'പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു'-സൂര്യകുമാർ യാദവ്

ന്യൂഡൽഹി: ബാറ്റിങ്ങിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായി രണ്ട് അർധ സെഞ്ചുറികൾ നേടിയിരുന്നു. മുംബൈയ്ക്കായി കളത്തിലിറങ്ങിയ സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആരാധകർ കണ്ടത്. ഇതിന് പിന്നാലെ തന്റെ കരിയറിൽ ഭാഗ്യം കൊണ്ടുവന്നതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന് പറയുകയാണ് സൂര്യകുമാർ.
നവംബർ ആറിന് സൂര്യകുമാർ ഭാര്യക്കും കുഞ്ഞിനുമൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
'ആ കൂടിക്കാഴ്ച എനിക്ക് വലിയ ഭാഗ്യം കൊണ്ടുവന്നെന്ന് തോന്നുന്നു. ഞാൻ വീണ്ടും ഫോമിലേക്കെത്തി. പ്രധാനമന്ത്രിക്കൊപ്പം അഞ്ചോ പത്തോ മിനിറ്റ് ലഭിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അദ്ദേഹം ഞങ്ങളോടൊപ്പം 45 മിനിറ്റോളം ചെലവഴിച്ചു. അത് വളരെ മനോഹരമായ നിമിഷമായിരുന്നു. അദ്ദേഹം എങ്ങനെയാണ് സമ്മർദങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. അതിനെല്ലാം മറുപടി നൽകി.'-സൂര്യകുമാർ വ്യക്തമാക്കി.
ഹൈദരാബാദിനെതിരായ മത്സരത്തിൽ 21 പന്തുകളിൽ നിന്ന് 60 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. ഗുജറാത്തിനെതിരെ 29 പന്തിൽ 82 റൺസും നേടി. ഗോവയ്ക്കെതിരെ 12 പന്തിൽ 25 റൺസാണ് നേടിയത്. മാർച്ചിൽ നടന്ന ന്യൂസീലൻഡിനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലിലാണ് സൂര്യകുമാർ അവസാനമായി കളിച്ചത്. അന്ന് സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ വിജയിച്ച ഇന്ത്യ കിരീടം നേടുകയും ചെയ്തു. എന്നാൽ ബാറ്റിങ്ങിലെ മോശം പ്രകടനം കാരണം സൂര്യകുമാർ ടീമിന് പുറത്താകുകയായിരുന്നു.
Content Highlights: Suryakumar Yadav scored back-to-back half-centuries in the Syed Mushtaq Ali Trophy., He attributed his return to form to a meeting with Prime Minister Narendra Modi on November 6., PM Modi spent 45 minutes with Suryakumar and his family, discussing how to handle pressure., Suryakumar was previously out of the team due to poor batting form following India's T20 World Cup win.