില്ല."- ഖുഷി പറഞ്ഞു. അതേസമയം വിഷയത്തിൽ സൂര്യകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ അവധി ആഘോഷിക്കുകയാണ് സൂര്യകുമാറും കുടുംബവും. ഭാര്യ ദേവിഷ ഷെട്ടിയുമൊത്ത് അടുത്തിടെ സൂര്യ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇനി ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് താരം ഇന്ത്യൻ കുപ്പായത്തിൽ കളിക്കുക. പിന്നാലെ ടി20 ലോകകപ്പും സൂര്യകുമാറിന്റെ നായകത്വത്തിലാണ് ഇന്ത്യ കളിക്കുക.

അതേസമയം നിലവിൽ മോശം ഫോമിലാണ് സൂര്യ. നായകനായി ടീമിനെ ജയത്തിലെത്തിക്കുന്നുണ്ടെങ്കിലും ബാറ്ററെന്ന നിലയിൽ താരം തുടർച്ചയായി നിരാശപ്പെടുത്തുകയാണ്. ഇന്ത്യക്കായി ടി20 യിൽ ഈ കലണ്ടർ വർഷം ഒരു അർധസെഞ്ചുറി പോലും സൂര്യകുമാർ യാദവിന്റെ പേരിലില്ല. പാകിസ്താനെതിരേ ഏഷ്യാകപ്പിൽ പുറത്താകാതെനേടിയ 47 റൺസാണ് ഉയർന്ന സ്‌കോർ. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും മോശം പ്രകടനമായിരുന്നു ഇന്ത്യൻ നായകന്റേത്. 12,5,12,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം. സൂര്യകുമാറിന്റെ മോശം ഫോം വലിയവിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്തുചെയ്യണമെന്ന് അറിയാമെന്നും താൻ അത് ചെയ്യുമെന്നുമാണ് ഫോം സംബന്ധിച്ച് സൂര്യ ടീം പ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്.

Content Highlights: Khushi Mukherjee has finally clarified her recent remarks concerning Indian T20I captain Suryakumar Yadav